Pages

Sunday, June 3, 2012

എസ്.എ.ടിയില്‍ ഒരു വര്‍ഷത്തിനിടെ മരിച്ചത് 385 നവജാത ശിശുക്കള്‍


എസ്.എ.ടിയില്‍ ഒരു വര്‍ഷത്തിനിടെ മരിച്ചത് 385 നവജാത ശിശുക്കള്‍

എസ്.എ.ടി. സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിയില്‍ ഒരു വര്‍ഷത്തിനിടെ 385 നവജാത ശിശുക്കള്‍ മരിച്ചതായി വിവരാവകാശരേഖ. 192 നവജാത ശിശുക്കള്‍ക്ക് അണുബാധയേറ്റിരുന്നതായും രേഖ വെളിപ്പെടുത്തുന്നു. വിവരാവകാശരേഖ പ്രകാരം 2011 ഏപ്രില്‍ 4 മുതല്‍ 2012 ഏപ്രില്‍ 4 വരെയായി ഇന്‍ബോണ്‍ നഴ്‌സറിയില്‍ പ്രവേശിപ്പിച്ച 217 നവജാത ശിശുക്കളാണ് മരിച്ചത്. ഔട്ട്‌ബോണ്‍ നഴ്‌സറിയില്‍ പ്രവേശിപ്പിച്ച 168 കുട്ടികളും ഈ കാലയളവില്‍ മരിച്ചെന്നാണ് രേഖ വ്യക്തമാക്കുന്നത്. പൊതുപ്രവര്‍ത്തകനായ പി.കെ.രാജീവിന് വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
എസ്.എ.ടി. ആസ്പത്രിയില്‍ പ്രസവിച്ച കുട്ടികളെയാണ് ഇന്‍ബോണ്‍ നഴ്‌സറിയില്‍ (ഐ.ബി.എന്‍.) പ്രവേശിപ്പിക്കുന്നത്. മറ്റ് ആസ്പത്രികളില്‍ പ്രസവിച്ച് ഗുരുതരാവസ്ഥയില്‍ കൊണ്ടുവരുന്ന കുട്ടികളെ ഔട്ട്‌ബോണ്‍ നഴ്‌സറിയിലും (ഒ.ബി.എന്‍.) പ്രവേശിപ്പിക്കും. ഈ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന നവജാത ശിശുക്കളാണ് അണുബാധമൂലം മരിക്കുന്നതെന്നാണ് ആസ്പത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഔട്ട്‌ബോണില്‍ പ്രവേശിപ്പിച്ച കുട്ടികളെക്കാള്‍ കൂടുതല്‍ മരിച്ചത് ഇന്‍ബോണ്‍ നഴ്‌സറിയില്‍ ഉണ്ടായിരുന്ന നവജാത ശിശുക്കളാണെന്നാണ് രേഖയില്‍ വ്യക്തമാക്കുന്നത്.
ഐ.ബി.എന്നില്‍ 88-ഉം ഒ.ബി.എന്നില്‍ 104-ഉം നവജാത ശിശുക്കള്‍ക്ക് അണുബാധയേറ്റിരുന്നതായാണ് കണക്ക്. നവജാതശിശു നഴ്‌സറിയും ഇതിനകത്തെ ഉപകരണങ്ങളും ദിവസവും മൂന്നുനേരം അണുവിമുക്തമാക്കാറുണ്ടെന്നാണ് ആസ്പത്രി അധികൃതരുടെ മറുപടി. എന്നാല്‍ കുട്ടികളുടെ നഴ്‌സറിയില്‍വച്ച് അണുബാധയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് രേഖ വ്യക്തമാക്കുന്നത്.

ഇന്‍ബോണ്‍, ഔട്ട്‌ബോണ്‍ നഴ്‌സറികളില്‍ പ്രവേശിപ്പിക്കുന്ന എല്ലാ കുട്ടികളെയും ബ്ലഡ് കള്‍ച്ചര്‍ ടെസ്റ്റിന് വിധേയമാക്കാറുണ്ട്. എന്നാല്‍ ഈ ടെസ്റ്റില്‍ പോസിറ്റീവാകുന്ന കുട്ടികള്‍ എല്ലാംതന്നെ അണുബാധമൂലം മരിക്കുന്നില്ലെന്ന് ആസ്പത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി.എച്ച്.ശങ്കര്‍ പറഞ്ഞു. നഴ്‌സറികളും ഓപ്പറേഷന്‍ തിയേറ്ററുകളും മൈക്രോബയോളജി ലാബും എല്ലാ ദിവസവും വൃത്തിയാക്കി അണുവിമുക്തമാക്കാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.മറ്റ് ആസ്പത്രികളില്‍ പ്രസവിച്ച് ഗുരുതരാവസ്ഥയിലായതിനുശേഷം ഔട്ട്‌ബോണ്‍ നഴ്‌സറിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളാണ് മരിക്കുന്നത്. ഇതില്‍ അണുബാധമൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം കുറവാണ്. മറ്റ് പല അസുഖങ്ങളാലാണ് കുട്ടികള്‍ അധികവും മരിക്കുന്നതെന്നും ഡെപ്യൂട്ടി സൂപ്രണ്ട് വ്യക്തമാക്കി.

വിവരാവകാശ നിയമപ്രകാരം അറിഞ്ഞ കാര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം നല്‍കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഒരു വര്‍ഷം പതിനായിരത്തിലേറെ പ്രസവങ്ങള്‍ നടക്കുന്ന ആസ്പത്രിയാണ് എസ്.എ.ടി. ഇവിടെ സര്‍ക്കാരാസ്പത്രികളേയും മറ്റ് സ്വകാര്യ ആസ്പത്രികളെയും അപേക്ഷിച്ച് ശിശുമരണനിരക്ക് കുറവാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാറിന്റെ ഓഫീസ് അറിയിച്ചു.

ആസ്പത്രിയെ സംബന്ധിക്കുന്ന തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. നവജാത ശിശുക്കള്‍ മരിക്കാനിടയായതിനെപ്പറ്റി വിശകലനംചെയ്യാന്‍ തിങ്കളാഴ്ച ആസ്പത്രി സൂപ്രണ്ട് ഡോ.എലിസബത്ത് കെ.ഇ. വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചിട്ടുണ്ട്. എസ്.എ.ടിയില്‍ നവജാത ശിശുക്കള്‍ മരിക്കാനിടയായ സംഭവം അന്വേഷിക്കണമെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി ആവശ്യപ്പെട്ടു.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍


No comments: