Pages

Sunday, June 17, 2012

സി.പി.എമ്മിലെ സ്ഥിതി വേദനാകരം -പ്രഭാത് പട്‌നായക്


സി.പി.എമ്മിലെ സ്ഥിതി വേദനാകരം
      -പ്രഭാത് പട്‌നായക്
കേരളത്തിലെ സി.പി.എമ്മില്‍ കഴിഞ്ഞ കുറേനാളുകളായി നടക്കുന്ന സംഭവങ്ങള്‍ തനിക്ക് വേദനയും ആശങ്കയും ഉണ്ടാക്കുന്നുവെന്ന് പ്രമുഖ ധനശാസ്ത്രജ്ഞനും സി.പി.എം. പാര്‍ട്ടി അംഗവും ആസൂത്രണബോര്‍ഡിന്റെ മുന്‍ ഉപാധ്യക്ഷനുമായ ഡോ. പ്രഭാത് പട്‌നായക് പറഞ്ഞു. ''നമ്മുടെ രാജ്യത്തെ കമ്മ്യൂണിസം രണ്ടുതരം ഭീഷണികളാണ് നേരിടുന്നത്. പാര്‍ട്ടിയില്‍ ബൂര്‍ഷ്വാ ലിബറലിസം മേല്‍ക്കോയ്മ നേടുന്നതാണ് ഒരു ഭീഷണി. ഫ്യൂഡല്‍-സ്റ്റാലിനിസത്തിന് പാര്‍ട്ടി കീഴ്‌പ്പെടുന്നതാണ് മറ്റൊരു പ്രശ്‌നം. ഈ രണ്ട് തെറ്റായ പ്രവണതകളിലും പൊതുവായിവരുന്ന കാര്യം സോഷ്യലിസമെന്ന ആശയത്തോടുള്ള പ്രതിജ്ഞാബദ്ധതയില്ലായ്മ, നവ ലിബറല്‍ വികസന അജന്‍ഡകളോടുള്ള ആഭിമുഖ്യം, ജനങ്ങളെ ശാക്തീകരിക്കുമെന്ന ലക്ഷ്യത്തോടുള്ള നിഷേധം എന്നിവയാണ്. ബൂര്‍ഷ്വാ ലിബറലിസത്തിനും ഫ്യൂഡല്‍-സ്റ്റാലിനിസത്തിനും കീഴടങ്ങുന്നത് ജനവിരുദ്ധവും വിനാശകരവുമാണ്''-കേരളത്തിലെ ഇടതുപക്ഷ സഹയാത്രികര്‍ക്കയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ഡോ. പട്‌നായക് പറഞ്ഞു.

സോഷ്യലിസത്തെ അജന്‍ഡയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നുണ്ടെങ്കില്‍ സ്റ്റാലിനിസ്റ്റ് പ്രവണതകളില്‍ നിന്നും മുക്തമായ ഒരു ബദല്‍ മാര്‍ക്‌സിസം പ്രവൃത്തിപഥത്തിലെത്തിക്കണം. അടുത്തുനടക്കുന്ന ചിന്ത രവി സ്മാരക സെമിനാര്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയായി മാറുമെന്ന് താന്‍ പ്രത്യാശിക്കുന്നതായും പ്രഭാത് പട്‌നായക് സന്ദേശത്തില്‍ പറയുന്നുണ്ട്.
''കഴിഞ്ഞ 37 വര്‍ഷമായി ഞാന്‍ പാര്‍ട്ടിയിലുണ്ട്. അടിയന്തരാവസ്ഥയുടെ തുടക്കകാലത്താണ് ഞാന്‍ പാര്‍ട്ടിയിലെത്തിയത്. എന്റെ അച്ഛന്‍ ആദ്യകാല കമ്മ്യൂണിസ്റ്റുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു. 1936-ല്‍ ഒറീസയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചവരിലൊരാള്‍ എന്റെ അച്ഛനാണ്. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വേണ്ടി കമ്മ്യൂണിസ്റ്റുകള്‍ അനുഷ്ഠിക്കുന്ന മഹാത്യാഗങ്ങളും അവരുടെ അര്‍പ്പണമനോഭാവവും ഞാന്‍ അടുത്തുനിന്ന് കണ്ടിട്ടുണ്ട്. ഇതെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരണമെന്ന ആഗ്രഹം എന്നില്‍ ജനിപ്പിച്ചു. 1975-ല്‍ താന്‍ പാര്‍ട്ടി അംഗമായിയെന്നും ഡോ.പട്‌നായക് സന്ദേശത്തില്‍ വിശദീകരിക്കുന്നു.

                                                 പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: