Pages

Monday, June 11, 2012

കേരളത്തിലെ നെല്‍കൃഷിക്കാരേ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം


കേരളത്തിലെ നെല്‍കൃഷിക്കാരേ സഹായിക്കാന്‍  സര്‍ക്കാര്‍ തയ്യാറാകണം
കേരളത്തിലെ നെല്‍ കൃഷിക്കാരെ  സഹായിക്കാന്‍  സര്‍ക്കാര്‍  തയ്യാറാകണം .നെല്‍കൃഷിക്ക് സബ്‌സിഡികള്‍ നേരിട്ട് നല്‍കുന്നതിനുള്ള നീക്കം, വിവിധ പ്രശ്‌നങ്ങളാല്‍ വലയുന്ന, കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് കുറച്ചെങ്കിലും ആശ്വാസമേകും. ഉത്പാദനോപാധികള്‍ വാങ്ങാനുള്ള തുകയാണ് ആദ്യഘട്ടത്തില്‍ കൃഷിക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കുക. ഇപ്പോഴിത് കൃഷിഭവനുകളില്‍ നിന്ന് പാടശേഖരസമിതികള്‍ വഴി പെര്‍മിറ്റനുസരിച്ചാണ് കൊടുത്തുവരുന്നത്. ഹെക്ടറിന് 1500 രൂപയായിരുന്ന ഈ സബ്‌സിഡി ഇത്തവണ 3000 രൂപയാക്കിയിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍ കൊണ്ട് ഫലമുണ്ടാകണമെങ്കില്‍ അര്‍ഹരായ കര്‍ഷകര്‍ക്കെല്ലാം അവ ലഭിക്കണം. ദൗര്‍ഭാഗ്യവശാല്‍, രംഗത്തും സബ്‌സിഡികളുടെ ദുരുപയോഗവും മറ്റു ക്രമക്കേടുകളും വ്യാപകമായി വരികയാണ്. കര്‍ഷകരല്ലാത്തവരെയും കര്‍ഷകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തല്‍, കൃഷിഭൂമിയുടെയും കൃഷിയിനങ്ങളുടെയും കാര്യത്തില്‍ തെറ്റായ വിവരം നല്‍കല്‍ തുടങ്ങിയവയെല്ലാം സാധാരണമായിരിക്കുന്നു. കര്‍ഷകരുടെ ക്ഷേമം ലാക്കാക്കി രൂപവത്കരിക്കപ്പെട്ടിട്ടുള്ളതാണ് പാടശേഖരസമിതികള്‍. അവയുടെ ഭാരവാഹികളില്‍ ചിലരും ഇത്തരം കാര്യങ്ങളില്‍ നിഷ്‌കര്‍ഷത പുലര്‍ത്തുന്നില്ല.

