Pages

Thursday, May 24, 2012

ആരുഷി വധം-കുറ്റപത്രം നല്‍കും


ആരുഷി വധം-കുറ്റപത്രം  നല്‍കും

ന്യൂഡല്‍ഹി: കോളിളക്കമുണ്ടാക്കിയ ആരുഷി തല്‍വാര്‍ കൊലക്കേസില്‍ മാതാപിതാക്കളെ പ്രത്യേക കോടതി വിചാരണ ചെയ്യും. ഡോക്ടര്‍ ദമ്പതികളായ രാജേഷ് തല്‍വാറിനും നൂപുര്‍ തല്‍വാറിനും കുറ്റപത്രം നല്‍കാന്‍ ഗാസിയാബാദിലെ പ്രത്യേക സി.ബി.ഐ. കോടതി വ്യാഴാഴ്ച ഉത്തരവിട്ടു. കുറ്റപത്രം ഇന്ന് നല്‍കും.
കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നിവയടക്കമുള്ള കുറ്റാരോപണങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തുക. സാഹചര്യത്തെളിവുകള്‍ തല്‍വാര്‍ ദമ്പതിമാര്‍ക്കെതിരാണെന്ന് കോടതി അഭിപ്രായപ്പെട്ടു. 2008 മെയ് 16-നാണ് പതിനാലുകാരിയായ ആരുഷി ഡല്‍ഹിക്കടുത്ത നോയ്ഡയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. വീട്ടുവേലക്കാരനായ ഹേംരാജിന്റെ മൃതദേഹം പിറ്റേന്ന് വീടിന്റെ ടെറസ്സില്‍നിന്നും കണ്ടെടുത്തു.

രണ്ടു കൊലപാതകങ്ങളും നടത്തിയത് തല്‍വാര്‍ ദമ്പതിമാരാണെന്നാണ് സി.ബി.ഐ.യുടെ വാദം. ആരുഷിയും ഹേംരാജും വഴിവിട്ട് ഇടപഴകുന്നത് കാണാനിടയായ രാജേഷ് തല്‍വാര്‍, ഗോള്‍ഫ് കളിക്കാനുപയോഗിക്കുന്ന വടികൊണ്ട് ഇരുവരേയും ക്രൂരമായി മര്‍ദിച്ചു. രണ്ടു പേരും ബോധരഹിതരായി. ശസ്ത്രക്രിയാ ബ്ലേഡുപയോഗിച്ച് തല്‍വാര്‍ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് രക്തക്കറ നീക്കാന്‍ ആരുഷിയുടെ മുറിയുടെ ചുവരും മറ്റും വൃത്തിയാക്കി. തൊട്ടടുത്ത ദിവസം വീട്ടിലെത്തിയ അന്വേഷണസംഘത്തേയും വഴിതെറ്റിക്കാന്‍ ശ്രമിച്ചു- സി.ബി.ഐ. പറയുന്നു. ആദ്യം ഉത്തര്‍പ്രദേശ് പോലീസ് അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐ.ക്കു കൈമാറുകയായിരുന്നു. ഇപ്പോള്‍ ജാമ്യത്തിലാണ് രാജേഷ് തല്‍വാര്‍. ദസ്‌ന ജയിലിലാണ് നൂപുര്‍. സി.ബി.ഐ. തങ്ങളെ പ്രതി ചേര്‍ത്തതിനെതിരെ അലഹാബാദ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും തല്‍വാര്‍ ദമ്പതിമാര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഈ കോടതികള്‍ ഹര്‍ജി പരിഗണിച്ചിട്ടില്ല. (Mathrubhumi)

പ്രൊഫ് .ജോണ്‍ കുരാക്കാര്‍

No comments: