Pages

Sunday, June 10, 2012

പരിസരശുചിത്വം ഉറപ്പാക്കാന്‍ നടപടി ഉടന്‍ വേണം


പരിസരശുചിത്വം ഉറപ്പാക്കാന്‍
  നടപടി ഉടന്‍ വേണം
             കേരളത്തില്‍ മഴ പതുക്കെ എത്തിനോക്കുന്നതേയുള്ളു. എന്നാല്‍ ഇതിനകം പലേടത്തും പനി വ്യാപകമായിട്ടുണ്ട്. കാലവര്‍ഷം കനക്കുന്നതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായേക്കാം. ആസ്പത്രികളില്‍ ചികിത്സയും മരുന്നും ലഭ്യമാക്കാന്‍ നടപടി വേണം. ഒപ്പം പരിസരശുചിത്വം ഉറപ്പാക്കുകയും വേണം. പനി വ്യാപകമായി പടര്‍ന്നുപിടിക്കുന്നത് ഇതുവഴി ഒഴിവാക്കാനാവും. മാലിന്യം കുമിഞ്ഞുകൂടി ചീഞ്ഞഴുകന്ന അവസ്ഥയുണ്ടാകരുത്. എലി നശീകരണത്തിനുള്ള നടപടിയും അത്യാവശ്യമാണ്. റോഡരികിലും വീട്ടുവളപ്പിലും മറ്റും വെള്ളം കെട്ടിക്കിടക്കുന്നത് കൊതുക് പെരുകാനും കൊതുകിലൂടെ പകരുന്ന രോഗങ്ങള്‍ വ്യാപകമാകാനും വഴിവെക്കും. അത് ഒഴിവാക്കാന്‍ നിതാന്തജാഗ്രത വേണം. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാറിനും ആരോഗ്യവകുപ്പിനും തദ്ദേശസ്ഥാപനങ്ങള്‍ക്കും അറിയാവുന്നവ തന്നെയാണ്. സംസ്ഥാനം മഴക്കാലത്ത് പകര്‍ച്ചപ്പനിയുടെ പിടിയിലാകാന്‍ തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളായി. എന്നാല്‍ ഇത് മുന്‍കൂട്ടിക്കണ്ട് മാലിന്യംനീക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ലെന്നാണ് സൂചന.

വിളപ്പില്‍ശാലയിലെ സംസ്‌കരണകേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നതില്‍ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്ന തിരുവനന്തപുരത്താണ് മാലിന്യം ഏറ്റവുമധികം പ്രശ്‌നമായിട്ടുള്ളത്. മാലിന്യം നീക്കുന്ന ലോറികള്‍ തടയുന്നവര്‍ക്കെതിരെ അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നീക്കം ചെയ്യുന്ന മാലിന്യം സംസ്‌കരിക്കാത്തത് അതിടുന്ന സ്ഥലത്തുള്ളവര്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുന്നുവെന്ന് പരാതിയുണ്ട്. ഇതാവാം മാലിന്യലോറികള്‍ തടയുന്നതില്‍ എത്തിനില്‍ക്കുന്നത്. മാലിന്യസംസ്‌കരണം ശാസ്ത്രീയമാക്കാന്‍ പല തദ്ദേശസ്ഥാപനങ്ങളും ശ്രമിക്കുന്നില്ല. ഇതുവരെയുണ്ടായ മാലിന്യപ്രശ്‌നങ്ങളുടെ കാരണം മനസ്സിലാക്കാനും അത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയെടുക്കാനും അധികൃതര്‍ക്ക് കഴിയുന്നില്ലെന്നത് ഖേദകരമാണ്. മഴയ്ക്കുമുമ്പ് ചെയ്യേണ്ട കാര്യങ്ങളില്‍ ശ്രദ്ധിക്കാതിരുന്നത് പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിലെത്താതിരിക്കാന്‍ ഇനിയെങ്കിലും സത്വരനടപടിയുണ്ടാകണം. തിരുവനന്തപുരം ജില്ലയില്‍ ഡെങ്കിപ്പനിയാണ് ഏറ്റവുമധികം വ്യാപിച്ചിട്ടുള്ളത്. മലമ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവും പടരുന്നതായാണ് റിപ്പോര്‍ട്ട്. രോഗബാധിതരില്‍ മുക്കാല്‍പങ്കും നഗരത്തിലാണെന്നറിഞ്ഞതോടെയാണ് മാലിന്യനീക്കം സുഗമമാക്കാന്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കടുത്തനടപടികള്‍ എടുക്കേണ്ടിവന്നത്. അവിടെ നഗരത്തിലെ അനധികൃത അറവുശാലകള്‍ അടപ്പിക്കാനുത്തരവിട്ടു. വഴിയോരത്തെ താത്കാലിക ഭക്ഷണശാലകള്‍ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. പാതയോരത്തും പൊതുസ്ഥലത്തും മലിനവസ്തുക്കള്‍ ഇടുന്നവര്‍ക്ക് കടുത്തശിക്ഷ പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്തായാലും മുന്‍കൂട്ടി നടപടിയെടുക്കാതെ അവസാനം കഠിനാധ്വാനം ചെയ്യുന്നത് വേണ്ടത്ര ഫലം ചെയ്യുമോ എന്ന് കണ്ടറിയണം.

കൊച്ചിയും കോഴിക്കോടും ഉള്‍പ്പെടെ മറ്റ് നഗരങ്ങളിലും ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിലും ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചപ്പനികള്‍ വ്യാപകമാണ്. അഴുകന്ന മാലിന്യക്കൂമ്പാരത്തോടൊപ്പം പ്ലാസ്റ്റിക് മാലിന്യവും അവിടവിടെ കുന്നുകൂടിക്കിടക്കുന്നു. ഇതില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കൊതുകുകള്‍ക്ക് മികച്ച ആവാസവ്യവസ്ഥയൊരുക്കുകയാണ്. വീടുകളില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യത്തെക്കാളേറെ പൊതുജനാരോഗ്യത്തെ ബാധിക്കുന്നതാണ് പൊതുവ്യാപാര, വാണിജ്യകേന്ദ്രങ്ങളില്‍ നിന്ന് തള്ളുന്ന മാലിന്യം. അറവുശാലകള്‍, ഹോട്ടലുകള്‍, കല്യാണമണ്ഡപങ്ങള്‍, ആസ്പത്രികള്‍ തുടങ്ങിയവയില്‍ നിന്നാണ് വന്‍തോതില്‍ അവശിഷ്ടങ്ങള്‍ പുറന്തള്ളുന്നത്. ഇക്കാര്യത്തെപ്പറ്റി വ്യാപകമായ ബോധവത്കരണം നടത്തണം. മാലിന്യം ബോധപൂര്‍വമായോ അലക്ഷ്യമായോ പൊതുസ്ഥലങ്ങളില്‍ തള്ളുമ്പോള്‍ തങ്ങളുടെ വീട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കുമൊക്കെത്തന്നെയാണ് ആരോഗ്യപ്രശ്‌നമുണ്ടാക്കുകയെന്ന കാര്യം നാട്ടുകാരെ ബോധ്യപ്പെടുത്തണം. മാലിന്യം സംസ്‌കരിക്കാനുള്ള വികേന്ദ്രീകൃതസംവിധാനങ്ങള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ് ഏര്‍പ്പെടുത്തേണ്ടത്. മിക്ക ജില്ലകളിലും ആസ്പത്രികളില്‍ പനിബാധിതര്‍ക്കായി പ്രത്യേകവാര്‍ഡ് തയ്യാറാക്കിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്. രോഗപ്രതിരോധനടപടികള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കണം.

പ്രൊഫ് .ജോണ്‍ കുരാക്കാര്‍

No comments: