റെയില്‍വേ
കേരളത്തിനു
നല്‍കുന്ന വാഗ്ദാനങ്ങള്‍
പാലിക്കപെടുന്നില്ല.
എന്നാല്‍, സ്വപ്നപദ്ധതിയെന്നു വിശേഷിപ്പിക്കപ്പെട്ട ചേര്‍ത്തല കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ഈ സ്ഥിതി ഉണ്ടാകില്ലെന്നു കരുതിയിരിക്കെയാണ് മറിച്ചുള്ള സൂചനകള്‍ വന്നിരിക്കുന്നത്. പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചശേഷമാണ് അതില്‍ അനിശ്ചിതത്വത്തിന്റെ നിഴല്‍ വീണിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം 2007-ലാണ്, അന്നത്തെ റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് അവതരിപ്പിച്ച ബജറ്റില്‍ ഈ പദ്ധതിക്ക് ആദ്യമായി തുക വകയിരുത്തിയത്. 2009-ല്‍ കമ്പനി റെയില്‍വേയുമായി ധാരണാപത്രം ഒപ്പിട്ടതാണ്.
പിന്നീടുള്ള ബജറ്റുകളില്‍ ചേര്‍ത്തലയില്‍ ബോഗിനിര്‍മാണ യൂണിറ്റ് സ്വകാര്യ പങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കും എന്ന പ്രഖ്യാപനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുതിയ ബജറ്റുകളില്‍ തുക വകയിരുത്തിയിട്ടില്ലെങ്കിലും നിലവിലുള്ള പ്രവര്‍ത്തനങ്ങളെ അത് ബാധിക്കുകയില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ധാരണയായ പദ്ധതിയില്‍നിന്ന് റെയില്‍വേ പിന്മാറുന്നതിന് ഒരു ന്യായീകരണവുമില്ല.
ഈ പദ്ധതി കൈവിടാന്‍ നിര്‍ബദ്ധമാകുന്നവിധമുള്ള സാമ്പത്തിക പ്രതിസന്ധിയിലാണ് റെയില്‍വേ എന്നു കരുതാനും വയ്യ. തമിഴ്‌നാടും പശ്ചിമബംഗാളുമടക്കമുള്ള ചില സംസ്ഥാനങ്ങള്‍ക്ക് അടിക്കടി വന്‍ പദ്ധതികള്‍ റെയില്‍വേ അനുവദിക്കുന്നുണ്ട്. രാഷ്ട്രീയസമ്മര്‍ദങ്ങളോ താത്പര്യങ്ങളോ ആണ് പലപ്പോഴും റെയില്‍വേ മന്ത്രാലയത്തിന്റെ ഉദാരതയ്ക്ക് കാരണമാകുന്നതെന്നതും രഹസ്യമല്ല. റെയില്‍വേപദ്ധതികളുടെ കാര്യത്തില്‍ പിന്‍നിരയിലുള്ള കേരളത്തോട് ഈ സമീപനം സ്വീകരിക്കുകയാണെങ്കില്‍ അതിനെ അവഗണനയായേ കാണാനാവൂ.
ഇപ്പോള്‍ ഓട്ടോകാസ്റ്റില്‍ ജോലിചെയ്യുന്ന 500-ലധികം പേര്‍ക്കു പുറമെ 600-ഓളം പേര്‍ക്ക് പ്രത്യക്ഷമായും 2000-ത്തിലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്നതാണ് നിര്‍ദിഷ്ട പദ്ധതി. ഓട്ടോകാസ്റ്റിന് സ്വന്തമായി സ്ഥലമുള്ളതിനാല്‍ സ്ഥലം ഏറ്റെടുക്കേണ്ടതുമില്ല. പദ്ധതിക്കുള്ള പ്രധാന സാങ്കേതിക അനുമതികളും ലഭ്യമായിരുന്നു. ആലപ്പുഴ ജില്ലയുടെ പിന്നാക്കാവസ്ഥയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണുന്നതിനു മാത്രമല്ല, കേരളത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനും സഹായകമാകുന്ന പദ്ധതിയാണിത്. അതില്‍നിന്ന് റെയില്‍വേ പിന്മാറുന്നുവെങ്കില്‍ ആ തീരുമാനം പുനഃപരിശോധിപ്പിക്കാന്‍ വേണ്ടതെല്ലാം കേരളം ചെയ്യണം. ഈ പ്രശ്‌നം താന്‍ ഏറ്റെടുത്തിരിക്കുന്നുവെന്ന് പ്രതിരോധമന്ത്രി എ. കെ. ആന്റണി പറഞ്ഞത് കേരളത്തിന് ആശ്വാസമേകുന്നു.
ഇവിടെനിന്നുള്ള കേന്ദ്രമന്ത്രിമാരും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പരിശ്രമിച്ചാലേ ഇത്തരം നിര്‍ദിഷ്ടപദ്ധതികള്‍ ലക്ഷ്യത്തിലെത്തിക്കാനാവൂ. കഞ്ചിക്കോട് റെയില്‍വേകോച്ച് ഫാക്ടറിയുടെ കല്ലിടല്‍ കഴിഞ്ഞിട്ട് മൂന്ന് മാസമായെങ്കിലും പ്രവര്‍ത്തനം മുന്നോട്ടു നീങ്ങുന്നില്ല. ഭൂമി ഏറ്റെടുക്കലിന്റെ കാര്യത്തിലുണ്ടായ ചില പ്രശ്‌നങ്ങള്‍ ആ പദ്ധതിയെ ബാധിക്കുമെന്ന ആശങ്കയുണ്ടായി. സ്ഥലത്തെച്ചൊല്ലി തര്‍ക്കമില്ലെന്നും നിര്‍ദിഷ്ട സ്ഥലത്തെ ജലസേചനക്കനാല്‍ ഒഴിവാക്കിത്തരണമെന്ന അഭ്യര്‍ഥന മാത്രമാണ് നടത്തിയതെന്നുമാണ് റെയില്‍വേ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
ഇത് പദ്ധതി നടത്തിപ്പിനെ ബാധിക്കില്ലെന്നും റെയില്‍വേ അധികൃതര്‍ പറയുന്നു. എന്തായാലും ആ പദ്ധതിയും സമയബദ്ധമായി പൂര്‍ത്തിയാകുമോ എന്ന് അറിയാനിരിക്കുന്നതേ യുള്ളൂ . റെയില്‍വേ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ കേരളത്തിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ ശക്തവും ഏകോപിതവുമായ സമ്മര്‍ദം കേന്ദ്രത്തിനുമേല്‍ ഉണ്ടാകണമെന്നാണ് ഇവയെല്ലാം ഓര്‍മിപ്പിക്കുന്നത്.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment