Pages

Friday, June 29, 2012

സുര്‍ജിത് സിങ് മോചിതനായി; സരബ്ജിത്ത് ജയിലില്‍ത്തന്നെ


സുര്‍ജിത് സിങ് മോചിതനായി;
സരബ്ജിത്ത് ജയിലില്‍ത്തന്നെ

നീണ്ട 31 വര്‍ഷം പാകിസ്താനിലെ ജയിലില്‍ തടവിലായിരുന്ന സുര്‍ജിത് സിങ് മോചിതനായി. വ്യാഴാഴ്ച ഇന്ത്യന്‍മണ്ണില്‍ കാലുകുത്തിയ അദ്ദേഹത്തിന് വാഗ അതിര്‍ത്തിയില്‍ വികാരനിര്‍ഭരമായ വരവേല്‍പ്പ് ലഭിച്ചു.എന്നാല്‍ ആദ്യം മോചിപ്പിക്കുകയാണെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ച സരബ്ജിത്ത് സിങ് ഇപ്പോഴും ജയിലില്‍ തുടരുകയാണ്. അദ്ദേഹത്തിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും സമ്മര്‍ദം ചെലുത്തണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.ലാഹോറിലെ കോട്ട് ലഖ്പത്ത് ജയിലിലായിരുന്ന 69-കാരനായ സുര്‍ജിത്ത് സിങ്ങിനെ വ്യാഴാഴ്ച രാവിലെയാണ് മോചിപ്പിച്ചത്. തുടര്‍ന്ന് പാക് സുരക്ഷാ ഉദ്യോഗസ്ഥരാണ് അദ്ദേഹത്തെ വാനില്‍ അതിര്‍ത്തിയിലെത്തിച്ചത്. ''മൂന്നു പതിറ്റാണ്ടിനുശേഷം എനിക്കെന്റെ കുട്ടികളെ കാണാനായി. വളരെയധികം സന്തോഷമുണ്ട്''-സുര്‍ജിത്ത് സിങ്ങിന്റെ ആദ്യപ്രതികരണം ഇതായിരുന്നു.സുര്‍ജിത്ത് സിങ്ങിനെ വിട്ടയച്ചതിനെ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ സ്വാഗതംചെയ്തു. സരബ്ജിത്ത് സിങ്ങിനെ മോചിപ്പിക്കുന്ന കാര്യവും പാകിസ്താന്‍ ഗൗരവമായി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭാര്യ ഹര്‍ബന്‍സ് കൗറും മകന്‍ കുല്‍വീന്ദര്‍ സിങ്ങും ചെറുമക്കളും സുഹൃത്തുക്കളുമുള്‍പ്പെടെയുള്ള സംഘം ആശ്ലേഷിച്ചുകൊണ്ടാണ് സുര്‍ജിത്ത് സിങ്ങിനെ സ്വാഗതംചെയ്തത്. തന്നെ തടവിലിട്ട ജയിലില്‍ത്തന്നെ കഴിയുന്ന സരബ്ജിത്ത് സിങ്ങിനെ മോചിപ്പിക്കാന്‍ പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സരബ്ജിത്തിന് അവിടെ വലിയ പ്രശ്‌നങ്ങളൊന്നുമില്ല. പാകിസ്താനിലെ ചില സംഘങ്ങളുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മോചനത്തിനായി ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കാതെ പോകുന്നത്. അക്ഷരപ്പിശകു മൂലമാണ് മോചിപ്പിക്കുന്നത് സരബ്ജിത്ത് സിങ്ങിനെയാണെന്ന മട്ടില്‍ ആദ്യംവാര്‍ത്ത വന്നത്. ഉര്‍ദു ഭാഷയില്‍ രണ്ടു പേരുകളും ഏറെക്കുറെ ഒരേ പോലെയാണ് എഴുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചാരപ്രവര്‍ത്തനം നടത്തിയതിന്റെ പേരിലാണ് 1980-ല്‍ പഞ്ചാബിലെ ഫിദ്ദെ ഗ്രാമവാസിയായ സുര്‍ജിത് സിങ് പാകിസ്താനില്‍ അറസ്റ്റിലായത്. പാക് പട്ടാളനിയമമനുസരിച്ച് അദ്ദേഹത്തിന് 1985-ല്‍ വധശിക്ഷ വിധിച്ചു. 1989-ല്‍ അന്നത്തെ പ്രസിഡന്റ് ഗുലാം ഇഷാഖ് ഖാന്‍ വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്തു. ശിക്ഷാകാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ വിട്ടയച്ചത്. എന്തിനാണ് പാകിസ്താനിലേക്ക് പോയതെന്ന ചോദ്യത്തിന് ചാരപ്രവര്‍ത്തനത്തിനു തന്നെയെന്നായിരുന്നു സുര്‍ജിത്ത് സിങ്ങിന്റെ മറുപടി. ജയിലില്‍ വലിയ കുഴപ്പമില്ലാതെയാണ് കഴിഞ്ഞത്. എന്നാല്‍ തടവുശിക്ഷയനുഭവിക്കുന്ന ഇന്ത്യക്കാരില്‍ ചിലര്‍ സമനിലതെറ്റിയ അവസ്ഥയിലാണെന്നും ഇവര്‍ ജയിലിനു പുറത്ത് ആസ്​പത്രിയില്‍ ചികിത്സയിലാണ്. ഇനിയൊരിക്കലും പാകിസ്താനിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.Mathrubhoomi)
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: