വിലകയറ്റം
കൊണ്ട് ജനങ്ങള്‍ വലയുന്നു
ഹോട്ടല്‍ ഭക്ഷണ വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയണം
. വിലനിയന്ത്രണം വൈകരുത്
ഹോട്ടല്‍ ഭക്ഷണ വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയണം
. വിലനിയന്ത്രണം വൈകരുത്
ഹോട്ടലുകള്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ന്യായമായ വില നിശ്ചയിക്കുന്നതിന് ആരും എതിരല്ല. എന്നാല്‍, പല ഹോട്ടലുകളും ഇക്കാര്യത്തില്‍ തത്ത്വദീക്ഷ പുലര്‍ത്താന്‍ മടിക്കുന്നു. ഹോട്ടല്‍ഭക്ഷണവില നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഈയിടെ ഹൈക്കോടതി നിര്‍ദേശിച്ചത് ഈ രംഗത്തെ കുത്തഴിഞ്ഞ സ്ഥിതി ബോധ്യമായതുകൊണ്ടാവണം. ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കാനുള്ള ചെലവിന് അനുസൃതമായല്ല പലപ്പോഴും വില കൂട്ടുന്നതെന്നും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയണമെന്നും ഈ വിഷയം സംബന്ധിച്ച ഹര്‍ജി പരിഗണിക്കേ, കോടതി വിലയിരുത്തുകയുണ്ടായി. അരിയടക്കമുള്ള സാധനങ്ങളുടെ വിലക്കയറ്റം, തൊഴിലാളികളുടെ വേതനവര്‍ധന തുടങ്ങിയ പല കാരണങ്ങളും ഭക്ഷണവില ഉയര്‍ത്തുന്നതിനായി ഹോട്ടലുടമകള്‍ ഉന്നയിക്കാറുണ്ട്. ഇത്തരം കാരണങ്ങളെക്കുറിച്ച് അപ്പപ്പോള്‍ പഠിക്കാനും വില ഉയര്‍ത്തേണ്ടതുണ്ടെങ്കില്‍ എത്ര ശതമാനമായിരിക്കണമെന്ന് നിശ്ചയിക്കാനുമുള്ള സംവിധാനം ഉണ്ടെങ്കിലേ ഉപഭോക്താക്കളുടെ താത്പര്യങ്ങളും സംരക്ഷിക്കപ്പെടൂ. നിയമമോ നിബന്ധനകളോ ഇല്ലെങ്കില്‍ പലരും വില ക്രമാതീതമായി ഉയര്‍ത്താന്‍ മടിക്കില്ലെന്നാണ് അനുഭവം തെളിയിക്കുന്നത്. ആഘോഷവേളകളിലും മറ്റും ചില ഹോട്ടലുകള്‍ ക്രമാതീതമായി വില ഉയര്‍ത്തുന്നുവെന്നതും സാധാരണ കേള്‍ക്കാറുള്ള പരാതിയാണ്. ഇക്കാര്യത്തിലും ന്യായമായ നിയന്ത്രണം കൂടിയേ കഴിയൂ.
പല ഹോട്ടലുകളിലും ഭക്ഷണം വൃത്തിയായിട്ടല്ല തയ്യാറാക്കുന്നതെന്ന് കോടതി വിലയിരുത്തിയതും ശ്രദ്ധേയമാണ്. ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണം പലേടത്തും ഹോട്ടലുകളില്‍ നിന്ന് അധികൃതര്‍ പിടിച്ചെടുക്കാറുണ്ട്. ഗുണനിലവാരമില്ലാത്തതോ മായംകലര്‍ന്നതോ ആയ സാധനങ്ങള്‍ ഭക്ഷണമുണ്ടാക്കാന്‍ ചിലര്‍ ഉപയോഗിക്കുന്നു. ഇവയെല്ലാം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുതന്നെ ഇടയാക്കിയേക്കാം. ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ അധികൃതര്‍ കണ്ടെത്തിയാല്‍ ആ ഹോട്ടലുകളേതെന്നറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കുകയുണ്ടായി. പേര്‍ പുറത്തുവരില്ലെങ്കില്‍ ഇത്തരം വീഴ്ചകള്‍ ഗൗരവമായി കാണാന്‍ പല ഹോട്ടലുകളും തയ്യാറായേക്കില്ല. എന്തായാലും ഇക്കാര്യത്തില്‍ നീതിപീഠം കാണിക്കുന്ന താത്പര്യം ഉചിതമായ നടപടികളെടുക്കാന്‍ അധികൃതര്‍ക്ക് പ്രേരകമാകണം. കേരളത്തില്‍ പനിയുടെയും പകര്‍ച്ചവ്യാധികളുടെയും കാലമാണ്. ഒട്ടേറെപ്പേര്‍ നിത്യവും ആസ്പത്രികളിലെത്തിക്കൊണ്ടിരിക്കുന്നു. പല രോഗങ്ങളും ഭക്ഷണ,പാനീയങ്ങള്‍ വഴി പകരുന്നവയാണ്. അതിനാല്‍ സംസ്ഥാനത്തെ ചെറുതും വലുതുമായ ഭക്ഷണശാലകള്‍ ശുചിത്വത്തിന്റെയും മറ്റും കാര്യത്തില്‍ നിഷ്‌കര്‍ഷ പുലര്‍ത്തുക തന്നെ വേണം. അതുറപ്പാക്കേണ്ടത് അധികൃതരുടെ ബാധ്യതയാണ്.
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment