Pages

Wednesday, May 30, 2012

VISWANATHAN ANAND WORLD CHESS CHAMPION



ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ്
വീണ്ടും ലോക ചാമ്പ്യന്‍
ചെസ്സില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് വീണ്ടും വിശ്വവിജയി. അഞ്ചാം ലോക കിരീടവുമായി ചെസ്സിന്റെ ലോകത്ത് റിയല്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ താന്‍ തന്നെയെന്ന് ആനന്ദ് വീണ്ടും തെളിച്ചു. അത്യന്തം വാശിയേറിയ ഫൈനലിന്റെ ട്രൈബ്രേക്കറില്‍ ആനന്ദ് എതിരാളിയായ ഇസ്രായേലിന്റെ ബോറിസ് ഗെല്‍ഫെന്‍ഡിനെ മുട്ടുകുത്തിച്ച് ലോക ചാമ്പ്യന്‍ഷിപ്പ് നേടി. ഇത് അഞ്ചാം തവണയാണ് ആനന്ദ് ലോക ചെസ് ചാമ്പ്യന്‍പട്ടം അണിയുന്നത്. ടൈബ്രേക്കറിലെ അതിവേഗ മത്സരമാണ് വിജയിയെ നിശ്ചയിച്ചത്. അതിവേഗ ചെസ്സിലെ എക്കാലത്തേയും മികച്ച താരമായി വാഴ്ത്തപ്പെടുന്ന ആനന്ദിന് ടൈബ്രേക്കറില്‍ മുന്‍തൂക്കമുണ്ടെന്ന വിലയിരുത്തല്‍ ശരിവെക്കുന്ന പ്രകടനാണ് ഇന്ത്യന്‍ താരം കാഴ്ചവെച്ചത്. ട്രൈബ്രേക്കറിലെ രണ്ടാം ഗെയിമാണ് വിധി നിര്‍ണയിച്ചത്. നാല് ഗെയിമുകള്‍ വീതമുള്ള ടൈബ്രേക്കറിന്റെ ആദ്യ ഗെയിമിലും ഫലം മറിച്ചായില്ല. സമനില തന്നെ. എന്നാല്‍ അപ്രതീക്ഷിത നീക്കത്തിലൂടെ ആനന്ദ് രണ്ടാം ഗെയിം നേടി. വെള്ളക്കരുക്കളുമായി കളിച്ച ആനന്ദ് 77 ാമത്തെ നീക്കത്തിലാണ് വിജയം പിടിച്ചെടുത്തത്. അതോടെ ഗെല്‍ഫെന്‍ഡ് സമ്മര്‍ദത്തിലായി. മൂന്നാം ഗെയിമിലും ആനന്ദ് വിട്ടുകൊടുത്തില്ല. വീണ്ടും സമനില. സ്‌കോര്‍ 2-1. അതോടെ നിര്‍ണായകമായ നാലാം ഗെയിമിലേക്ക് കടക്കുമ്പോള്‍ ആനന്ദിന് കിരീടത്തിലേക്ക് ഒരു സമനിലയുടെ അകലം മാത്രമായി. നാലാം ഗെയിമിലും ഗെല്‍ഫെന്‍ഡിനെ സമനിലയില്‍ പിടിച്ചുനിര്‍ത്താനായതോടെ സ്‌കോര്‍ (2.5-1.5) എന്ന ലീഡുമായി ആനന്ദ് കിരീടം ഉറപ്പിച്ചു. ക്ലാസിക്കല്‍ ശൈലിയിലുള്ള 12 ഗെയിമുകളുടെ മത്സരത്തില്‍ ഇരുവരും ആറുപോയന്റ് വീതം നേടി സമനിലയില്‍ അവസാനിച്ചതോടെയാണ് ചാമ്പ്യനെ കണ്ടെത്താന്‍ ട്രൈബ്രേക്കര്‍ വേണ്ടിവന്നത്. 12 ഗെയിമുകളില്‍ ഏഴാം ഗെയിമില്‍ ജയിച്ച് ഗെല്‍ഫെന്‍ഡ് ലീഡ് നേടി. എന്നാല്‍, തൊട്ടടുത്ത ഗെയിം ജയിച്ച് ആനന്ദ് തിരിച്ചടിച്ചു. മറ്റ് കളികള്‍ സമനിലയില്‍ പിരിഞ്ഞു.2000 ത്തില്‍ അലക്ഷി ഷിറോവിനെ പരാജയപ്പെടുത്തിയാണ് ലോക ചെസ് ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരമായി ആനന്ദ് മാറിയത്. പിന്നീട് 2007, 2008, 2010 വര്‍ഷങ്ങളിലും ആനന്ദ് ലോകചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള ആനന്ദ് അനായാസം കിരീടം നിലനിര്‍ത്തുമെന്ന പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തി മത്സരം ടൈബ്രേക്കറിലെത്തിക്കാന്‍ കഴിഞ്ഞ ഗെല്‍ഫെന്‍ഡ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലോക ചെസ് ഫൈനലില്‍ ഇത് നാലാംതവണയാണ് ടൈബ്രേക്കറില്‍ വിജയിയെ തിരുമാനിക്കേണ്ടി വരുന്നത്. 1998ല്‍ ആനന്ദ് റഷ്യയുടെ അനറ്റോളി കാര്‍പ്പോവിനോട് കീഴടങ്ങി. 2004-ല്‍ ഉസ്‌ബെക്കിസ്താന്റെ രുസ്തം കാസിം ഷെനോവ് ഇംഗ്ലണ്ടിന്റെ മൈക്കല്‍ ആദംസിനേയും തോല്‍പ്പിച്ചു. ബള്‍ഗേറിയയുടെ വാസ്‌ലിന്‍ ടോപ്പലോവിനെ 2006-ല്‍ റഷ്യന്‍ വ്‌ളാദിമിര്‍ ക്രാംനിക്ക് വീഴ്ത്തിയതും ടൈബ്രേക്കറിലായിരുന്നു.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: