Pages

Sunday, June 3, 2012

മലയാളഭാഷ നല്‍കുന്ന സ്‌നേഹത്തിന് അതിരുകളില്ല - ഇന്ത്യന്‍ അംബാസഡര്‍


മലയാളഭാഷ നല്‍കുന്ന സ്‌നേഹത്തിന് അതിരുകളില്ല - ഇന്ത്യന്‍ അംബാസഡര്‍

 മലയാളഭാഷ നല്‍കുന്നത് നിറഞ്ഞ സ്‌നേഹമാണെന്നും വിദേശങ്ങളിലുള്ള കേരളീയര്‍ക്ക് അതിന്റെ പ്രാധാന്യം ആഴത്തില്‍ മനസ്സിലാക്കാനാവുമെന്നും ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാദ്വ. എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂളിലെ മലയാളം അധ്യാപകന്‍ അബ്ദുല്‍ അസീസ് നല്ലവീട്ടിലിന്റെ 'ഇത്രയും നീളമുള്ളൊരു കൈ' എന്ന കവിതാ സമാഹാരം ഫ്രന്‍ഡ്‌സ് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മലയാളഭാഷ നല്‍കുന്ന സ്‌നേഹത്തിന് അതിരുകളില്ല. വിവിധ രാജ്യങ്ങളില്‍ ജോലിചെയ്തിരുന്നപ്പോഴൊക്കെ മലയാളഭാഷ സംസാരിക്കുന്നത് കേള്‍ക്കുമ്പോഴുള്ള വികാരം ഒന്നു വേറെതന്നെയാണ്. സ്‌നേഹത്തിന്റെ അമ്മ മലയാളം നാം കാത്തുസൂക്ഷിക്കണമെന്നും ഈ ഭാഷ പറയാനല്ലാതെ എഴുതാനോ വായിക്കാനോ അറിയാത്തതില്‍ ഖേദമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കമ്പനിത്തൊഴിലാളിയായ സുധാകരന്‍ ചമ്പാട് പുസ്തകം ഏറ്റുവാങ്ങി. കവിക്ക് മലയാളത്തില്‍ മറ്റു സാഹിത്യശാഖകള്‍ കൈകാര്യം ചെയ്യുന്നവരേക്കാള്‍ പ്രാധാന്യമുണ്ടെന്ന് ചടങ്ങില്‍ പുസ്തക അവലോകനം നടത്തി സംസാരിച്ച ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് സന്തോഷ് ചന്ദ്രന്‍ പറഞ്ഞു. ചന്ദ്രിക റെസിഡന്റ് എഡിറ്റര്‍ അശ്‌റഫ് തൂണേരി അധ്യക്ഷതവഹിച്ചു. എഫ്.സി.സി. ഡയറക്ടര്‍ ഹബീബുര്‍ റഹ്മാന്‍ കിഴിശ്ശേരി, എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ് കമ്മിറ്റിയംഗം എ.പി. ഖലീല്‍, എം.ടി. നിലമ്പൂര്‍, ഇസ്മാഈല്‍ മേലടി, റഫീഖ് പുറക്കാട്, ജയലക്ഷ്മി ടീച്ചര്‍, മനോജ് സി.ആര്‍, അബ്ദുല്‍ അസീസ് നല്ലവീട്ടില്‍ സംസാരിച്ചു. രാമചന്ദ്രന്‍ വെട്ടിക്കാട് സ്വാഗതവും സുനിലാ ജോബി നന്ദിയും പറഞ്ഞു.
 
പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: