Pages

Friday, June 1, 2012

കുവൈത്ത് കുടിയേറ്റനിയമം പരിഷ്‌കരിക്കുന്നു


                   കുവൈത്ത് കുടിയേറ്റനിയമം
                            പരിഷ്‌കരിക്കുന്നു
                               പി.സി. ഹരീഷ്‌
നിലവിലെ കുടിയേറ്റ നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി വിദേശികളുടെ വിസ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ തീരുമാനിച്ചു.രാജ്യത്ത് അനധികൃത കുടിയേറ്റം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സന്ദര്‍ശകവിസ, ഗാര്‍ഹികവിസ, തൊഴില്‍വിസ എന്നിവ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കാന്‍ ബന്ധപ്പെട്ട വിഭാഗം തീരുമാനിച്ചത്.സന്ദര്‍ശക വിസയിലുള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കുന്ന സ്‌പോണ്‍സര്‍മാരുടെയും ആശ്രിതരുടെയും വിവരങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമേ വിസ അനുവദിക്കൂ.കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് നടത്തിയ മിന്നല്‍ പരിശോധനകളില്‍ പിടിയിലായ അനധികൃത കുടിയേറ്റക്കാരില്‍ വലിയൊരു വിഭാഗം സന്ദര്‍ശന വിസകളിലെത്തി കാലാവധി കഴിഞ്ഞവരായിരുന്നു. രാജ്യത്ത് പല കുറ്റകൃത്യസംഭവങ്ങളിലും ഇത്തരക്കാര്‍ക്ക് പങ്കുണ്ടെന്നും ആഭ്യന്തരമന്ത്രാലയം കണ്ടെത്തിയിരുന്നു. അനധികൃത കുടിയേറ്റക്കാരും പൗരത്വമില്ലാത്തവരുമാണ് അകാറയിലും ജാഹ്‌റയിലുമുണ്ടായ തീപ്പിടിത്തങ്ങള്‍ക്ക് പിന്നിലെന്നും കണ്ടെത്തിയതും അധികൃതരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

അതേസമയം, ജീവനക്കാര്‍ക്ക് നിലവിലുള്ള സ്ഥാപനത്തിന്റെ അനുവാദത്തോടെ മറ്റ് കമ്പനികളിലേക്ക് മാറുന്നതിനുള്ള അവസരം സാമൂഹിക-തൊഴില്‍ മന്ത്രാലയം അംഗീകരിച്ചു. കമ്പനി ജീവനക്കാര്‍ സാമൂഹിക- തൊഴില്‍ മന്ത്രാലയത്തിനു കീഴില്‍ 73 വിഭാഗത്തില്‍പ്പെടുന്നവര്‍ക്കാണ് വിസ അനുവദിച്ചിട്ടുള്ളത്.
എന്നാല്‍ 72 വിഭാഗത്തില്‍പ്പെടുന്നവരുടെ വിസമാറ്റം അനുവദിക്കില്ല. ഇക്കൂട്ടര്‍ക്ക് വേണമെങ്കില്‍ വിസ റദ്ദ് ചെയ്യുന്നതിന് അനുവദിക്കുമെന്നും വക്താവ് വെളിപ്പെടുത്തി.ജൂണ്‍ ഒന്നുമുതല്‍ ഗാര്‍ഹിക തൊഴിലാളി വിസകള്‍ക്ക് തൊഴില്‍വിസ അനുവദിക്കുന്നതാണെന്ന് തൊഴില്‍മന്ത്രാലയം സെക്രട്ടറി മുഹമ്മദ് അല്‍-കന്തരി അറിയിച്ചു. താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന ഗാര്‍ഹിക തൊഴില്‍ വിസയ്ക്ക് തൊഴില്‍വിസ മാറ്റം പുനരാരംഭിക്കും- അദ്ദേഹം വ്യക്തമാക്കി.അതേസമയം വിസ മാറ്റുന്നതിന് ചില മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുമെന്നും താമസരേഖയുള്ള തൊഴിലാളിക്ക് അതേ സ്‌പോണ്‍സറുടെ കീഴില്‍ ഗാര്‍ഹിക വിസയില്‍നിന്നും തൊഴില്‍ വിസയിലേക്ക് മാറ്റുന്നതിന് അനുവദിക്കുമെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.ഒളിച്ചോടുന്ന വീട്ടുവേലക്കാരികളെ സംരക്ഷിക്കുകയോ ജോലിക്ക് നിര്‍ത്തുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഒളിച്ചോടിയതാണെന്ന് അറിഞ്ഞുകൊണ്ട് അഭയവും ജോലിയും നല്‍കിയ വിദേശികുടുംബത്തെ കോടതി മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത് തൊഴില്‍ മന്ത്രാലയ സെക്രട്ടറി ചൂണ്ടിക്കാട്ടി.

വേലക്കാരി ഒളിച്ചോടിയതിനെത്തുടര്‍ന്ന് സ്‌പോണ്‍സര്‍ പോലീസ്‌സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വേലക്കാരിയെ പിടികൂടിയത്. വേലക്കാരികള്‍ ഒളിച്ചോടിയാല്‍ ഉടന്‍ അടുത്തുള്ള പോലീസ്‌സ്റ്റേഷനില്‍ സ്‌പോണ്‍സര്‍ അറിയിക്കേണ്ടതുണ്ട്. ഇവരെ സംരക്ഷിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. ഒളിച്ചോടാന്‍ വേലക്കാരികളെ പ്രേരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെയാണ് മലയാളികള്‍ ഉള്‍പ്പെടുന്ന റാക്കറ്റ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്.വിദേശികള്‍ രാജ്യം വിടുമ്പോള്‍ ഗതാഗതവകുപ്പില്‍നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. നിലവില്‍ സര്‍ക്കാര്‍ ജോലിയുള്ളവരാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി വരുന്നത്. ജലം, വൈദ്യുതി, ടെലിഫോണ്‍ വകുപ്പുകള്‍ കൂടാതെ ഗതാഗതവകുപ്പിന്റെയും എന്‍.ഒ.സി.-ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വിദേശികള്‍ രാജ്യം വിടുമ്പോള്‍ ഹാജരാക്കേണ്ടതാണ്.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: