Pages

Thursday, May 17, 2012

തെരസാ സാബുവിന്‍റെ ഇംഗ്ലീഷ് നോവല്‍ ശ്രദ്ധേയമാകുന്നു


തെരസാ സാബുവിന്‍റെ ഇംഗ്ലീഷ് നോവല്‍ ശ്രദ്ധേയമാകുന്നു
പതിനഞ്ചുകാരി തെരേസ സാബു ഇംഗ്ലീഷ് സാഹിത്യലോകത്ത് ശ്രദ്ധേയയാകുന്നു. 'ദി ഗസ്റ്റി എസ്‌കേപ്' എന്ന ആദ്യ നോവലിലൂടെ തന്നെ മലയാളിയായ തെരേസ ഇതിനകം ഇന്‍ഡോ ആംഗ്ലിക്കന്‍ എഴുത്തുകാര്‍ക്കിടയില്‍ (ഇംഗ്ലീഷിലെഴുതുന്ന ഇന്ത്യന്‍ എഴുത്തുകാര്‍) ശ്രദ്ധ പിടിച്ചുപറ്റി.പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന തെരേസ പഠനകാലത്താണ് 180 പേജ് വരുന്ന ഇംഗ്ലീഷ് നോവലിന്റെ രചന പൂര്‍ത്തിയാക്കിയത്. ന്യൂഡല്‍ഹിയിലെ ഷെരിഡന്‍ ബുക്‌സ് പുറത്തിറക്കിയ പുസ്തകം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനംചെയ്തു.ബി.എസ്.എഫില്‍ ഡി.ഐ.ജി ആയ കോട്ടയം തോട്ടയ്ക്കാട് അക്കരക്കടുത്തില്‍ സാബു എ. ജോസഫിന്റെയും ഗ്വാളിയോര്‍ സര്‍വകലാശാലയില്‍ അധ്യാപികയായ ഡോ. ജെസ്സി ആന്‍റണിയുടെയും മൂത്ത മകളാണ് തെരേസ.

ഡല്‍ഹി, കൊല്‍ക്കത്ത, ഗ്വാളിയോര്‍ എന്നിവിടങ്ങളിലാണ് തെരേസ തന്റെ പഠനം പൂര്‍ത്തിയാക്കുന്നത്.എട്ടു വയസ്സുമുതല്‍തന്നെ കവിതയെഴുതുന്ന തെരേസയുടെ ആദ്യ നോവലാണ് 'ദി ഗസ്റ്റി എസ്‌കേപ്'.തിരക്കേറിയ നഗരത്തില്‍ നിന്ന് മറ്റൊരിടത്തെ സ്‌കൂളിലേക്ക് പ്രവേശം തേടിയെത്തുന്ന കത്രീന എന്ന 11 വയസ്സുകാരിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് നോവലിന്റെ ഇതിവൃത്തം. കത്രീനയെയും കൂട്ടുകാരി നികിതയെയും ഒരു കൂട്ടം ആള്‍ക്കാര്‍ തട്ടിക്കൊണ്ടുപോകുന്നു. അവരുടെ പിടിയില്‍ നിന്ന് സാഹസികമായി ഇവര്‍ രക്ഷപ്പെടുന്നതാണ് നോവലില്‍ ചിത്രീകരിച്ചിരിക്കുന്നത്. സാഹസികതയും സസ്‌പെന്‍സും നിറഞ്ഞ ഒരു ത്രില്ലറാണ് തെരേസയുടെ നോവല്‍.11കാരായ രണ്ട് പെണ്‍കുട്ടികളുടെ ജീവിതകഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നതില്‍ തെരേസ വിജയിച്ചിട്ടുണ്ടെന്ന് പ്രശസ്ത സാഹിത്യകാരന്‍ റസ്‌കിന്‍ ബോണ്ട് പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നു. സാഹിത്യലോകത്ത് അറിയപ്പെടുന്നതിനൊപ്പം പഠിച്ച് ഡോക്ടറാകണമെന്നതും തെരേസയുടെ പ്രധാന ലക്ഷ്യമാണ്.

                         പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: