Pages

Tuesday, May 1, 2012

PRICE OF LIFE


ജീവന്റെ വില പല തരത്തില്‍


ജീവന്‍, അത് മതമുള്ളതായാലും അതില്ലാത്തതായാലും അമൂല്യമാണെന്ന് വിശ്വസിക്കാനും പറയാനുമാണ് എളുപ്പം. പൊതുവേദികളില്‍ അങ്ങനെ പറയുന്നതാണ് നല്ലതും. പക്ഷെ പ്രായോഗിക ജീവിതത്തില്‍ പലപ്പോഴും ജീവനോ ജീവിതത്തിനോ ഒക്കെ വിലയിടേണ്ടിവരും. ഉദാഹരണത്തിന് മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരത്തെപ്പറ്റിയുള്ള കേസ് നടക്കുകയാണല്ലോ. ഒരേ വിമാനത്തില്‍ ഓരേ വിലയ്ക്ക് ടിക്കറ്റ് എടുത്ത് അടുത്തടുത്ത സീറ്റില്‍ യാത്രചെയ്ത രണ്ടുമനുഷ്യര്‍ മരിച്ചാല്‍ അവരുടെ നഷ്ടപരിഹാരം ഒരുപോലെ ആകരുതെന്നാണല്ലോ എയര്‍ ഇന്ത്യ കോടതിയില്‍ വാദിക്കുന്നത്. സീറ്റിലിരുന്നത് എഞ്ചിനീയര്‍ ആയാലും കൂലിപ്പണിക്കാരന്‍ ആയാലും അവരുടെ കുടുംബങ്ങള്‍ക്ക് ഉള്ള നഷ്ടബോധം ഒരുപോലെയാണല്ലോ. അപ്പോള്‍ നഷ്ടപരിഹാരം കൊടുക്കുന്നത് രണ്ടു തട്ടില്‍ ആക്കുന്നത് ശരിയാണോ?
അതൊക്കെ പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി എന്ന മട്ടിലാണ് എയര്‍ ഇന്ത്യയുടെ സ്റ്റാന്റ്. സീറ്റില്‍ ഇരുന്ന ആളുടെ വരവും മറ്റും കണക്കാക്കി വിലയിടാം എന്നതാണ് അവരുടെ തീരുമാനം. കോടതി എന്തുതീരുമാനിക്കും എന്നു കാത്തിരുന്നു കാണാം.

മരിക്കുന്ന ആളുടെ പ്രായവും വരവും ഒക്കെ കണക്കാക്കി നഷ്ടപരിഹാരം തീരുമാനിക്കുന്നത് പക്ഷെ അപൂര്‍വമല്ല. കേരളത്തില്‍ ഒരു വര്‍ഷം മൂവായിരത്തി അഞ്ഞൂറില്‍ അധികം ആളുകള്‍ വാഹനാപകടത്തില്‍ മരിക്കുന്നു. അതില്‍ സിനിമാ നടിമാര്‍ തൊട്ട് കൂലിപ്പണിക്കാര്‍ വരെയുണ്ട്. പിഞ്ചുകുട്ടികള്‍ തൊട്ട് പ്രായം ആയവര്‍ വരെയും. ഇവര്‍ക്കെല്ലാം നഷ്ടപരിഹാരം കൊടുക്കുന്നു. ഇന്‍ഷുറന്‍സും കോടതിയും ആളുടെ പ്രായവും വരവും ഒക്കെ നോക്കിയാണ് നഷ്ടപരിഹാരം തീരുമാനിക്കുന്നത്. ജീവനോ ജീവിതത്തിനോ ഒരേ വിലയാണെന്ന് ഈ കോടതികള്‍ക്ക് അഭിപ്രായം ഇല്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് തീരെയും.
ഗവണ്‍മെന്റിന്റെ ഇക്കാര്യത്തിലുള്ള അഭിപ്രായവും തെളിച്ചു വ്യക്തമാക്കപ്പെട്ടിട്ടില്ല. ജീവന്‍ അമൂല്യം എന്നു പറയാന്‍ തന്നെയായിരിക്കും അവര്‍ക്കും ഇഷ്ടം. എന്നാല്‍ മാസാമാസം ആരെങ്കിലും ഒക്കെ അപകടത്തില്‍ മരിക്കുമ്പോള്‍ പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരം ഗവണ്‍മെന്റിന്റെ അഭിപ്രായം ആയി എടുത്താല്‍ ചില വസ്തുതകള്‍ നമുക്ക് മനസ്സിലാക്കാം.

1.
കേരളത്തിലെ മനുഷ്യരുടെ ജീവന് അന്യസംസ്ഥാന തൊഴിലാളികളുടെ ജീവനേക്കാള്‍ വിലയുണ്ട്. ഇവിടെ ഉള്ളവര്‍ക്ക് ശരാശരി അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുമ്പോള്‍ അന്യസംസ്ഥാനതൊഴിലാളികള്‍ക്ക് മുപ്പതിനായിരം വരെ ആകാം.

2.
കുട്ടികളുടെ ജീവന് പ്രായമായവരുടേതിനേക്കാള്‍ വില കുറവാണ്.

3.
അപകടങ്ങളില്‍ മരിക്കുന്നവരുടെ ജീവന്‍ അക്രമങ്ങളില്‍ മരിക്കുന്നവരുടെ ജീവനേക്കാള്‍ വില കുറഞ്ഞതാണ്.

വിലയിടുന്നത് ജീവനല്ല എന്നു നമുക്ക് സാങ്കേതികമായി പറയാം. പിന്നെ എന്തിനാണ് ഈ നഷ്ടപരിഹാരം?

മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ സാധാരണ കണക്കാക്കുന്നത് ജീവിച്ചിരുന്നെങ്കില്‍ അയാള്‍ ഉണ്ടാക്കുമായിരുന്ന സമ്പാദ്യത്തെ അനുസരിച്ചാണ്. അതുകൊണ്ടാണ് ഒരു എഞ്ചിനീയര്‍ അപകടത്തില്‍ മരിക്കുമ്പോള്‍ സ്‌കൂള്‍ അധ്യാപകനേക്കാള്‍ നഷ്ടപരിഹാരം ലഭിക്കുന്നത്. ഇതിന്റെ ഒരു കുഴപ്പം ഒരു സ്‌കൂള്‍ കുട്ടിയാണ് മരിക്കുന്നത് എങ്കിലത്തെ കണക്കെടുപ്പാണ്. കുട്ടിക്ക് പില്‍ക്കാലത്ത് അധ്യാപകനോ എഞ്ചിനീയറോ മറ്റെന്തോ ആകാം. പക്ഷെ അത് കോടതിക്ക് പ്രവചിക്കാന്‍ കഴിയില്ലല്ലോ, അതുകൊണ്ടുതന്നെ കുട്ടികളുടെ നഷ്ടപരിഹാരം ഏറെ കുറവാണ്. ഇത് ശരിയാണോ?

ഇന്ത്യയില്‍ ഒരാളുടെ മരണത്തിന് എന്ത് നഷ്ടപരിഹാരം കൊടുക്കണം എന്നതിന് പൊതുവില്‍ ഒരുനിയമം ഇല്ല. മറ്റു പല രാജ്യങ്ങളില്‍ ആകട്ടെ മരിച്ചവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലെങ്കില്‍ നഷ്ടപരിഹാരം കൊടുക്കുക എന്ന ഒരു രീതി പോലും ഇല്ല. പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുന്ന പ്രകൃതി ദുരന്തങ്ങളില്‍ നഷ്ടത്തിന്റെ കണക്ക് എടുക്കുമ്പോള്‍ മരിച്ച ആളുകളുടെ നഷ്ടം കണക്കില്‍ വരാറില്ല. അതുകൊണ്ടുതന്നെ കെട്ടിടത്തിന്റെയും മരത്തിന്റെയും ബോട്ടിന്റെയും എന്തിന് വീട്ടിലുണ്ടായിരുന്ന പശുവിന്റെയും കടലില്‍ ഉള്ള മുക്കുവര്‍ പിടിക്കുമായിരുന്ന മത്സ്യത്തിന്റെയും എല്ലാം നഷ്ടം എണ്ണിക്കൂട്ടി ആകെമൊത്തം നഷ്ടം കണക്കാക്കുമ്പോള്‍ ജീവനോ ജീവിതത്തിനോ വില കാണാറില്ല. ചിന്തിക്കേണ്ട കാര്യം ആണ്.

ഇന്ത്യയിലെ സംഘടിത മേഖലയിലെ തൊഴിലാളികളുടെ നഷ്ടപരിഹാരത്തിന് നിയമവും ചട്ടങ്ങളും ഉണ്ട്. തൊഴിലിനിടയില്‍ അപകടത്തില്‍പ്പെട്ടു മരിക്കുന്ന തൊഴിലാളികള്‍ക്ക് അയാളുടെ ശരാശരി മാസവേതനത്തിന്റെ നിശ്ചിത ഇരട്ടി ആണ് നഷ്ടപരിഹാരമായി കൊടുക്കുന്നത്. തൊഴിലാളികളുടെയും മാനേജറുടെയും ശമ്പളം വ്യത്യസ്തം ആയതിനാല്‍ അവര്‍ക്ക് കിട്ടുന്ന നഷ്ടപരിഹാരവും വ്യത്യസ്തമാകും. ജീവന്റെ വില പലതാണെന്ന് നിയമം അനുശാസിക്കുകയാണ്.

ഇന്ത്യയിലെ പോലെത്തന്നെ മറ്റു രാജ്യങ്ങളിലും തൊഴിലാളികളുടെ നഷ്ടപരിഹാരത്തിന് സമാനനിയമങ്ങള്‍ ഉണ്ട്. പലയിടത്തും അത് ഇന്‍ഷുറന്‍സും ആയി ബന്ധിച്ചിരിക്കുകയും ആണ്. ഗള്‍ഫ് രാജ്യങ്ങളില്‍ കെട്ടിട നിര്‍മ്മാണ സ്ഥലങ്ങളില്‍ മലയാളികള്‍ മരിക്കുന്നത് സാധാരണം ആണല്ലോ. അവര്‍ക്ക് കിട്ടുന്ന നഷ്ടപരിഹാരം ആകട്ടെ വളരെ മുന്തിയതും അല്ല. ഇത് അനീതിയാണെന്ന് നമുക്ക് എല്ലാം അറിയുകയും ചെയ്യാം. ഇതിനെപ്പറ്റി എന്തെങ്കിലും ചെയ്യുന്നതിനോടൊപ്പം കേരളത്തില്‍ വര്‍ഷാവര്‍ഷം അപകടത്തില്‍പ്പെടുന്ന ബംഗ്ലാദേശികള്‍ക്കും മറ്റു അന്യസംസ്ഥാനതൊഴിലാളികള്‍ക്കും ന്യായവും കുറഞ്ഞത് മലയാളികളുടെ അത്രയെങ്കിലും നഷ്ടപരിഹാരം കൊടുക്കണം എന്ന് നാം നിര്‍ബന്ധിക്കുന്നതല്ലേ ന്യായം?

ഇതു വരെ പറഞ്ഞത് നഷ്ടപരിഹാരത്തിന്റെ കണക്കാണെങ്കില്‍ നഷ്ടം ഒഴിവാക്കാന്‍ വേണ്ടി ചിലവാക്കുന്ന പണത്തിന്റെ കാര്യത്തിലും ജീവന്റെ വില പ്രശ്‌നം ആകാറുണ്ട്. സുരക്ഷാ നിയമങ്ങള്‍ ഉണ്ടാകുമ്പോള്‍ നിയമ നിര്‍മ്മാതാവിന്റെ മുന്‍പില്‍ വരുന്ന ഒരു പ്രശ്‌നം ആണ് ഇത്. ഉദാഹരണത്തിന് വാഹനത്തില്‍ കുട്ടികളുടെ സുരക്ഷാസീറ്റ് നിര്‍ബന്ധമാക്കുന്ന ഒരു നിയമം വരുത്തണം എന്ന് വിചാരിക്കുക. കേരളത്തിലെ കുട്ടികളുമായി യാത്ര ചെയ്യുന്ന ഓരോ കാറിലും കുട്ടികള്‍ക്കുള്ള സുരക്ഷാ സീറ്റ് ഉണ്ടെങ്കില്‍ (ഇത് വികസിത രാജ്യങ്ങളില്‍ 100 ശതമാനം നിര്‍ബന്ധമാണ്). ഒരു വര്‍ഷം പത്തു കുട്ടികളുടെ മരണമെങ്കിലും ഒഴിവാക്കാന്‍ പറ്റും എന്നും കരുതുക (സത്യത്തില്‍ ഈ സംഖ്യ പത്തിലും വളരെ കൂടുതല്‍ ആണ്. ഇതിനെപ്പറ്റി പിന്നെ എഴുതാം). അതേസമയം എല്ലാ കാറിലും ഇത് ഫിറ്റ് ചെയ്യുന്നതിന്റെ ചിലവ് 10 കോടി ആകും എന്നും കരുതുക. അപ്പോള്‍ ഈ പരിഷ്‌കാരം ഉണ്ടാക്കിയാല്‍ രക്ഷപ്പെടുന്ന ഓരോ കുട്ടിയുടെ ജീവനും ഒരു കോടി രൂപ വിലയായി. നമ്മുടെ സമൂഹത്തില്‍ കുട്ടികളുടെ ജീവന്‍ അമൂല്യമാണെന്നു പറയുന്നതല്ലാതെ അവരുടെ ജീവന്‍ രക്ഷിക്കാന്‍ പത്തുകോടി ചിലവാക്കുന്നത് അന്യായമല്ല എന്നു വാദിക്കാന്‍ ആളില്ല അതുകൊണ്ടാണ് തികച്ചും സാധ്യമായ ഈ സുരക്ഷാസംവിധാനം ഇപ്പോള്‍ കേരളത്തില്‍ ഇല്ലാത്തത്.

കുട്ടികളുടെ സീറ്റിന്റെ കാര്യത്തില്‍ മാത്രമല്ല മറ്റനവധി സുരക്ഷാകാര്യങ്ങളുടെ കാര്യത്തിലും നമ്മള്‍ അറിയാതെതന്നെ ജീവന് വിലയിടുന്നുണ്ട്. എല്ലാ ദിവസവും വഞ്ചിയില്‍ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് ഒരു ലൈഫ് ജാക്കറ്റ് വാങ്ങിക്കൊടുത്താല്‍ ഇടക്കു കേള്‍ക്കുന്ന സ്‌കൂള്‍ കുട്ടികളുടെ മുങ്ങിമരണം ഒഴിവാക്കാം. കിണറിലോ സെപ്റ്റിക് ടാങ്കിലോ ഇറങ്ങുന്നതിനുമുന്‍പ് അവിടുത്തെ ഓക്‌സിജന്റെ അളവു മനസ്സിലാക്കാനുള്ള വളരെ ചിലവു കുറഞ്ഞ യന്ത്രം ഉപയോഗിച്ചാല്‍ ഒരു വര്‍ഷം മുപ്പതുപേരെങ്കിലും കേരളത്തില്‍ രക്ഷപ്പെടും. കെട്ടിട നിര്‍മ്മാണരംഗത്ത് ആവശ്യത്തിന് സുരക്ഷാപരിശീലനവും മേല്‍നോട്ടവും ഉപകരണങ്ങളും ഉണ്ടെങ്കില്‍ വര്‍ഷം അഞ്ഞൂറുപേരുടെ മരണം ഒഴിവാക്കാം.
'
അതിനൊക്കെ വലിയ ചിലവാകും'. എന്നു നമ്മള്‍ പറയുമ്പോള്‍ ജീവന്‍ അമൂല്യമാണ് എന്നു പറയുന്ന അതേ നാവുകൊണ്ട് 'ജീവന്‍ രക്ഷിക്കാന്‍ ചിലവാക്കുന്നതിന് പരിധിയുണ്ട്' എന്നാണ് നാം പറയുന്നത്. നാമത് അറിയുന്നില്ല എന്നു മാത്രം.( Mathrubhumi)

                       പ്രൊഫ്.ജോണ്‍ കുരാക്കാര്‍


No comments: