Pages

Thursday, June 28, 2012

KERALA POLICE


കേരളത്തിന്‍റെ പോലീസ് സേനയെ  സുസജ്ജമാക്കണം

ദ്യോഗികകൃത്യങ്ങളിലേര്‍പ്പെടുന്ന പോലീസ്‌സേനയെ മാത്രമല്ല, കേരളീയരെയാകെ അസ്വസ്ഥരാക്കുന്ന സംഭവമാണ് ചൊവ്വാഴ്ച കൊല്ലം ജില്ലയില്‍ ഉണ്ടായത്. പാരിപ്പള്ളി-മടത്തറ റോഡില്‍ കുളമടയ്ക്കു സമീപം നടന്ന അക്രമത്തില്‍ പോലീസ് ജീപ്പ് ഡ്രൈവര്‍ മണിയന്‍ പിള്ള മരിക്കുകയും പാരിപ്പള്ളി സ്റ്റേഷനിലെ അഡീഷണല്‍ എസ്. ഐ. കെ. ജോയിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുളമടയില്‍ സംശയകരമായി കണ്ട വാന്‍ പരിശോധിച്ചതിനെത്തുടര്‍ന്നാണ് അതിലുണ്ടായിരുന്നവര്‍ ഇവരെ ആക്രമിച്ചത്. അന്തസ്സംസ്ഥാന ബന്ധമുള്ള മോഷണസംഘമാണ് സംഭവത്തിനു പിന്നിലെന്ന് സൂചന ലഭിച്ചതിനാല്‍ തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. എന്തും ചെയ്യാന്‍ മടിക്കാത്ത അക്രമികള്‍ കേരളത്തില്‍ പലേടത്തും കവര്‍ച്ചയ്ക്കും മറ്റും തക്കംപാര്‍ത്ത് കറങ്ങി നടക്കുന്നുണ്ടെന്നാണ് ഈ സംഭവം ഓര്‍മിപ്പിക്കുന്നത്. ഇതൊരു മുന്നറിയിപ്പായിക്കണ്ട് പോലീസും മറ്റ് അധികൃതരും ജനങ്ങളും ജാഗ്രത പാലിക്കണം. കുറ്റവാളികളെ നേരിടാന്‍ വേണ്ട സംവിധാനങ്ങളെല്ലാം ബന്ധപ്പെട്ടവര്‍ ഏര്‍പ്പെടുത്തുകയും വേണം. 
 
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കവര്‍ച്ചയ്ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമായി പലരും കേരളത്തിലെത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതു ശരിയാണെന്നു തെളിയിക്കുന്ന സംഭവങ്ങളും പലപ്പോഴും ഉണ്ടായി. ഇങ്ങനെ എത്തുന്നവരില്‍ ചെറുകിട മോഷ്ടാക്കള്‍ മുതല്‍ വന്‍കവര്‍ച്ചക്കാര്‍ വരെയുണ്ട്. കുറ്റകൃത്യങ്ങള്‍ നടത്തി ഇവര്‍ ഉടന്‍ കേരളം വിടുന്നതിനാല്‍ കേസന്വേഷണം പലപ്പോഴും ശ്രമകരമാകുന്നു. വന്‍സംഘങ്ങള്‍ മാരകായുധങ്ങളുമായി വാഹനങ്ങളില്‍ കറങ്ങിയാണ് കവര്‍ച്ചയും മറ്റും നടത്തുന്നത്. ഇത്തരക്കാര്‍ക്കു മുന്നില്‍ ജനങ്ങള്‍ നിസ്സഹായരാവുന്നു. അടുത്തകാലത്തായി നിയമപാലകരെയും അവര്‍ നേരിടാന്‍ തുടങ്ങി. കുളമടയില്‍ കണ്ട വാനില്‍ നിന്ന് മാരകായുധങ്ങള്‍ക്കു പുറമെ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ആര്‍. സി. ബുക്കും കിട്ടിയിട്ടുണ്ട്. കൊല്ലം രജിസ്‌ട്രേഷനിലുള്ള ഒരു ബൈക്കിന്റെ വ്യാജനമ്പറാണ് വാനിലുണ്ടായിരുന്നതത്രെ. വാഹനങ്ങളുടെ കാര്യത്തിലും തട്ടിപ്പുകള്‍ നടത്തുന്നുണ്ടെന്നാണ് ഇതുനല്‍കുന്ന സൂചന. അന്വേഷണം വഴിതെറ്റിക്കലും ഇതിന്റെ ലക്ഷ്യമാവാം. വാഹനപരിശോധനയ്ക്കിടെ പോലീസുദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ അടുത്തകാലത്ത് പലേടത്തുമുണ്ടായി. അക്രമികള്‍ മാരകായുധങ്ങളും അത്യാധുനിക വാഹനങ്ങളും മറ്റും ഉപയോഗിക്കുന്ന സാഹചര്യത്തില്‍, അതിന
നുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ പരിശോധനയ്ക്കിറങ്ങുന്നവര്‍ക്കും അനിവാര്യമാണ്. ഇത്തരം കാര്യങ്ങളില്‍ പോരായ്മകളുണ്ടെങ്കില്‍ അത് എത്രയുംവേഗം പരിഹരിക്കണം. 

ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ജോലി ചെയ്യുന്നുണ്ട്. തൊഴിലാളികളെന്ന പേരില്‍ എത്തിയിട്ടുള്ള കുറ്റവാളികളും തീവ്രവാദികളും മറ്റും ഇവര്‍ക്കിടയില്‍ ഉണ്ടാകാം. അതിനാല്‍ പോലീസ്പട്രോളിങ് ഗ്രാമ, നഗരഭേദമില്ലാതെ ഊര്‍ജിതമാക്കണം. തങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ അംഗബലവും ആയുധബലവും പട്രോളിങ്‌സംഘത്തിനുണ്ടായേ മതിയാകൂ. ഇതിനായി പോലീസ്‌സേനയുടെ അംഗബലം കൂട്ടേണ്ടതുണ്ടെങ്കില്‍ അതിനും ഉടന്‍ നടപടിയെടുക്കണം. കുറ്റവാളികളെ പിടികൂടി ശിക്ഷിക്കേണ്ടത് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനെന്നപോലെ പോലീസ്‌സേനയുടെ ആത്മബലം നിലനിര്‍ത്തുന്നതിനും ആവശ്യമാണ്. കുത്തേറ്റു മരിച്ച പോലീസുകാരന്റെ കുടുംബത്തിന്റെ സംരക്ഷണത്തിനുവേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചിട്ടുണ്ട്. പരിക്കേറ്റ് ആസ്പത്രിയില്‍ കഴിയുന്ന എ.എസ്.ഐക്ക് വിദഗ്ധചികിത്സ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മരിച്ച പോലീസുകാരന്റെ കുടുംബം സര്‍ക്കാറിന്റെ മാത്രമല്ല, സമൂഹത്തിന്റെയും സവിശേഷപരിഗണനയും ആദരവും അര്‍ഹിക്കുന്നു. ഈ സംഭവത്തിനു പിന്നിലുള്ളവരെ മുഴുവന്‍ എത്രയും വേഗം നിയമത്തിനുമുന്നില്‍കൊണ്ടുവരാന്‍ കഴിയണം. ഓരോ പോലീസ് സ്റ്റേഷനും അതതിടത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള സംവിധാനങ്ങള്‍ ഒരുക്കിയാലേ കവര്‍ച്ചയും മറ്റ് കുഴപ്പങ്ങളും തടയാനാകൂ. റെസിഡന്റ്‌സ് അസോസിയേഷനുകളുടെയും മറ്റും സഹകരണത്തോടെ ഇക്കാര്യത്തില്‍ കൂടുതല്‍ ജനകീയപങ്കാളിത്തം ഉറപ്പാക്കാനായാല്‍ കാര്യങ്ങള്‍ കുറെക്കൂടി എളുപ്പമാകും.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: