Pages

Friday, June 1, 2012

INDIA'S POSITION IN OLYMPICS


ഒളിമ്പിക്‌സില്‍
ഇന്ത്യയുടെ സ്ഥാനം  ദയനീയം .

                          പി.ടി. ബേബി
·         വടക്കന്‍ യൂറോപ്പിലെ ബാള്‍ട്ടിക് മേഖലയിലെ ഒരു ചെറുരാജ്യമാണ് ലാത്വിയ. ആകെ ജനസംഖ്യ 22 ലക്ഷം. ജനസംഖ്യാടിസ്ഥാനത്തില്‍ ലോകത്തിലെ 142-ാം രാജ്യക്കാരാണവര്‍. ഇന്ത്യയിലെ ജനസംഖ്യ 121 കോടി, ലോകത്ത് രണ്ടാം സ്ഥാനം. സമ്പത്തിലും മനുഷ്യവിഭവശേഷിയിലും പാരമ്പര്യത്തിലും ലാത്വിയ ഇന്ത്യക്ക് മുന്നില്‍ എവിടേയുമില്ല. പക്ഷെ, കഴിഞ്ഞ ബെയ്ജിങ് ഒളിമ്പിക് ഗെയിംസില്‍ ഇന്ത്യക്കും ലാത്വിയക്കും ലഭിച്ചത് ഓരോ സ്വര്‍ണമുള്‍പ്പെടെ മൂന്ന് മെഡലുകള്‍ വീതമാണ്. ലഭിച്ചതിലൊന്ന് വെള്ളിയായതിനാല്‍ ലാത്വിയ ഇന്ത്യക്ക് മുന്നിലെത്തുകയും ചെയ്തു.
പഞ്ഞക്കെട്ടും പാരാധീനവും പറയുക എന്ന് നാട്ടുമ്പുറത്തൊരു ചൊല്ലുണ്ട്. ഒളിമ്പിക്‌സിന്റെ കാര്യത്തില്‍ ഇന്ത്യ ഇങ്ങനെ വിലപിക്കുന്നൊരു രാജ്യമാണ്. ലോകത്തെ വലിയ രാജ്യങ്ങളില്‍ ഒളിമ്പിക്‌സില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്നത് ഇന്ത്യയാണ്. ഇക്കാര്യത്തില്‍ പിന്നില്‍ നിന്നാണ് ഇന്ത്യയെ എണ്ണിത്തുടങ്ങുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? കോമണ്‍വെല്‍ത്ത് ഗെയിംസിന് ശേഷം തിഹാര്‍ജയിലില്‍ കിടക്കുന്ന നമ്മുടെ സഹോദരന്‍മാര്‍ അതിന് ചില ഉത്തരങ്ങളൊക്കെ തരും. കളി വളര്‍ത്താനിറങ്ങിയവര്‍ പോക്കറ്റ് വീര്‍പ്പിച്ചപ്പോള്‍ കായികരംഗം തളര്‍ന്നു. അക്കഥകള്‍ എന്തായാലും ഇപ്പോള്‍ നമ്മുടെ വിഷയമല്ല.
ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഇന്ത്യ ബെയ്ജിങ്ങില്‍ സ്വന്തമാക്കിത്- മൂന്ന് വ്യത്യസ്ത ഇനങ്ങളിലായ് മൂന്ന് മെഡലുകള്‍. ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണമായിരുന്നു ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്രയുടേത്. ഗുസ്തിയില്‍ സുശീല്‍കുമാറും ബോക്‌സിങ്ങില്‍ വിജേന്ദര്‍കുമാറും നേടിയ വെങ്കലങ്ങള്‍ ഇന്ത്യയുടെ മെഡല്‍നേട്ടം മൂന്നാക്കി. 1980ന് ശേഷം ആദ്യമായാണ് ഇന്ത്യ ഒളിമ്പിക് സ്വര്‍ണമണിയുന്നത്.
ഹോക്കിയുടെ സുവര്‍ണകാലത്താണ് ഇന്ത്യ ഒളിമ്പിക്‌സില്‍ അല്പമെങ്കിലും തലയുയര്‍ത്തിനിന്നത്. 1928 മുതല്‍ 89 വരെയുള്ള കാലഘട്ടത്തില്‍ 12 ഒളിമ്പിക്‌സുകളില്‍ നിന്ന് ഇന്ത്യ ഹോക്കിയില്‍ നേടിയത് 11 മെഡലുകളാണ്. ഇതില്‍ തുടര്‍ച്ചയായ ആറ് സ്വര്‍ണങ്ങളും ഉള്‍പ്പെടുന്നു. ഒളിമ്പിക്‌സില്‍ ആകെ 20 മെഡലുകളാണ് ഇന്ത്യയുടെ പേരിലുള്ളത്.
അത്‌ലറ്റിക്‌സില്‍ ഇന്ത്യ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയിട്ടുണ്ടോ? ഉണ്ടെന്നും ഇല്ലെന്നും പറയാം. 1900 ലെ പാരീസ് ഒളിമ്പിക്‌സില്‍ നോര്‍മന്‍ പ്രിച്ചാര്‍ഡ് എന്ന ബ്രിട്ടീഷ് വംശജന്‍ 200 മീറ്ററിലും 200 മീറ്റര്‍ ഹര്‍ഡില്‍സിലും വെള്ളി നേടി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഈ മെഡലുകള്‍ ഇന്ത്യയുടെ പേരിലാണ് പെടുത്തിയിട്ടുള്ളത്. അതേസമയം ഇന്റര്‍നാഷണല്‍ കമ്മിറ്റിയുടെ രേഖകള്‍ പ്രകാരം മെഡലുകള്‍ ബ്രിട്ടന്റെ പേരിലാണ്. 111 കൊല്ലമായി ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് അത്‌ലറ്റിക് മെഡലുകളൊന്നും ഇല്ല എന്ന ദുഖസത്യം ബാക്കി.
ബ്രിട്ടീഷ് ദമ്പതിമാരുടെ മകനായി കൊല്‍ക്കത്തയിലാണ് പ്രിച്ചാര്‍ഡ് ജനിക്കുന്നത്. ബംഗാള്‍ പ്രവിശ്യാ അത്‌ലറ്റിക്‌സില്‍ പ്രിച്ചാര്‍ഡ് തുടര്‍ച്ചയായ് ഏഴ് വര്‍ഷം 100 യാര്‍ഡ് ഓട്ടത്തില്‍ ചാമ്പ്യനായിരുന്നു. കൊല്‍ക്കത്ത സെന്റ് സേവ്യേഴ്‌സില്‍ പഠിച്ചിരുന്നപ്പോള്‍ ഇന്ത്യയിലെ ഒരു ഓപ്പണ്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കുറിക്കപ്പെട്ട ആദ്യഹാട്രിക്കിനുടമയാകാനും പ്രിച്ചാര്‍ഡിന് കഴിഞ്ഞു. 1905 ല്‍ ഇംഗ്ലണ്ടിലേക്ക് പോകും മുമ്പ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സെക്രട്ടറിയുമായിരുന്നു അദ്ദേഹം.
1900
ല്‍ ബ്രിട്ടീഷ് എഎഎ ചാമ്പ്യന്‍ഷിപ്പില്‍ അദ്ദേഹം ബ്രിട്ടനെയാണ് പ്രതിനിധീകരിച്ചത്. അതാവാം പ്രിച്ചാര്‍ഡ് ഒളിമ്പിക്‌സില്‍ ബ്രിട്ടന് വേണ്ടിയാണ് ഇറങ്ങിയത് എന്ന വാദത്തിനടിസ്ഥാനം. എന്തായാലും ഇന്ത്യ പ്രിച്ചാര്‍ഡിന്റെ പേരിലുള്ള അവകാശവാദം ഉപേക്ഷിക്കേണ്ടതില്ല. അങ്ങനെ ചെയ്താല്‍ ഇന്ത്യ തീരെ ദരിദ്രമായിപ്പോകും.
കെ.ഡി.യാദവാണ് പൂര്‍ണാര്‍ഥത്തില്‍ ഒളിമ്പിക് വ്യക്തിഗതഒളിമ്പിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍താരം. 1996ല്‍ ലിയാന്‍ഡര്‍ പേസ് ഒരു വെങ്കലം നേടുന്നതുവരെയുള്ള അരനൂറ്റാണ്ട് കാലം യാദവിന്റെ വ്യക്തിഗതനേട്ടം ഭേദിക്കപ്പെടാനാവാതെ നിലകൊണ്ടു. 1952 ലെ ഹെല്‍സിങ്കി ഒളിമ്പിക്‌സിലാണ് പോക്കറ്റ് ഡൈനാമോ എന്നറിയിപ്പെട്ടിരുന്ന കെ.ഡി.യാദവ് ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം നേടിയത്. 48ലെ ലണ്ടന്‍ ഒളിമ്പിക്‌സിലും യാദവ് പങ്കെടുത്തിരുന്നു. എന്നാല്‍ ആറാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.
അറ്റ്‌ലാന്റയില്‍ ടെന്നീസ് സിംഗിള്‍സിലായിരുന്നു പേസിന്റെ വെങ്കലം. അതുമുതല്‍ എല്ലാ ഒളിമ്പിക്‌സിലും ഇന്ത്യ വ്യക്തിഗത മെഡലുകള്‍ നേടി. സിഡ്‌നിയില്‍ കര്‍ണം മല്ലേശ്വരി വെങ്കലവും (വെയ്റ്റ് ലിഫ്റ്റിങ്) ഏതന്‍സില്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് വെള്ളിയും(ഷൂട്ടിങ്) സ്വന്തമാക്കി. ഒടുവില്‍ ബെയ്ജിങ്ങിലെ ചരിത്രനേട്ടങ്ങള്‍. ആ നേട്ടം ആവര്‍ത്തിക്കുക എന്നതുതന്നെ ഇക്കുറി ഇന്ത്യക്ക് ഭഗീരഥ പ്രയത്‌നമാകും.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: