കൊലക്കത്തികളെ ഭയന്ന്
ജീവിക്കേണ്ടി
വരുന്ന ഒരുജനത. .
ചോരയുടെ മണമുള്ള പ്രഭാഷണമായിരുന്നു ഇടുക്കി ജില്ല സെക്രട്ടറിയുടേത് .
അത്; പകയും സംഘബലത്തിന്റെ അഹന്തയും നിറഞ്ഞതായിരുന്നു . എം.എം. മണി തൊടുപുഴയ്ക്കടുത്ത് മടക്കാട്ടു നടത്തിയ ആ രാഷ്ട്രീയ പ്രസംഗം കേരളീയ മനഃസാക്ഷിക്കുമേല്‍
നരകജ്വാലപോലെയാണ് വന്നുവീണത്. ഏറ്റവും സൗമ്യമായ വാക്കുകളില്‍ പറഞ്ഞാല്‍പ്പോലും മനുഷ്യക്കുരുതിയുടെ
ദയാരഹിതവും നിര്‍ലജ്ജവുമായ ന്യായീകരണമായിരുന്നു അത്.
എതിരാളികളെ പട്ടിക തയ്യാറാക്കി സി.പി.എം. കൊന്നിട്ടുണ്ടെന്ന് ജനങ്ങളെ സാക്ഷിയാക്കി പൊതുവേദിയില്‍ ടെലിവിഷന്‍ ക്യാമറകള്‍ക്കു മുന്നില്‍ മണി
വിളിച്ചു പറയുന്നതുകണ്ട് മലയാളിയുടെ മനസ്സ്
ഭയചകിതമായി. സി.പി.എം. വിട്ടുപോയി പുതിയ രാഷ്ട്രീയപ്രസ്ഥാനം രൂപവത്കരിച്ച ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം സൃഷ്ടിച്ചിരിക്കുന്ന നടുക്കത്തിനുമേലാണ്
വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന കൊലകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉന്നതനായ ഒരു സി.പി.എം. നേതാവുതന്നെ പരസ്യമായി വെളിപ്പെടുത്തുന്നത്.
രാഷ്ട്രീയ സദാചാരത്തെയും പൊതുപ്രവര്‍ത്തനത്തെയും
സമാധാനജീവിതത്തെയും കുറിച്ചുള്ള മലയാളിയുടെ വിശ്വാസങ്ങള്‍ക്കുമേല്‍ കൊലക്കത്തി പോലെയാണ് ആ കമ്യൂണിസ്റ്റ് നേതാവിന്റെ വാക്കുകള്‍ വന്നുവീണിരിക്കുന്നത്.മനുഷ്യസമത്വത്തിന്റെ പ്രത്യയശാസ്ത്രമായ കമ്യൂണിസത്തെ
മനുഷ്യഹത്യയുടെ കൊടുവാളാക്കി മാറ്റിയതിന്റെ സത്യവാങ്മൂലമാണ് എം.എം. മണിയുടേത്. കൈയടി നേടാനും ആള്‍ക്കൂട്ടത്തെ ഇളക്കാനും വേണ്ടി നടത്തിയ വാചകക്കസര്‍ത്തായിരുന്നില്ല, ബോധപൂര്‍വമായ ഭീഷണിപ്പെടുത്തലിന്റെയും വ്യക്തിത്വഹത്യകളുടെയും
അവഹേളനത്തിന്റെയും സ്വരമാണ് മണിയുടെ സംഹാരപ്രഭാഷണത്തില്‍
നിറഞ്ഞു തുളുമ്പിയത്. ''ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി. 13 പേര്‍. വണ്‍, ടു, ത്രീ, ഫോര്‍... ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത് ഒന്നിനെ. ഒന്നിനെ
കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ.
ഒന്നാം പേരുകാരനെ ആദ്യം വെടിവെച്ച്.
രണ്ടാം പേരുകാരനെ തല്ലിക്കൊന്നു. മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു.'' 1982-'83 കാലത്ത് ഇടുക്കിയിലെ ശാന്തന്‍പാറ
പ്രദേശത്ത് മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
വധിക്കപ്പെട്ട സംഭവങ്ങളാണ് മരിച്ചവരുടെ പേരെടുത്ത് പറയാതെ സി.പി.എം. ജില്ലാ സെക്രട്ടറി സൂചിപ്പിച്ചത്. സാക്ഷികള്‍ കൂറുമാറിയതിനാല്‍ പ്രതികള്‍
ശിക്ഷിക്കപ്പെടാതെ പോയ ആ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയത് സി.പി.എം. ആയിരുന്നുവെന്നാണ് മൂന്നു പതിറ്റാണ്ടു തികയുമ്പോള്‍ ആ പാര്‍ട്ടിയുടെ
ഒരു നേതാവ് തുറന്നു പറയുന്നത്. സ്വമേധയാ നടത്തിയ ഈ വെളിപ്പെടുത്തല്‍ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറി നടത്തിയതുകൊണ്ടുതന്നെ അത് ഉയര്‍ത്തുന്ന
ധാര്‍മികവും രാഷ്ട്രീയവും നിയമപരവുമായ പ്രശ്‌നങ്ങള്‍ ഭീമമാണ്.ഞങ്ങളെ തടയാനും ചോദ്യംചെയ്യാനും ആരുണ്ട് എന്ന ഭീഷണിമനോഭാവത്തില്‍
നിന്നാണ് ഈ സംഹാരവേദാന്തം ഉണ്ടാകുന്നത്. സംഘടിതശക്തികളുടെയും സംഘബലത്തിന്റെയും ഫാസിസ്റ്റ് പ്രവണതയാണിത്. ജനാധിപത്യവും രാഷ്ട്രീയധര്‍മവും
പൗരസുരക്ഷയും കുരുതികഴിക്കപ്പെടുന്ന ഈ രാഷ്ട്രീയശൈലി കേരളത്തെ ചെകുത്താന്റെ സ്വന്തം നാടാക്കിയാണ് മാറ്റുക. രാഷ്ട്രീയപ്രതിയോഗികളെയും വിമത
സ്വരങ്ങളെയും ഹിംസിക്കുക മാത്രമല്ല, ആ ഹിംസയെ ആവര്‍ത്തിച്ചു
ന്യായീകരിച്ചുകൊണ്ട് ഞങ്ങളെ ചോദ്യംചെയ്യാന്‍ ആര്‍ക്കു ധൈര്യമുണ്ട് എന്നു ചോദിക്കുന്ന രാഷ്ട്രീയം നമ്മുടെ നാടിനെ
ഭയത്തിലേക്കും ദുഃസ്വപ്നങ്ങളിലേക്കുമേ നയിക്കൂ.
നീതിപീഠത്തിന്റെ ധര്‍മബോധം രൂക്ഷഖഡ്ഗംപോലെ നീണ്ടുചെല്ലേണ്ട ഈ 'സത്യവാങ്മൂല'ത്തെയും അതിനു പിന്നിലെ ഫാസിസ്റ്റ് മനോഭാവത്തെയും കുറിച്ച് കേരളീയസമൂഹം ജാഗ്രത്താകേണ്ടതുണ്ട്. രാഷ്ട്രീയപ്രവര്‍ത്തനവും എതിര്‍പ്പും
അടിച്ചമര്‍ത്താന്‍ കൊലക്കത്തിയെടുക്കുന്ന പ്രസ്ഥാനങ്ങള്‍
മനുഷ്യന്റെയും പ്രകൃതിയുടെയും സമൂഹത്തിന്റെയും മൂല്യങ്ങള്‍ സംഹരിക്കുന്നവയായിത്തീരുമെന്ന് അത് ഓര്‍മിപ്പിക്കുന്നു. എം.എം. മണിയുടെ വാക്കുകളും വെളിപ്പെടുത്തലും നാക്കുപിഴയോ 'ഒഴിവാക്കപ്പെടേണ്ടവ'യോ ഖേദപ്രകടനവും നിഷേധവുംകൊണ്ട് കഴുകി വൃത്തിയാക്കാവുന്നവയോ അല്ല. കേരളം മുഴുവന്‍ അതു കേട്ടതാണ്. വര്‍ത്തമാനത്തിലും ഭാവിയിലും ഇതൊക്കെ
ആവര്‍ത്തിക്കാം എന്നുകൂടി അത് മുന്നറിയിപ്പു നല്‍കുന്നു. നിന്ദിതന്റെയും പീഡിതന്റെയും പ്രതിരോധഗാഥകള്‍ പാടിയ വേദികളില്‍നിന്ന് ഉയരുന്ന
കൊലവെറിപ്പാട്ടുകള്‍ ചരിത്രത്തെയും രാഷ്ട്രീയബോധത്തെയും മാനുഷികതയെയും അവമതിക്കുന്നു. കൊലക്കത്തികളെ ഭയന്ന് ഒരു ജനതയ്ക്കു ജീവിക്കേണ്ടിവരുന്നത്
ഖേദകരമാണ്.(Mathrubhumi)
പ്രൊഫ് .ജോണ്‍ കുരാക്കാര്‍
No comments:
Post a Comment