നെയ്യാറ്റിന്‍കരയിലെ
ജനവിധി
നല്‍കുന്ന പാഠം


സമകാലീന രാഷ്ട്രീയ വിഷയങ്ങള്‍ സംബന്ധിച്ച് വിവിധ രാഷ്ട്രീയകക്ഷികള്‍ കൈക്കൊണ്ട നിലപാടുകളുടെ മൂല്യനിര്‍ണയമായിരുന്നു നെയ്യാറ്റിന്‍കര വിധി .ഉപതിരഞ്ഞെടുപ്പുകള്‍ സര്‍ക്കാറുകളുടെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള ഹിതപരിശോധനകളാവുമെന്നാണ് പൊതുവിശ്വാസവും സങ്കല്പവും. എന്നാല്‍, നെയ്യാറ്റിന്‍കരയില്‍ കണ്ടത് അത് മാത്രമായിരുന്നോ ? സമകാലീന രാഷ്ട്രീയ വിഷയങ്ങള്‍ സംബന്ധിച്ച് വിവിധ രാഷ്ട്രീയകക്ഷികള്‍ കൈക്കൊണ്ട നിലപാടുകളുടെ മൂല്യനിര്‍ണയമായിരുന്നു അവിടത്തെ വോട്ടര്‍മാര്‍ നടത്തിയതെന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല. ചരിത്രത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു ഉപതിരഞ്ഞെടുപ്പ് സാഹചര്യമായിരുന്നു നെയ്യാറ്റിന്‍കരയിലേത്. ഒരു കക്ഷിയുടെ സ്ഥാനാര്‍ഥിയായി നിന്ന് ജയിച്ച്, കക്ഷി മാറി, അന്നത്തെ എതിര്‍ കക്ഷിയുടെ സ്ഥാനാര്‍ഥിയായി വന്ന് വീണ്ടും ജയിക്കുന്ന കാഴ്ച സമീപകാല രാഷ്ട്രീയത്തിലുണ്ടായിട്ടില്ല.
സര്‍ക്കാറിന്റെ നേട്ടങ്ങള്‍ അക്കമിട്ട് പറഞ്ഞാണ് തങ്ങള്‍ വോട്ടുപിടിച്ചതെന്ന് ഐക്യജനാധിപത്യമുന്നണി പോലും അവകാശപ്പെടുന്നില്ല. ആര്‍. സെല്‍വരാജിന്റെ 'ആദര്‍ശ പരിശുദ്ധി' യേക്കാള്‍, അദ്ദേഹം തന്റെ പാര്‍ട്ടിയായിരുന്ന സി.പി.എമ്മിനെതിരെ ഉന്നയിച്ച 'ആരോപണങ്ങള്‍' ശരിയാണോയെന്ന് പരിശോധിക്കുകയായിരുന്നു വോട്ടര്‍മാര്‍. അദ്ദേഹം പറഞ്ഞത് യാഥാര്‍ഥ്യത്തോടടുത്ത് നില്‍ക്കുന്ന കാര്യങ്ങളായിരുന്നുവെന്ന് ടി.പി. ചന്ദ്രശേഖരന്‍ വധവും ഇടുക്കിയിലെ സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. മണി നടത്തിയ വിവാദപ്രസംഗവും മറ്റും അവരെ ബോധ്യപ്പെടുത്തിയെന്നുവേണം കരുതാന്‍. രാഷ്ട്രീയത്തിലെ ധാര്‍മികതയും സദാചാരമൂല്യങ്ങളുമെല്ലാം ഇടതുമുന്നണി ഉന്നയിച്ചുവെങ്കിലും അവരെ തള്ളിപ്പറഞ്ഞുപോയ നേതാവിന്റെ വാക്കുകള്‍ വിശ്വസിക്കാനായിരുന്നു ജനങ്ങള്‍ക്കിഷ്ടം.
മതവും ജാതിയും അതിലെ ഉള്‍പ്പിരിവുകളുമെല്ലാം അഴിഞ്ഞാടിയ പ്രചാരണമായിരുന്നു നെയ്യാറ്റിന്‍കര കണ്ടതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, അതിനെല്ലാം ഉപരിയായി രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം. സ്വീകരിച്ച അഹന്ത മുറ്റിനില്‍ക്കുന്ന നിലപാടുകളും വോട്ടര്‍മാര്‍ ശ്രദ്ധിച്ചുകാണണം. സാധാരണ ജനങ്ങളെ മാത്രമല്ല, പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരെയും സഹയാത്രികരെയും ഇത് വേദനിപ്പിച്ചുവെന്ന് വ്യക്തം. പാര്‍ട്ടിയുടെ സമുന്നതനേതാവായ വി.എസ്. അച്യുതാനന്ദന് പോലും പാര്‍ട്ടി നിലപാടുകളോട് യോജിപ്പില്ല. പാര്‍ട്ടിയച്ചടക്കം ലംഘിച്ചും അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ തുറന്നടിക്കുന്നത് പൊതുസമൂഹം ശ്രദ്ധിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍, സംശയത്തിന്റെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സി.പി.എം. നേതൃത്വം വീണ്ടെടുക്കേണ്ടത് വിശ്വാസ്യതയാണ്. അത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ആവശ്യമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് നെയ്യാറ്റിന്‍കരയിലെ ജനവിധിയില്‍ അടങ്ങിയിരിക്കുന്ന സന്ദേശം.
ശക്തമായ അടിത്തറയുള്ള രണ്ട് മുന്നണികള്‍ക്കിടയില്‍ സ്വന്തം ഇടം കണ്ടെത്താനുള്ള തീവ്രശ്രമമായിരുന്നു ബി.ജെ.പി.യുടേത്. സര്‍വസമ്മതനായ തങ്ങളുടെ സ്ഥാനാര്‍ഥി ഒ. രാജഗോപാലിലൂടെ അവര്‍ നല്ല പ്രകടനം കാഴ്ചവെച്ചു. അഞ്ചാംമന്ത്രി വിവാദവും ന്യൂനപക്ഷ പ്രീണനവുമായിരുന്നു അവരുടെ തുറുപ്പുശീട്ട്. ഈ വിഷയത്തില്‍ അസ്വസ്ഥരായിരുന്ന എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പി. യോഗവും മറ്റും നടത്തിയ തന്ത്രപരമായ നീക്കങ്ങളും ബി.ജെ.പി.ക്ക് വേണ്ടത്ര തുണയായില്ല. സി.പി.എമ്മിനോട് കാണിച്ച 'മൃദു'സമീപനവും അവര്‍ക്ക് പ്രതീക്ഷിച്ച ഗുണം ചെയ്തില്ല.
സ്വന്തം നേട്ടങ്ങളേക്കാള്‍, സി.പി.എമ്മിനുണ്ടായ രാഷ്ട്രീയവീഴ്ചകള്‍ സമര്‍ഥമായി മുതലെടുക്കുക എന്നതായിരുന്നു ഐക്യമുന്നണിയുടെ തിരഞ്ഞെടുപ്പ് തന്ത്രം. ഇതിനു പുറമേ, സെല്‍വരാജിന്റെ വ്യക്തിപരമായ സ്വാധീനവും തിരഞ്ഞെടുപ്പുഫലത്തില്‍ പ്രതിഫലിക്കുന്നു. അനവസരത്തില്‍ ക്ഷണിച്ചുവരുത്തിയ ഒരു തിരഞ്ഞെടുപ്പും അതില്‍ പൊരുതിക്കിട്ടിയ വിജയവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അല്‍പ്പം ആശ്വാസം പകരുമെന്ന കാര്യം തീര്‍ച്ച. മുന്നണിക്കകത്തുനിന്നുള്ള അനാരോഗ്യകരമായ സമ്മര്‍ദങ്ങളില്‍ നിന്ന് അദ്ദേഹത്തിന് ഒരു താത്കാലിക മോചനം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments:
Post a Comment