വ്യവസായമേഖലയുടെ
വളര്‍ച്ചനിരാശാജനകം
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGP2R4nH4q4ylxMNawTxt_q3GdCSAo3b36NYWCl-A4ykKqrz39NGMpn-sTIuCJqNKVFqkFwf1VNQ479ab_nj0L-MbHzn2h8Q2qJk59IT0Sw_l15d2BADPE3oGYFvGu-MU2xCZREBW0mZg/s400/industry.jpg)
വ്യവസായമേഖല പ്രതീക്ഷയ്ക്കനുസരിച്ച് മെച്ചപ്പെടണമെങ്കില്‍ അതിനുതകുന്ന നയങ്ങളും നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. വളര്‍ച്ച കൂട്ടാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞിട്ടുണ്ട്. ഉത്പന്നത്തിന് ആവശ്യക്കാര്‍ കുറയുമ്പോള്‍ ആണ് പൊതുവെ വ്യാവസായികോത്പാദനവും കുറയുന്നത്. ഉത്പാദനം കുറയ്ക്കാനോ നിര്‍ത്താനോ വ്യവസായശാലകള്‍ നിര്‍ബദ്ധമാകുന്ന സാഹചര്യമുണ്ടാകുന്നതും വളര്‍ച്ചയെ ബാധിക്കാം. ഉയര്‍ന്ന പണപ്പെരുപ്പവും പലിശനിരക്കുകളും രാജ്യത്തെ വ്യവസായമേഖലയ്ക്ക് ദോഷം ചെയ്യുന്നുണ്ട്. രണ്ടും നിയന്ത്രിക്കാന്‍ മുന്‍കൈയെടുക്കേണ്ടത്
സര്‍ക്കാര്‍ തന്നെയാണ്. യൂറോപ്യന്‍രാജ്യങ്ങളിലെ സാമ്പത്തികപ്രതിസന്ധി ഇന്ത്യന്‍ വ്യവസായമേഖലയെ ബാധിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ആഗോളസാമ്പത്തികമാന്ദ്യം രൂക്ഷമായിരുന്ന കാലത്ത് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിദേശങ്ങളില്‍ നിന്നുള്ള ആവശ്യം ഗണ്യമായി കുറയുകയുണ്ടായി. ആ നിലയ്ക്ക്, യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിസന്ധി നിലനില്‍ക്കുന്നത് ഇന്ത്യന്‍ വ്യവസായ മേഖലയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകം തന്നെയാണ്. ഇത്തരം സ്ഥിതിവിശേഷത്തിന് പരിഹാരം കാണാന്‍ ഇന്ത്യയോ മറ്റേതെങ്കിലും രാജ്യമോ മാത്രം വിചാരിച്ചാല്‍ കഴിയില്ല. എന്നാല്‍, നയങ്ങളിലും നടപടികളിലും മാറ്റംവരുത്തി ഇവിടത്തെ സാമ്പത്തിക, വ്യവസായമേഖലകളിലെ പ്രശ്‌നങ്ങള്‍ വലിയൊരുപരിധിവരെ പരിഹരിക്കാന്‍ നമുക്ക് കഴിയും. വ്യാവസായിക വളര്‍ച്ച കുറഞ്ഞ നിലയ്ക്ക് റിസര്‍വ് ബാങ്ക് നിരക്കുകള്‍ കുറയ്ക്കുമെന്നാണ് കരുതുന്നത്. ഇതിനുപുറമെ സര്‍ക്കാറിന്റെ സഹായവും വ്യവസായമേഖലയുടെ സഹകരണവും കൂടിയുണ്ടായാലേ സ്ഥിതി കൂടുതല്‍ മെച്ചപ്പെടൂ.
വ്യവസായമേഖലയുടെ സ്ഥിതി മൊത്തത്തില്‍ വിലയിരുത്തി അനിവാര്യമെങ്കില്‍ സഹായപദ്ധതികള്‍ ആവിഷ്‌കരിക്കാനും സര്‍ക്കാര്‍ മടിക്കരുത്. പ്രശ്‌നപരിഹാരത്തിന് സ്വന്തം നിലയ്ക്ക് ചെയ്യാവുന്നതെല്ലാം ചെയ്യാന്‍ വ്യവസായികളും തയ്യാറാകണം. സാമ്പത്തിക അച്ചടക്കം കര്‍ശനമായി പാലിക്കല്‍, ചെലവു ചുരുക്കല്‍ തുടങ്ങിയ പലകാര്യങ്ങളും അവര്‍ക്ക് പരിഗണിക്കാവുന്നതാണ്. വന്‍കിടസ്ഥാപനങ്ങള്‍ക്കൊപ്പം ചെറുകിടക്കാരും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാലേ വ്യവസായമേഖലയ്ക്ക് മൊത്തത്തില്‍ ഉണര്‍വുണ്ടാകൂ. ഒരു വ്യവസായശാല നിന്നുപോയാല്‍ രാജ്യത്തെ മൊത്തം ഉത്പാദനത്തില്‍ കുറവുവരികമാത്രമല്ല ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ നഷ്ടമാകുകയും ചെയ്യും. ജനങ്ങളുടെ ക്രയശേഷി കുറയാനും അതിടയാക്കും. ഇവയെല്ലാം വ്യാവസായിക മാന്ദ്യത്തിന് ആക്കം കൂട്ടും. ഇത് തടയണമെങ്കില്‍ വ്യവസായശാലകള്‍ സാധ്യതകളും സാഹചര്യങ്ങളിലും മനസ്സിലാക്കി പ്രവര്‍ത്തനം ലാഭകരമാക്കാനുള്ള നടപടികള്‍ യഥാസമയം സ്വീകരിക്കണം ആഗോള സാമ്പത്തികമാന്ദ്യത്തിനിടയിലും പിടിച്ചുനില്‍ക്കാന്‍ ഇന്ത്യയെ സഹായിച്ചത് ഇവിടത്തെ പൊതുമേഖലാസ്ഥാപനങ്ങളാണ്. ഓഹരികള്‍ വില്‍ക്കുന്നതിനുപകരം അവയെ കൂടുതല്‍ ശക്തമാക്കുകയും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതോടൊപ്പം അര്‍ഹമായ പരിഗണനയും സഹായവും സ്വകാര്യമേഖലയ്ക്കും നല്‍കണം.
പ്രൊഫ്.
ജോണ്‍ കുരാക്കാര്‍
No comments:
Post a Comment