രാസവളം, വിത്ത്, കീടനാശിനി എന്നിവ കര്‍ഷകര്‍ക്ക് 50 ശതമാനം ഇളവിലാണ് നല്‍കുന്നത്. ചില പാടശേഖരസമിതി സെക്രട്ടറിമാര്‍ രാസവളങ്ങളും മറ്റും വന്‍തോതില്‍ മറിച്ചുവില്‍ക്കുന്നത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇവയെല്ലാം കര്‍ഷകരെ മാത്രമല്ല, കാര്‍ഷികമേഖലയുടെ മൊത്തത്തിലുള്ള പുരോഗതിയെയും ബാധിക്കും. കര്‍ഷകര്‍ക്ക് നല്‍കുന്ന ജൈവവളങ്ങളുടെ കാര്യത്തിലും പല സ്ഥലങ്ങളിലും തട്ടിപ്പ് നടക്കുന്നു. ഗുണമേന്മയില്ലാത്ത ജൈവവളങ്ങളാണ് ചില സ്ഥലങ്ങളില്‍ വിതരണം ചെയ്തതെന്ന് പരാതിയുണ്ട്. സാധാരണക്കാരായ കര്‍ഷകര്‍ക്ക് വളങ്ങളുടെ ഗുണമേന്മയും മറ്റും ഉറപ്പുവരുത്താന്‍ കഴിഞ്ഞെന്നു വരില്ല. ചില കമ്പനികളുടെ മാത്രം ഉത്പന്നങ്ങള്‍ വിതരണത്തിനെടുക്കുന്നതായും പരാതിയുണ്ട്. ഈ സ്ഥിതിവിശേഷത്തിന് മാറ്റമുണ്ടായാലേ കര്‍ഷകരുടെ, വിശേഷിച്ച് ചെറുകിടക്കാരുടെ, താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടൂ. പുതിയ തീരുമാനമനുസരിച്ച് നെല്‍കര്‍ഷകര്‍ക്ക് ഇഷ്ടമുള്ള വളങ്ങളും മറ്റ് ഉത്പാദന സാമഗ്രികളും വാങ്ങാം. കൃഷിഭവനില്‍ നിന്ന് നെല്‍കര്‍ഷകനാണെന്ന് തെളിയിക്കുന്ന അറിയിപ്പു കിട്ടിയാല്‍ സബ് സിഡി തുക കര്‍ഷകന്റെ അക്കൗണ്ടിലിടും. ഉത്പാദന സാമഗ്രികള്‍ നല്‍കാന്‍ ഇക്കൊല്ലം 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വളത്തിനും മറ്റും വില വര്‍ധിപ്പിച്ച സ്ഥിതിക്ക് സബ്‌സിഡി തുക ഉയര്‍ത്തുന്ന കാര്യവും അധികൃതര്‍ പരിഗണിക്കണം.കര്‍ഷകര്‍ മാത്രം വിചാരിച്ചാല്‍ പരിഹരിക്കാനാവാത്തവിധം സങ്കീര്‍ണമാണ് നെല്‍കൃഷിയിലെ പ്രശ്‌നങ്ങള്‍. വളം, കീടനാശിനി, വിത്ത് തുടങ്ങിയവയുടെ വിലയും തൊഴിലാളികളുടെ കൂലിയും വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നു. തൊഴിലാളികളെ കിട്ടാത്ത സ്ഥിതിയും പലേടത്തും കര്‍ഷകരെ വലയ്ക്കുന്നുണ്ട്. പാരിസ്ഥിതികപ്രശ്‌നങ്ങളും കാലാവസ്ഥയിലെ അപ്രതീക്ഷിതമാറ്റങ്ങളും കാരണം കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളില്‍ പാടം കൃഷിയോഗ്യമാക്കുന്നതിനു തന്നെ വന്‍ ചെലവ് വേണ്ടി വരുന്നു. ഏറെ ക്ലേശിച്ച് നല്ല വിളവുണ്ടാക്കിയാല്‍ത്തന്നെ ഫലമില്ലാത്ത സ്ഥിതിയും കേരളത്തില്‍ പലേടത്തും അസാധാരണമല്ല. വിളഞ്ഞ നെല്ല് സമയത്തിനു കൊയ്‌തെടുക്കാന്‍ കഴിയാത്തതിനാല്‍ കുട്ടനാട്ടിലും മറ്റും കര്‍ഷകര്‍ക്ക് ചിലപ്പോള്‍ കനത്ത നഷ്ടം ഉണ്ടാകുന്നു. നെല്ലിന് ന്യായമായ വില ഉറപ്പാക്കാനും ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് സംഭരണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ സംഭരണസംവിധാനം പാളുന്നതും പതിവായിരിക്കുന്നു. കേരളത്തിന് ആവശ്യമായ അരിയുടെ 25 ശതമാനം പോലും ഇവിടെ ഉത്പാദിപ്പിക്കാനാവുന്നില്ല. ആ നിലയ്ക്ക്, നെല്‍കൃഷി എല്ലാനിലയ്ക്കും പ്രോത്സാഹനം അര്‍ഹിക്കുന്നു. കൃഷിക്കാര്‍ക്ക് സബ്‌സിഡിയടക്കമുള്ള സഹായങ്ങള്‍ നല്‍കുന്നതിനു പുറമെ വിത്തും വളവും മറ്റും വേണ്ട സമയത്ത് ലഭ്യമാക്കാനും സംഭരണം കാര്യക്ഷമമാക്കാനും കഴിയണം. ആവശ്യത്തിന് തൊഴിലാളികളെ കിട്ടിയില്ലെങ്കില്‍ പല ജോലികള്‍ക്കും യന്ത്രം ഉപയോഗിക്കുകയേ വഴിയുള്ളൂ. അതിനുള്ള സൗകര്യങ്ങളും വിപുലമാക്കേണ്ടിയിരിക്കുന്നു. താത്കാലികാശ്വാസ നടപടികള്‍ക്കൊപ്പം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വന്‍ പദ്ധതികളും ആവിഷ്‌കരിച്ചാലേ നെല്‍കൃഷി കൂടുതല്‍ മെച്ചപ്പെടുത്താനാകൂ. (Mathrubhumi)

പ്രൊഫ്. ജോണ്‍ കുരാക്കാര്‍



No comments: