Pages

Friday, June 8, 2012

അവയവദാനത്തിന്റെ കാര്യത്തില്‍ മലയാളികള്‍ മാനസികമായി സജ്ജരാകണം.

അവയവദാനത്തിന്റെ കാര്യത്തില്‍ 
മലയാളികള്‍ മാനസികമായി സജ്ജരാകണം.
വൈദ്യശാസ്ത്രം അനുദിനം പുതിയ അറിവുകളും കണ്ടുപിടിത്തങ്ങളുമായി പുരോഗമിക്കുമ്പോള്‍ നമ്മുടെ സംസ്ഥാനത്തെ ചികിത്സാസൗകര്യങ്ങളും അതിനനുസൃതമായി മുന്നോട്ടുപോകുന്നുണ്ട്. മരുന്നുകൊണ്ട് മാറാത്ത പല രോഗങ്ങള്‍ക്കും അവയവം മാറ്റിവെക്കല്‍ മാത്രമാകും പ്രതിവിധി. എന്നാല്‍, അവയവദാനത്തിന്റെ കാര്യത്തില്‍ മലയാളികള്‍ പൊതുവെ ഇപ്പോഴും മാനസികമായി സജ്ജരായിട്ടില്ല. നല്‍കാന്‍ തയ്യാറുള്ളവരുണ്ടെങ്കില്‍പ്പോലും അനുമതിക്ക് ഒട്ടേറെ കടമ്പകള്‍ കടക്കണമെന്നതാണ് സ്ഥിതി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുംവരെ രോഗി ജീവിച്ചിരുന്നില്ലെന്നും വരും. അവയവദാനം കൂടുതല്‍ സുതാര്യവും എളുപ്പവുമാക്കാനുള്ള നിയമവ്യവസ്ഥ വൈകാതെ സംസ്ഥാനത്ത് നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുകയാണ്. പുതിയ കേന്ദ്ര അവയവദാന നിയമത്തിന്റെ ചുവടുപിടിച്ച് അതേ വ്യവസ്ഥകളോടെ ഇവിടെയും നിയമം കൊണ്ടുവരാനുള്ള നീക്കം എല്ലാനിലയ്ക്കും ഉചിതമാണ്. വൃക്കയുള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ ആവശ്യമായ ആയിരക്കണക്കിന് പേരാണ് സ്ഥിരം മരുന്നും ഡയാലിസിസുമായി കഴിയുന്നത്. ഒരു ഘട്ടമെത്തിയാല്‍ ഇത്തരം ചികിത്സകളും പോരാതെ വരും. ദാതാവ് തയ്യാറായാലും അതിന് അനുമതി കിട്ടാത്തതിനാല്‍ അവയവം മാറ്റിെവക്കാന്‍ പറ്റാത്തവര്‍ ഏറേയുണ്ട്. പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ കോടതിയുടെ ഇടപെടലും വേണ്ടിവരാറുണ്ട്.

ദാതാക്കളുടെ ദേശീയരജിസ്റ്റര്‍ തയ്യാറാക്കല്‍ ഉള്‍പ്പെടെ നടപടിക്രമം കൂടുതല്‍ സുതാര്യമാക്കുന്നതാണ് കേന്ദ്രനിയമം. അവയവം ദാനം ചെയ്യാന്‍ അനുമതിയുള്ള അടുത്ത ബന്ധുക്കളുടെ പട്ടികയില്‍ കൂടുതല്‍ ബന്ധുക്കളെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അമ്മാവന്‍, അമ്മായി, പേരക്കുട്ടികള്‍, അപ്പൂപ്പന്‍, അമ്മൂമ്മ എന്നിവര്‍ക്കൊക്കെ പരസ്പരം അവയവം ദാനം ചെയ്യുകയോ സ്വീകരിക്കുകയോ ആകാം. നല്‍കാന്‍ തയ്യാറുള്ളവരില്‍ നിന്ന് അവയവം നീക്കം ചെയ്ത് ആകാവുന്നത്ര സമയം സൂക്ഷിക്കാനു
ള്ള സംവിധാനം വിപുലമാക്കുകയും ചെയ്യും. അവയവം നീക്കാനും സൂക്ഷിക്കാനും വെച്ചുപിടിപ്പിക്കാനും സംവിധാനമുള്ള വളരെക്കുറച്ച് ആസ്പത്രികളേ ഉള്ളൂ. അപകടത്തില്‍പ്പെട്ട് മസ്തിഷ്‌കമരണം സംഭവിക്കുന്നവരുടെ മറ്റ് ആന്തരികാവയവങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കാമെന്നത് വിദേശരാജ്യങ്ങളില്‍ വിപുലമായി പ്രയോജനപ്പെടുത്തുന്നുണ്ട്. സ്‌പെയിനിലും മറ്റും 99.5 ശതമാനം കേസുകളിലും മാറ്റിവെക്കാന്‍ എടുക്കുന്ന ആന്തരികാവയവം ഇത്തരത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ചവരുടേതാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇന്ത്യയില്‍ ഇത് 1.5 ശതമാനം മാത്രമാണ്. വൃക്ക, കരള്‍, ഹൃദയം തുടങ്ങിയവയുടെ ദാനത്തിലൂടെ അവയവം മാത്രമല്ല ജീവന്‍ തന്നെയാണ് നല്‍കുന്നത്. നേത്രദാനത്തിലൂടെ രോഗിക്ക് വെളിച്ചവും വര്‍ണവുമുള്ള പുതുജീവിതം നല്‍കാനാവും. എന്നാല്‍, ഇക്കാര്യത്തില്‍ വേണ്ടത്ര ബോധവത്കരണം നടക്കുന്നില്ല. മസ്തിഷ്‌കമരണം സംഭവിച്ചവരുടെ മറ്റ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറാണോ എന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളോട് ചോദിക്കണമെന്ന് കേന്ദ്രനിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

അവയവദാനം ചെയ്യുന്നതും സ്വീകരിക്കുന്നതും സംബന്ധിച്ച അനുമതിക്കുള്ള നടപടിക്രമത്തില്‍ കാലതാമസം വരുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യതകൂടി സര്‍ക്കാറിനുണ്ട്. നിയമം സങ്കീര്‍ണമാകുകയും കാര്യം സമയത്തിന് നടക്കില്ലെന്ന് വരികയും ചെയ്യുമ്പോഴാണ് അനധികൃതവഴികള്‍ പലരും തേടുന്നത്. അവയവക്കച്ചവടത്തിലെ ഇടനിലക്കാരും മാഫിയയും മാത്രമാണ് ഈ രംഗത്ത് ഇപ്പോള്‍ വേഗത്തില്‍ കാര്യം നടത്തുന്നതെന്ന പരാതി വ്യാപകമാണ്. ഇതിന് മാറ്റം വരണം. അവയവദാതാക്കളുടെയും ആവശ്യമുള്ളവരുടെയും രജിസ്റ്റര്‍ സുതാര്യമായ രീതിയില്‍ സംസ്ഥാനത്തുടനീളം ലഭ്യമാക്കാവുന്നതാണ്. മസ്തിഷ്‌കമരണം സംഭവിച്ച വ്യക്തിയുടെ അവയവങ്ങള്‍ നല്‍കാന്‍ ബന്ധുക്കള്‍ തയ്യാറാണെങ്കില്‍ ആ വിവരം ഉടന്‍ ഇത്തരം രജിസ്റ്ററിലൂടെ മറ്റ് ആസ്പത്രികളിലും അറിയിക്കണം. ഇത് യോജിക്കുന്ന ആവശ്യക്കാരന് ക്രമപ്രകാരം ലഭ്യമാക്കുകയുമാവാം. ഇവയെല്ലാം സാധ്യമാക്കുന്ന രജിസ്റ്റര്‍ സംസ്ഥാനതലത്തില്‍ തയ്യാറാക്കുകയും ആക്ഷേപങ്ങള്‍ക്കിട നല്‍കാത്തവിധം സുതാര്യമായി കാര്യങ്ങള്‍ നടപ്പാക്കുകയും വേണം. ആസ്പത്രിയിലെത്തുന്ന രോഗിയില്‍ നിന്ന് ആ വ്യക്തിയറിയാതെ വൃക്ക മോഷ്ടിച്ചെന്നും മറ്റുമുള്ള പരാതി പലപ്പോഴും ഉണ്ടാകുന്നു. ഇത്തരം കേസുകളില്‍ ശിക്ഷ 10 കൊല്ലം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ആക്കുന്നതാണ് കേന്ദ്രനിയമം. ഇത്തരം പരാതി ഉയരുമ്പോള്‍ അതിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകള്‍ക്കുതന്നെ മുന്നോട്ടുവരാവുന്നതാണ്. വൈദ്യവൃത്തിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ക്കിടയില്‍നിന്നുതന്നെയാണ് ആദ്യശ്രമം ഉണ്ടാകേണ്ടത്.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: