തീവ്രവാദം കേരളത്തില്‍
വളരാന്‍ അനുവദിക്കരുത്
കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ മാവോവാദികളുടെ സാന്നിധ്യമുള്ളതായി റിപ്പോര്‍ട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. മാവോ വാദത്തെക്കാള്‍ മതമൗലികവാദമാണ് ഇവിടെ പ്രശ്‌നമെന്ന അദ്ദേഹത്തിന്റെ വിലയിരുത്തല്‍ ഏറെ ശ്രദ്ധേയമാണ്. രണ്ടു കൂട്ടരുടെയും പ്രവര്‍ത്തനശൈലി പരിഷ്‌കൃതസമൂഹത്തിന് ഒരു നിലയ്ക്കും ഉള്‍ക്കൊള്ളാവുന്നതല്ല. മതമൗലികവാദവും വര്‍ഗീയതയും വളര്‍ത്താന്‍ ചില ശക്തികള്‍ കേരളത്തില്‍ കാര്യമായ ശ്രമം നടത്തുന്നുണ്ട്. സാധാരണ സംഭവങ്ങള്‍ക്കും രാഷ്ട്രീയപ്രശ്‌നങ്ങള്‍ക്കും ഇക്കൂട്ടര്‍ വര്‍ഗീയതയുടെ നിറം കൊടുക്കുന്നതിന്റെ ലക്ഷ്യവും മറ്റൊന്നല്ല. വര്‍ഗീയത ഭീകരതയായി മാറാന്‍ സാധ്യതയേറെയാണെന്ന വസ്തുത കേരളവുംപലവട്ടംഅനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്.മതമൗലികവാദവും അതിന്റെ പേരിലുള്ള നടപടികളും പലപ്പോഴും തീവ്രവാദത്തിന്റെ കടുത്ത രൂപം തന്നെയാകുന്നു. പരിഷ്‌കൃതസമൂഹത്തിന്റെ അടിക്കല്ലുകളായ സ്വാതന്ത്ര്യവും ധാര്‍മികതയും മറ്റുമാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ ഇളക്കാന്‍ ശ്രമിക്കുന്നത്. പ്രമുഖ സംഘടനകള്‍ തന്നെ ഇക്കാര്യത്തില്‍ രഹസ്യ അജന്‍ഡയോടെ പ്രവര്‍ത്തിച്ചാല്‍ ഉണ്ടാകാവുന്ന സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ.
കേരളത്തില്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ പരിധി കടക്കുന്നപക്ഷം കടുത്ത നടപടി എടുക്കുമെന്ന് ചിദംബരം പറഞ്ഞിട്ടുണ്ട്.തങ്ങളുടെ ലക്ഷ്യം നേടുന്നതിന് ഭീകരപ്രവര്‍ത്തകര്‍ ഏതു മാര്‍ഗവും സ്വീകരിച്ചേക്കാം. ഇത്തരക്കാര്‍ രാഷ്ട്രീയകക്ഷികളില്‍ കടന്നുകൂടാന്‍ ശ്രമിക്കുന്നതായും നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് രാഷ്ട്രീയകക്ഷികള്‍ തന്നെയാണ്. കേരളത്തില്‍ രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകങ്ങളും സാധാരണമായിരിക്കുന്നു. മുഖ്യധാരാകക്ഷികളില്‍ നിന്നു തന്നെ 'രാഷ്ട്രീയഭീകരത' ഉണ്ടാകുന്നത് തീവ്രവാദികള്‍ക്കും മറ്റും അനുകൂല സാഹചര്യമൊരുക്കും. സംഘടനകള്‍ വഴിയോ അല്ലാതെയോ തീവ്രവാദവും മതമൗലികവാദവും ശക്തമാകുന്നത് തടയാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഏകോപിതശ്രമം അനിവാര്യമാണ്. രണ്ടിനുമെതിരെ ആശയപ്രചാരണം നടത്തി സാമൂഹികാവബോധം വളര്‍ത്താന്‍ രാഷ്ട്രീയ, മത നേതൃത്വങ്ങളും മുന്‍കൈയെടുക്കണം. സ്വാതന്ത്ര്യത്തിനും സഹിഷ്ണുതയ്ക്കും സമാധാനത്തിനുമാണ് വിവിധ മതങ്ങളും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രീയകക്ഷികളും ഊന്നല്‍ നല്‍കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം, രാഷ്ട്രീയ, മതനേതാക്കള്‍ കൂടുതല്‍ ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്. എങ്കിലേ ഇക്കാര്യത്തില്‍ അധികൃതര്‍ നടത്തുന്ന പരിശ്രമങ്ങള്‍ പൂര്‍ണമായി വിജയിക്കൂ.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment