Pages

Wednesday, May 2, 2012

ROAD ACCIDENT


റോഡപകടങ്ങള്‍ കുറയ്ക്കാന്‍ നിര്‍ദേശങ്ങളുമായി ഗള്‍ഫ് മലയാളി
 കേരളത്തിലെ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ നൂതനമായ ആശയങ്ങളുമായി ഗള്‍ഫ് മലയാളിയായ തൃശ്ശൂര്‍ സ്വദേശി സി.എം. അഹമ്മദ് കുട്ടി.കേരളത്തിലെ റോഡപകടങ്ങളില്‍ മരിക്കുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ച് മനസ്സ് മരവിച്ചാണ് പ്രശ്‌ന പരിഹാരമെന്ന നിലയ്ക്ക് ഏകാംഗ യുദ്ധത്തിന് അഹമ്മദ്കുട്ടി തുനിഞ്ഞിറങ്ങുന്നത്. തന്റെ നിര്‍ദേശങ്ങള്‍ ഡോക്യുമെന്ററികളിലൂടെയും ലഘുലേഖകളിലൂടെയും കേരളത്തില്‍ പ്രചരിപ്പിക്കാന്‍ അവധിയെടുത്ത് നാട്ടില്‍പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇദ്ദേഹം. വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഡോക്യുമെന്ററി വിതരണം ചെയ്യുമെന്ന് അഹമ്മദ്കുട്ടി അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കോളേജ് തലത്തിലും സ്‌കൂള്‍ തലത്തിലും സിഡി കാണാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക, 7-ാം ക്ലാസ് മുതല്‍ 10 -ാം ക്ലാസ് വരെ ഗതാഗത നിയമങ്ങള്‍ അടങ്ങുന്ന പാഠ്യപദ്ധതി നിര്‍ബന്ധമാക്കുക, എല്ലാ ടി.വി. ചാനലുകളും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള വഴിയും അപകടത്തിന്റെ കാരണങ്ങള്‍ കാണിക്കുന്ന രീതിയിലുള്ള ഷോര്‍ട്ട് സീനുകള്‍ പ്രദര്‍ശിപ്പിക്കുക, എല്ലാ മെയിന്‍ റോഡിലേക്കുള്ള പോക്കറ്റ് റോഡിലും കൃത്യമായി ഹമ്പുകളും അപകടസൂചന കൊടുക്കുന്ന ബോര്‍ഡുകളും സ്ഥാപിക്കുക, എല്ലാ കൊച്ചുപട്ടണങ്ങളിലും ആസ്പത്രി, സ്‌കൂള്‍ എന്നിവയുടെ മുന്നില്‍ 30 കി.മീ. സ്പീഡില്‍ മാത്രമേ വണ്ടി ഓടിക്കൂ എന്ന നിയമം കര്‍ശനമായും കൊണ്ടുവരിക, ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് വണ്ടി ഓടിക്കുന്ന ഡ്രൈവര്‍മാരെ കണ്ട്പിടിച്ച് വലിയ രീതിയിലുള്ള പിഴ ഈടാക്കുകയും ലൈസന്‍സ് റദ്ദാക്കുന്ന രീതിയിലുള്ള നടപടികളും സ്വീകരിക്കുക, വാഹനാപകടങ്ങളില്‍ മരിക്കുന്ന ആളുകളുടെ കുടുംബത്തിന് 10ലക്ഷം മുതല്‍ 15 ലക്ഷം വരെ നഷ്ടപരിഹാരം നല്‍കാന്‍ നിയമനിര്‍മാണം കൊണ്ടുവരിക, ഹെവി വെഹിക്കിളുകള്‍ എല്ലാം ഇടത് സൈഡില്‍ മാത്രം ചേര്‍ന്ന് സഞ്ചരിക്കാവുന്ന നിയമനിര്‍മാണം കൊണ്ടുവരിക, ഡ്രൈവിങ് സ്‌കൂളുകളിലെ സിലബസ് ഗള്‍ഫ് ശൈലിയില്‍ പ്രസിദ്ധീകരിക്കുക' തുടങ്ങിയ നിര്‍ദേശങ്ങളാണ് സി.എം. അഹമ്മദ് കുട്ടി മുന്നോട്ടുവെക്കുന്നത്. വര്‍ഷങ്ങളായി തന്നെക്കൊണ്ട് കഴിയുന്ന രീതിയില്‍ ട്രാഫിക് ബോധവത്കരണം നടത്താറുണ്ടെന്നും അഹമ്മദ് കുട്ടി പറഞ്ഞു.അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ.ബി. മുരളി സംബന്ധിച്ചു.

                            പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: