Pages

Friday, June 1, 2012

IN MEMORY OF DIRECTOR- JOHN ABRAHAM


ഓര്‍മകളില്‍ വീണ്ടും ചലച്ചിത്രകാരന്‍
 ജോണ്‍ എബ്രഹാം ....
കലയ്ക്കും കാലത്തിനും തീകൊളുത്തി കടന്നുപോയ ചലച്ചിത്രകാരന്‍ ജോണ്‍ എബ്രഹാമിനെ മറക്കാന്‍  ആര്‍ക്കു കഴിയും . കപടമുഖങ്ങളോട് കലഹിക്കാനായി ജീവിതം മാറ്റിവച്ച ജോണ്‍ യാത്രയായിട്ട് ബുധനാഴ്ച,മെയ്‌ 30 നു  25 വര്‍ഷം പൂര്‍ത്തിയാകുന്നു. കൊച്ചി  നഗരത്തെ എന്നും സ്‌നേഹിച്ച ജോണിനെ ഓര്‍ക്കാന്‍ കൊച്ചിയിലെ സുഹൃത്തുക്കള്‍ ഒത്തുചേരുകയാണ്. ഫോര്‍ട്ടുകൊച്ചിയിലെ 'ഏക' ആര്‍ട്ട് ഗാലറിയിലും എറണാകുളം 'കലാപീഠ' ത്തിലും ജോണിന്റെ ഓര്‍യ്ക്കായി ബുധനാഴ്ച വേദികള്‍ ഒരുങ്ങും. എണ്‍പതുകളില്‍ 'നായ്ക്കളി' എന്ന ജനകീയ നാടകവുമായാണ് ജോണ്‍ കൊച്ചിയിലെത്തിയത്.അലസമായ ജീവിതശൈലി പിന്തുടരുമ്പോഴും ശക്തമായൊരു സുഹൃദ്‌വലയം ജോണ്‍ കൊച്ചിയില്‍ സൃഷ്ടിച്ചു. ചാരായ ഷാപ്പ് തൊഴിലാളിയുടെ തോളില്‍ കൈയിട്ട് കൊച്ചിയുടെ തെരുവിലൂടെ നടക്കാന്‍ ജോണ്‍ മടിച്ചില്ല. ആ പ്രതിഭ തെരുവുകളില്‍ ഉറങ്ങി... സുഹൃത്തുക്കള്‍ ജോണിന് ഭക്ഷണം നല്‍കി. സുഹൃത്തുക്കളുടെ അമ്മമാരെ കാണാന്‍ അദ്ദേഹം ഇടയ്ക്കിടെ ഓടിയെത്തി.ഒടുവില്‍ വിഖ്യാത ചിത്രം 'അമ്മ അറിയാന്‍' തുടങ്ങിയതും കൊച്ചിയിലാണ്. ഇന്ത്യയിലെ ആദ്യത്തെ ജനകീയ സിനിമയായ 'അമ്മ അറിയാന്' വേണ്ടി പണം നല്‍കി സഹായിച്ചത് നഗരവാസികളാണ്. മൂലധനം കലയുടെ ആവിഷ്‌കാരത്തിന് തടസ്സമാകരുതെന്നായിരുന്നു ജോണിന്റെ വാദം. പണം ജനങ്ങളില്‍ നിന്ന് സ്വീകരിച്ചാല്‍, ആവിഷ്‌കാരത്തിന് പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കുമെന്ന വിശ്വാസത്തില്‍ ഉറച്ചുനിന്ന ജോണ്‍, ടിക്കറ്റില്ലാതെ ജനങ്ങളെ സിനിമ കാണിച്ചു. ഫോര്‍ട്ടുകൊച്ചിയിലാണ് 'അമ്മ അറിയാന്‍' തുടങ്ങിയത്. സിനിമയിലെ നടീനടന്മാര്‍ ഏറെയും കൊച്ചിക്കാരായിരുന്നു. 'ഒഡേസ്സ' എന്ന പേരില്‍ ജോണ്‍ രൂപം നല്‍കിയ സംഘടനയാണ് 'അമ്മ അറിയാന്‍' ഒരുക്കിയത്

ഒഡേസ്സയുടെ പ്രാദേശിക കമ്മറ്റികളുണ്ടാക്കി, തെരുവുകളില്‍ വെള്ളത്തുണി കെട്ടി സൗജന്യമായി 'അമ്മ അറിയാന്‍' പ്രദര്‍ശിപ്പിച്ചു.
കേരളത്തിലെ ഇടതുപക്ഷ കൂട്ടായ്മകള്‍ക്ക് 'അമ്മ അറിയാന്‍' അറിഞ്ഞോ, അറിയാതെയോ ശക്തിപകര്‍ന്നിരുന്നു...പ്രൊജക്ടറും സ്‌ക്രീനും കൊണ്ടുനടന്ന് കേരളത്തിലെമ്പാടും 'അമ്മ അറിയാന്‍' പ്രദര്‍ശിപ്പിച്ച ജോണിന്റെ കൂട്ടുകാരെല്ലാം തന്നെ ഇടതുപക്ഷ സഹയാത്രികരായിരുന്നു...ചലച്ചിത്രലോകത്ത് പുതുവഴികള്‍ വെട്ടിയൊരുക്കിയ ജോണ്‍ എബ്രഹാം, കൂട്ടുകാര്‍ക്ക് എന്നും ദീപ്തമായ ഓര്‍മയാണ്. മുടിവെട്ടാതെ, അലക്കിത്തേച്ച ഉടുപ്പില്ലാതെ, കൊച്ചിയുടെ തെരുവിലൂടെ അലഞ്ഞുനടന്ന ജോണിന് വേണ്ടി എന്തും ചെയ്യാന്‍ ചെറുപ്പക്കാരുടെ ഒരു നിര തന്നെ കൊച്ചിയിലുണ്ടായിരുന്നു. അവര്‍ക്കിപ്പോഴും ജോണിനെക്കുറിച്ച് പറയാനേറെ...ബുധനാഴ്ച(May-30) വൈകീട്ട് 5.30 ന് ഫോര്‍ട്ടുകൊച്ചി ഏക ആര്‍ട്ട് ഗാലറിയില്‍ 'നിങ്ങളുടെ വിശ്വസ്തന്‍ ജോണ്‍ എബ്രഹാം' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ശരത്ചന്ദ്രന്റെ സൃഷ്ടിയാണിത്. കലാപീഠത്തില്‍ ജോണിന്റെ സിനിമകളുടെ പ്രദര്‍ശനവുമുണ്ടാകും.
പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: