Pages

Monday, June 4, 2012

GREEN ECONOMY (ഹരിത സമ്പദ്‌വ്യവസ്ഥ)


ലോക പരിസ്ഥിതി ദിനം  (ജൂണ്‍  5 )
ഹരിത സമ്പദ്‌വ്യവസ്ഥ
എസ്. ശാന്തി

വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശമാണിത്. പാരിസ്ഥിതിക അപായങ്ങളും നശീകരണവും ഒഴിവാക്കി മനുഷ്യക്ഷേമവും സാമൂഹിക സമത്വവും നേടുക; കാര്‍ബണ്‍ കുറഞ്ഞതും വിഭവ കാര്യക്ഷമവും നൈതികവുമായ മനുഷ്യസമൂഹം വിഭാവനം ചെയ്യുക എന്നിവയാണ് ഈ വര്‍ഷത്തെ പരിസ്ഥിതിദിന ചിന്ത''ഉത്പന്നങ്ങളുടെ വിലയില്‍ അന്തര്‍ലീനമായ സാമ്പത്തികസത്യമറിയാന്‍ ജനങ്ങളെ അനുവദിക്കാത്തതു കൊണ്ടാണ് സോഷ്യലിസം
തകര്‍ന്നത്. ഉത്പന്നങ്ങളുടെ വിലയില്‍നിന്ന് അവയുടെ പാരിസ്ഥിതികസത്യം മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് ആവാത്തതുകൊണ്ടാണ്
മുതലാളിത്തം തകരാന്‍ പോകുന്നത്'' - ഓയ്സ്റ്റീന്‍ ഡാഹ്‌ലെ 1543-ല്‍ നിക്കോളസ് കോപ്പര്‍നിക്കസ് സൂര്യന്‍ ഭൂമിക്കുചുറ്റും കറങ്ങുകയല്ല, മറിച്ച് ഭൂമിയാണ് സൂര്യനെ വലം വെക്കുന്നത് എന്നു സ്ഥിരീകരിച്ചു. സൗരയൂഥത്തെക്കുറിച്ചുള്ള ഈ പുതിയ അറിവ് മനുഷ്യചിന്തയില്‍ വിപ്ലവം ഉണ്ടാക്കി. അത്തരമൊരു സമ്പൂര്‍ണപരിവര്‍ത്തനം നമ്മുടെ ലോകവീക്ഷണത്തില്‍ വരേണ്ടുന്ന കാലമാണിത്. ഭൂമിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നാം സൃഷ്ടിക്കുന്ന ലോകത്തെക്കുറിച്ചുമുള്ള നമ്മുടെ സങ്കല്‍പ്പങ്ങളെല്ലാം മാറേണ്ട കാലമായിരിക്കുന്നു. അനന്തമായ പ്രപഞ്ചത്തിലെ വ്യവസ്ഥകളെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളല്ല, മറിച്ച് നാം സൃഷ്ടിച്ച ലോകത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങളുടെ വെളിച്ചത്തില്‍ നമ്മുടെ ജീവിതദര്‍ശനത്തിലാണ് സമൂലമായ മാറ്റമുണ്ടാവേണ്ടത്. മനുഷ്യന്റെ സമ്പദ്‌വ്യവസ്ഥയുടെ (Economy) ഭാഗമാണോ പര്യാവരണം (Environment) അതോ ഭൂമിയിലെ ജീവസാഹചര്യങ്ങളുടെ ആകത്തുകയായ പര്യാവരണത്തിന്റെ ഭാഗമാണോ സമ്പദ്‌വ്യവസ്ഥ എന്നതാണ് ചോദ്യം. സമ്പദ്‌വ്യവസ്ഥയുടെ ഒരു ഉപവിഭാഗമാണ് പര്യാവരണം എന്നാണ് സാമ്പത്തികശാസ്ത്രജ്ഞര്‍ ഇന്നും വിശ്വസിക്കുന്നത്. ജീവജാലങ്ങളും പര്യാവരണത്തിലെ ജീവസാഹചര്യങ്ങളും തമ്മിലുള്ള പരസ്പാരാശ്രിത-പരസ്പരപൂരക ബന്ധങ്ങളുടെ ഭൂമികയായ പരിസ്ഥിതി (Ecology)യുടെ ഭാഗമായ മനുഷ്യന്‍ വളരെ അടുത്തകാലത്തുണ്ടാക്കിയ ഒരു താത്കാലികവ്യവസ്ഥയാണ് സമ്പദ്‌വ്യവസ്ഥ എന്നാണ് പരിസ്ഥിതിശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.

പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവായി ഭൂമിയെ സങ്കല്‍പ്പിച്ച ടോളമിയുടെ കാഴ്ചപ്പാടുപോലെ, സാമ്പത്തികശാസ്ത്രജ്ഞരുടെ ലോകസങ്കല്‍പ്പം നമ്മുടെ ആധുനികലോകത്തെ വികലമായാണ് മനസ്സിലാക്കുന്നത്. അവര്‍ സൃഷ്ടിക്കുന്ന സമ്പദ്‌വ്യവസ്ഥ ജീവനെയും മനുഷ്യന്റെ സമ്പദ്‌വ്യവസ്ഥയെത്തന്നെയും നിലനിര്‍ത്തുന്ന പാരിസ്ഥിതിക വ്യവസ്ഥയ്‌ക്കെതിരായിത്തീര്‍ന്നിരിക്കുകയാണ്. സാമ്പത്തികവികസനം ഭൂമിയുടെ നൈസര്‍ഗികവ്യവസ്ഥകളെ തകര്‍ത്തുതരിപ്പണമാക്കുകയാണെന്ന് സാമ്പത്തികവിദഗ്ധര്‍ ഇന്നും സമ്മതിക്കുന്നില്ല. ആര്‍ട്ടിക്ക് സമുദ്രമഞ്ഞ് എന്തുകൊണ്ടാണ് അലിഞ്ഞില്ലാതാവുന്നതെന്ന് വിശദീകരിക്കാന്‍ സാമ്പത്തികസിദ്ധാന്തത്തിന് കഴിയുന്നില്ല. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ പുല്‍മേടുകള്‍ എന്തുകൊണ്ട് ഉണങ്ങി മരുഭൂമിയാവുന്നു എന്നോ തെക്കന്‍ പസഫിക്കിലെ പവിഴപ്പുറ്റുകള്‍ എന്തുകൊണ്ട് നശിക്കുന്നുവെന്നോ ന്യൂഫൗണ്ട്‌ലാന്‍ഡിലെ മത്സ്യബന്ധനം എന്തുകൊണ്ട് തകര്‍ന്നുപോയി എന്നോ പറയാന്‍ സാമ്പത്തികശാസ്ത്രത്തിന് ഒരിക്കലും കഴിയില്ല. 650 ലക്ഷം വര്‍ഷംമുമ്പേ ഡൈനോസറുകള്‍ അന്യംനിന്ന കാലഘട്ടത്തിനുശേഷം സംഭവിക്കുന്ന ഏറ്റവും ഭയാനകമായ സസ്യ,ജന്തുജാതികളുടെ വംശനാശത്തിന്റെ കാരണം എന്തെന്നു വിശദീകരിക്കാന്‍ അതിന് കഴിയില്ല. പക്ഷേ, ഈ ദുരന്തങ്ങള്‍ മനുഷ്യസമൂഹത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് കണക്കാക്കാന്‍ സാമ്പത്തികശാസ്ത്രം കൂടിയേ തീരൂ. സാമ്പത്തികമൂല്യം കണക്കാക്കാനാവാത്ത, അതേസമയം അമൂല്യമായ പരിസ്ഥിതിയുടെ നാശംപോലും സാമ്പത്തികനഷ്ടമായി അനുഭവപ്പെടുമ്പോഴേ ആധുനികമനുഷ്യനെ അതു ബാധിക്കുന്നുള്ളൂ.

ഭൂമിയുടെ നൈസര്‍ഗികവ്യവസ്ഥകളുമായി സംഘര്‍ഷത്തിലാണ് മനുഷ്യന്റെ സമ്പദ്‌വ്യവസ്ഥ. മത്സ്യബന്ധന മേഖലയിലെ തകര്‍ച്ചയും മരുഭൂമികളുടെ വികാസവും താപനിലയുടെ വര്‍ധനയും ചുഴലിക്കൊടുങ്കാറ്റുകളുടെ മാരകശക്തിയും ആഗോളമഹാവ്യാധികളും ഈ സംഘര്‍ഷത്തിന്റെ ലക്ഷണങ്ങളാണ്. ഈ തകര്‍ച്ചയുടെ ചില ഘട്ടങ്ങളില്‍, ചില മേഖലകളില്‍ സാമ്പത്തികവികസനത്തിന്റെതന്നെ വഴികള്‍ അടയുകയാണ്. പരിസ്ഥിതിനാശം കാരണമുള്ള സാമ്പത്തികത്തകര്‍ച്ച മറ്റെല്ലാ തകര്‍ച്ചകളെക്കാളും ഭീമവും അനിയന്ത്രിതവുമാവുകയാണ്. ഈ പ്രവണതയെ തടയാന്‍ നമുക്കിന്നായില്ലെങ്കില്‍ ആത്യന്തികമായ സാമ്പത്തികത്തകര്‍ച്ചയിലേക്കും നിതാന്ത ദാരിദ്ര്യത്തിലേക്കുമായിരിക്കും ലോകം നീങ്ങുക. ലോകത്തെ പല സംസ്‌കാരങ്ങളുടെയും തകര്‍ച്ചയുടെ പിന്നില്‍ പരിസ്ഥിതിനാശത്തിന്റെ ചരിത്രമാണല്ലോ ഉള്ളത്. 
ജീവാഭയവ്യവസ്ഥകളുടെ നിയമങ്ങളെ അനുസരിക്കാതെ വികസിക്കുന്ന ഏതു വ്യവസ്ഥയും സ്വയം നശിക്കുമെന്നതിന് സംശയമില്ല. ഒപ്പം അടിസ്ഥാനവ്യവസ്ഥകളെ അതു നശിപ്പിക്കുകയും ചെയ്യും. ജൈവവ്യവസ്ഥയെക്കാള്‍ എത്രകണ്ട് വലുതാവാന്‍ ഈ ഉപവ്യവസ്ഥ ശ്രമിക്കുന്നുവോ, ഭൂമിയുടെ നൈസര്‍ഗിക അതിരുകളെ എത്രകണ്ട് ലംഘിക്കുന്നുവോ ഈ പൊരുത്തമില്ലായ്മ അത്രകണ്ട് വിനാശകരമാവും. അതാണിന്ന് നാം ലോകത്ത് കാണുന്നത്. കെന്നത്ത് ബോള്‍ഡിങ് എന്ന ശാസ്ത്രജ്ഞന്‍ പറഞ്ഞതുപോലെ ''പരിച്ഛേദ്യമായ ലോകത്ത് എക്‌സ്‌പൊണെന്‍ഷ്യല്‍ അഭിവൃദ്ധി നിതാന്തമായി തുടരുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അയാള്‍ ഒരു ഭ്രാന്തനായിരിക്കണം, അല്ലെങ്കില്‍ ഒരു സാമ്പത്തികവിദഗ്ധന്‍.''സാമ്പത്തികശാസ്ത്രജ്ഞരും പരിസ്ഥിതിജ്ഞാനികളും തമ്മിലുള്ള അഭിപ്രായവ്യത്യാസം മുമ്പെന്നത്തെക്കാളും രൂക്ഷമാണിന്ന്. ആഗോള സമ്പദ്‌വ്യവസ്ഥയുടെയും അന്താരാഷ്ട്ര വിപണിയുടെയും അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ അഭിമാനംകൊള്ളുന്ന സാമ്പത്തികവിദഗ്ധര്‍ ശോഭനമായ ഒരു ഭാവിയാണ് മുന്നില്‍ കാണുന്നത്. അടുത്തകാലത്തുണ്ടായ സാമ്പത്തികത്തകര്‍ച്ച താത്കാലികമാണെന്നവര്‍ വിശ്വസിക്കുന്നു. പരിസ്ഥിതിജ്ഞാനികളാകട്ടെ ഈ ഭീമന്‍ വികസനത്തിന്റെ സാമൂഹികവും സാംസ്‌കാരികവും പാരിസ്ഥിതികവുമായ വിലയെക്കുറിച്ചാണ് ചിന്തിക്കുന്നത്. കൃത്രിമമായി വിലകുറച്ച ഫോസില്‍ ഇന്ധനങ്ങളുടെ ക്രമാതീതമായ ഉപഭോഗവും അതുകൊണ്ടുണ്ടാവുന്ന ആഗോളകാലാവസ്ഥാ പ്രത്യാഘാതങ്ങളുമാണ് അവരെ അലട്ടുന്നത്. വളരുന്ന ജനസംഖ്യയും കുറയുന്ന ആവാസഭൂമിയും തകരുന്ന കൃഷിയും ഉയരുന്ന കടല്‍നിരപ്പും താഴുന്ന ഭൂഗര്‍ഭജലവിതാനവും ക്ഷയിക്കുന്ന ആരോഗ്യവും അന്യംനില്‍ക്കുന്ന ജീവജാതികളുമൊക്കെയാണ് അവരെ ആകുലരാക്കുന്നത്. ഈ നാശത്തിന്റെ പ്രധാനകാരണം അടിമുടി തെറ്റിപ്പോയ നമ്മുടെ മുന്‍ഗണനകളാണ്. നാം പണിതുയര്‍ത്തുന്ന ശാസ്ത്ര-സാങ്കേതിക-വ്യാവസായിക-സൈനിക വന്‍കിട രാഷ്ട്രലോകത്തെ നിയന്ത്രിക്കുന്നത് ഏതാനും ബഹുരാഷ്ട്ര കുത്തകക്കമ്പനികളുടെ താത്പര്യങ്ങളാണ്. 1998-ലെ കണക്കനുസരിച്ച് ലോകത്തെ ധനികരാജ്യങ്ങളില്‍ ജീവിക്കുന്ന 20 ശതമാനം പേരുടെ ഉപഭോഗച്ചെലവ് മൊത്തം ലോക ഉപഭോഗത്തിന്റെ 86 ശതമാനം വരും. ദരിദ്രരില്‍ ദരിദ്രരായ 20 ശതമാനം പേരുടെ ചെലവാകട്ടെ 1.3 ശതമാനവും. ലോകത്തെ അഞ്ചിലൊന്നു ധനികര്‍ മൊത്തം ഊര്‍ജത്തിന്റെ 58 ശതമാനവും കടലാസ്സിന്റെ 84 ശതമാനവും വാഹനങ്ങളുടെ 87 ശതമാനവും ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ ലോകത്തിന്ന് പെരുകുന്നത് അതിഭീകര അസമത്വങ്ങളും പട്ടിണിയും കലാപങ്ങളുമാണ്.
ഹരിത സമ്പദ്‌വ്യവസ്ഥയിലൂടെ ഹരിതജീവനത്തിലേക്ക്പരിസ്ഥിതിയുടെ നിയമങ്ങളും ധര്‍മങ്ങളും തത്ത്വങ്ങളും ആദരിക്കുന്ന സമ്പദ്‌വ്യവസ്ഥയേ സുസ്ഥിരമാവൂ എന്നു നമുക്കറിയാം. നമ്മുടെ ഇന്നത്തെ ആവശ്യങ്ങള്‍ നിറവേറ്റുകയും ഭാവിതലമുറകളുടെയും എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പ്പ് അപകടത്തിലാക്കാതിരിക്കുകയും ചെയ്യുന്ന ഒരു സമ്പദ്‌വ്യവസ്ഥയേ സുസ്ഥിരമാകൂ. മിക്ക ജീവന്റെയും നിലനില്‍പ്പ് ഹരിതസസ്യങ്ങള്‍ സൗരോര്‍ജവും ജലവും കാര്‍ബണ്‍ഡയോകൈ്‌സഡും ഉപയോഗിച്ച് നിര്‍മിക്കുന്ന ആഹാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഈ പ്രകാശസംശ്ലേഷണത്തെക്കുറിച്ചും പോഷകചംക്രമണങ്ങളെക്കുറിച്ചും ജലചംക്രമണത്തെക്കുറിച്ചും കാലാവസ്ഥയുടെ താളക്രമത്തെക്കുറിച്ചും മനുഷ്യനും കൂടിയുള്‍പ്പെട്ട ജീവന്റെ ശൃംഖലാജാലികയെക്കുറിച്ചുമാണ് ഹരിതസമ്പദ്‌വ്യവസ്ഥ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ ആലോചിക്കേണ്ടത്.ഭൂമിയിലെ ആവാസവ്യവസ്ഥകള്‍ തരുന്ന വിലയിടാനാവാത്ത സേവനങ്ങളാണ് അവ തരുന്ന വിഭവങ്ങളെക്കാളും അമൂല്യം. ചലനാത്മകമായ സന്തുലിതാവസ്ഥയിലാണ് പ്രകൃതി നിലനില്‍ക്കുന്നത്. ദീര്‍ഘകാല അസന്തുലിതാവസ്ഥകള്‍ തിരുത്താനുള്ള ശേഷി ജീവസ്സുറ്റ മഹാജീവിയായ ഭൂമി അഥവാ ഗയ (Gaia)യ്ക്കുണ്ട്. മണ്ണൊലിപ്പും മണ്ണു പുനരുജ്ജീവനവും തമ്മിലും കാര്‍ബണ്‍ വിസര്‍ജനവും കാര്‍ബണ്‍ സംഭരണവും തമ്മിലും ജീവജാലങ്ങളുടെ അന്യംനില്‍ക്കലും പരിണാമവും തമ്മിലുമെല്ലാം ഉള്ള സന്തുലനം ഒരു നിതാന്ത പ്രകൃതിപ്രക്രിയയാണ്. പരിവൃത്തികളെയാണ് ജീവന്റെ നിലനില്പിന് വേണ്ടി പ്രകൃതി ഒരുക്കിയിരിക്കുന്നത്. ജൈവ-ഭൗമ-രാസ-ഊര്‍ജ ചംക്രമണങ്ങളിലൂടെയാണ് ജൈവമണ്ഡലം നിലനില്‍ക്കുന്നതും ജീവന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതും. ഈ നിതാന്തതയ്ക്ക് അതിന്റേതായ അതിരുകളും പരിച്ഛേദ്യതയും ഉണ്ടെന്നുമാത്രം. അതിരു ലംഘിച്ചുള്ള ഒരു പ്രവര്‍ത്തനവും പ്രകൃതിയില്‍ അധികകാലം നിലനില്‍ക്കില്ല. കഴിഞ്ഞ 60 വര്‍ഷത്തിനുള്ളില്‍ പത്തുമടങ്ങ് വികസിച്ച ആഗോളസമ്പദ്‌വ്യവസ്ഥ എല്ലാ പാരിസ്ഥിതിക അതിരുകളെയും ലംഘിച്ചിരിക്കുന്നു. അത് ലോകത്തെല്ലായിടത്തും തകര്‍ന്നു തരിപ്പണമാവുകയുമാണ്.
നമ്മുടെ ഇന്നത്തെ സമ്പദ്‌വ്യവസ്ഥയെ ഒരു ഹരിതസമ്പദ്‌വ്യവസ്ഥയാക്കി മാറ്റുക എന്നത് ഇന്നൊരു അവ്യക്തസ്വപ്നം മാത്രമാണ്. ഇന്നത്തെ സാമ്പത്തികവികസനത്തിന്റെ ഭീമന്‍തോത് നോക്കിയാല്‍ ഈ പരിവര്‍ത്തനം അസാധ്യമായി തോന്നാം. 1950-കളില്‍ 60,000 കോടി ഡോളറായിരുന്ന ആഗോള ഉത്പാദനം 2000-ത്തില്‍ 4,30,000 കോടി ഡോളറായി ഉയര്‍ന്നു. പ്രതിവര്‍ഷം മൂന്നു ശതമാനത്തിന്റെ വര്‍ധനയുണ്ടായാല്‍ ഈ വ്യവസ്ഥ അടുത്ത അരനൂറ്റാണ്ടില്‍ നാലുമടങ്ങ് വികസിക്കാം. ഈ വികസനസ്വപ്നത്തെ കടിഞ്ഞാണിട്ട് നിയന്ത്രിച്ചുവേണം ഹരിതവും നൈസര്‍ഗികവും നൈതികവും സുസ്ഥിരവും ആയ പുരോഗതീസങ്കല്‍പ്പത്തിന്റെ വിത്തുകള്‍ മനുഷ്യമനസ്സിലും ഭൂമിയിലാകെയും പാകേണ്ടത്. അതിദ്രുതവും മൗലികവുമായ മാറ്റങ്ങള്‍ സമ്പദ്‌വ്യവസ്ഥയ്ക്കുള്ളില്‍ തന്നെ ആരംഭിച്ചേ തീരൂ. അവിടെയും ഇവിടെയും ചില പദ്ധതികളിലും ചില ആസൂത്രണത്തിലും ചെറിയ പച്ചയടി (Greenwashing)നടത്തിയാല്‍ മാത്രം പോരാ; ഏതാനും ചില പാരിസ്ഥിതിക പോരാട്ടങ്ങളില്‍ നേടിയ വിജയം മാത്രം പോരാ. യഥാര്‍ഥത്തില്‍ പ്രകൃതിക്കെതിരെ, ജീവനെതിരെ നാമെന്നോ തുടങ്ങിയ ആത്മഹത്യാപരമായ ഈ യുദ്ധത്തിന് നാം വിരാമമിടണം. പ്രകൃതിവ്യവസ്ഥയില്‍ മനുഷ്യനെന്ന സ്പീഷീസിന്റെ സ്ഥാനവും ധര്‍മവും പരിണാമലക്ഷ്യവും നാം കണ്ടെത്തണം.പത്തുമുപ്പതുവര്‍ഷം മുമ്പാണ് സുസ്ഥിരവികസനം എന്നൊരു സങ്കല്‍പ്പം ലോകത്തുണ്ടായത്. പക്ഷേ, ഒരു നാടിനും ഇതിനായൊരു തന്ത്രമോ ആസൂത്രണമോ ദീര്‍ഘകാല ദര്‍ശനമോ ഇല്ല. കാര്‍ബണ്‍ സന്തുലിതാവസ്ഥയെ പുനരുജ്ജീവിപ്പിക്കാനോ ജനസംഖ്യ നിയന്ത്രിക്കാനോ ഭൂഗര്‍ഭജലവിതാനം ഉയര്‍ത്താനോ കാടും പുഴയും മണ്ണും കൃഷിയും ജൈവവൈവിധ്യവും സംരക്ഷിക്കാനോ ഒരു നാടിനും കഴിഞ്ഞിട്ടില്ല. ഹരിതസമ്പദ്‌വ്യവസ്ഥയുടെ ചില ലാഞ്ഛനകള്‍ യൂറോപ്പിലെ ചില രാജ്യങ്ങളിലും ദക്ഷിണ കൊറിയയിലും ജപ്പാനിലും ഒക്കെ കണ്ടുതുടങ്ങിയിട്ടുണ്ട്. പക്ഷേ, ഹരിതസമ്പദ്‌വ്യവസ്ഥയിലേക്കുള്ള യാത്രയില്‍ കമ്പോളസൂചനകളില്‍ അടിസ്ഥാനമാറ്റങ്ങള്‍ വന്നാലേ ഇന്നത്തെ വ്യവസ്ഥയുടെ അഗാധതലങ്ങളില്‍ വരേണ്ട പരിവര്‍ത്തനങ്ങള്‍ ആരംഭിക്കൂ. കമ്പോളസൂചനകളാണ് പരിസ്ഥിതിതത്ത്വങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തുടങ്ങേണ്ടത്. അതിന് വരുമാനത്തില്‍ നികുതി ചെലുത്തുന്നതിനുപകരം പാരിസ്ഥിതികമായി വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നികുതിചുമത്താന്‍ തുടങ്ങണം. കാര്‍ബണ്‍ വിസര്‍ജനം, ജല ദുരുപയോഗം, കടലാസ്സിന്റെയും പ്ലാസ്റ്റിക്കിന്റെയും അമിതഉപഭോഗം എന്നിങ്ങനെയുള്ള പരിസ്ഥിതിവിധ്വംസന പ്രവൃത്തികള്‍ക്ക് നികുതി നല്‍കേണ്ടിവന്നാല്‍ നാം തെറ്റു തിരുത്താന്‍ തുടങ്ങിയേക്കാം.പ്രകൃതിയുടെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുക എന്നത് ഒരു ഭഗീരഥയത്‌നമായിരിക്കും. ശീതോഷ്ണമേഖലയില്‍ ചൂടിനും പ്രകാശത്തിനും വളരെക്കൂടുതല്‍ വൈദ്യുതി ആവശ്യമായിരിക്കേ, ഊര്‍ജ ദുര്‍വിനിയോഗം കുറയ്ക്കുന്നതിനൊപ്പം സൗരോര്‍ജവും ഹൈഡ്രജനും ഉപയോഗിച്ചുള്ള ഉത്പാദനത്തിലേക്ക് മാറേണ്ടി വരും. ഉഷ്ണമേഖലയിലാവട്ടെ സൗരോര്‍ജത്തിന്റെ അതിപ്രസരത്തില്‍നിന്ന് ഭൂമിക്ക് സംരക്ഷണം നല്‍കുന്ന ഹരിതവത്കരണത്തിനായിരിക്കണം പ്രാധാന്യം. ജനങ്ങള്‍ക്കും രാഷ്ട്രത്തിനും സുരക്ഷിതത്വം നല്‍കാനെന്ന പേരില്‍ 90,000 കോടി ഡോളറിലധികം പ്രതിവര്‍ഷം സൈനികവ്യവസ്ഥകള്‍ക്ക് നാം ചെലവാക്കുന്നു. ഹരിതസമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഏതു ചിന്തയിലും ലോകസമാധാനവും നിരായുധീകരണവും ആണവവിരുദ്ധ നയങ്ങളും സൈന്യങ്ങളില്ലാത്ത ഭരണകൂടങ്ങളും ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. 45 വര്‍ഷം കൂടുമ്പോള്‍ ഇരട്ടിക്കുന്ന, 700 കോടിയില്‍ എത്തിനില്ക്കുന്ന മനുഷ്യന്റെ ജനസംഖ്യയുടെ നിയന്ത്രണവും ജീവലോകത്തോടും പരിസ്ഥിതിധര്‍മങ്ങളോടുമുള്ള നമ്മുടെ ചുമതലയുടെ തന്നെ ഭാഗമാണ്.
700 കോടിയിലെത്തിയ മനുഷ്യജാതിയുടെ വിശപ്പു മാറ്റാനും യഥാര്‍ഥപുരോഗതി കൈവരാനും സ്വതന്ത്രവും തദ്ദേശീയവും സ്വയംപര്യാപ്തവുമായ ഹരിതസമ്പദ്‌വ്യവസ്ഥകളാണ് നമുക്കാവശ്യം. സ്വന്തം മണ്ണില്‍ വേരൂന്നിയ, വന്യപ്രകൃതിയുടെ സുസ്വരതയില്‍ ഹൃദയം നിക്ഷേപിച്ച, പാരിസ്ഥിതികധാര്‍മികതയില്‍ ആത്മീയത കണ്ടെത്തിയ തലമുറകള്‍ വളര്‍ന്നു വരുമെന്നുതന്നെ നമുക്ക് പ്രതീക്ഷിച്ചേ തീരൂ. ഇന്നത്തെ രീതിയിലുള്ള ഭക്ഷ്യോത്പാദനത്തിനും ഭക്ഷ്യവസ്തുവിതരണത്തിനും പെട്രോളിയം അധികകാലം ഉണ്ടാവില്ല എന്നതും ഹരിതസമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെ സഹായിക്കും. നല്ല മണ്ണില്‍ പരിശുദ്ധമായ ഭക്ഷണം പ്രകൃതിപരമായ രീതിയില്‍ ഉത്പാദിപ്പിച്ച് അയല്‍പക്കങ്ങളില്‍ വിതരണം ചെയ്യുന്ന സുരക്ഷിതമായ അവസ്ഥയിലേക്ക് നാം എത്താന്‍ നമ്മുടെ മണ്ണുസംരക്ഷണവും ഭൂവിനിയോഗവും തദ്ദേശീയമായ സൂക്ഷ്മതലത്തിലേക്ക് മാറ്റേണ്ടിവരും. ഓരോ ഏക്കര്‍ ഭൂമിക്കും വളരെ ഉയര്‍ന്ന തോതില്‍ കൃഷിക്കാരും അതിലുമധികം ഭൂപരിരക്ഷകരും പരിസ്ഥിതി പുനഃസ്ഥാപകരും വേണ്ടിവരും. ഉപയോഗത്തെക്കാളേറെ പരിരക്ഷയും ആദായത്തെക്കാളേറെ ആരോഗ്യവും ശാസ്ത്രീയതയെക്കാളേറെ ആത്മീയതയും ആവും ഈ ഭൂവിനിയോഗത്തിന്റെ ഉദ്ദേശ്യം. ഇന്നത്തെ വ്യാവസായിക കടുംകൃഷിരീതിയില്‍ നിന്ന് വിഭിന്നമായി വന്യപ്രകൃതിയും മനുഷ്യന്‍ ഇണക്കിയ ഭൂമിയും ഇടകലര്‍ന്ന ഒരു മൊസേക്ക് ഭൂമികയാവണം നാം മെനഞ്ഞെടുക്കേണ്ടത്. ഈ ഭൂമി വന്യവും സുന്ദരവും ജൈവസമ്പന്നവുമായിരിക്കും. ഈ സമ്പന്നതയുടെ ഭാഗമായി നമുക്ക് ആഹാരസമൃദ്ധിയും ജീവിതാനന്ദവും ലഭിക്കും. ഈ സുഭിക്ഷതയില്‍ നാം കൃഷിചെയ്‌തെടുക്കുന്നതിനെക്കാള്‍ സ്വാദിഷ്ടമായ വസ്തുക്കള്‍ കാട് നമുക്ക് തരും. കൃഷിഭൂമിയുടെ വിസ്തൃതിയും ആരോഗ്യവും വര്‍ധിക്കുന്നതിനൊപ്പം വനഭൂമിയുടെ വിസ്തൃതിയും സുരക്ഷിതത്വവും വര്‍ധിക്കും. വന്യജീവി-വനഭൂമിസംരക്ഷണം കൃഷിസംരക്ഷണത്തിന്റെയും കാര്‍ഷിക അഭിവൃദ്ധി വനഭൂമിപരിപാലനത്തിന്റെയുംഅവിഭാജ്യഘടകമാവും.ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പേ നമുക്കറിയാത്ത ഏതോ കാരണത്താല്‍ പ്രകൃതിയുടെ സുരക്ഷിതത്വത്തില്‍ നിന്ന് കുതറിയോടിയ നമുക്ക് പൂര്‍ണബോധത്തോടെ മാത്രമേ ഇലകളും പൂക്കളും പൂമ്പാറ്റച്ചിറകുകളും വീണ തണലുള്ള മണ്‍വഴികളെ സ്വപ്നം കണ്ടു തുടങ്ങാന്‍ കഴിയൂ. അസാധ്യവും അപ്രായോഗികവും എന്നു തോന്നാവുന്ന തീവ്രമായ അഭിലാഷങ്ങളില്‍ നിന്നുമാത്രമേ നാമുണ്ടാക്കിയ മരുഭൂമിയില്‍ വിത്തു വിതയ്ക്കാനും പച്ചപുതപ്പിക്കാനും ഹരിതവും നൈതികവുമായ സാമൂഹികസാമ്പത്തികവ്യവസ്ഥ വിഭാവനം ചെയ്യാനുമുള്ള പ്രത്യാശ നമുക്കു കൈവരൂ.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: