Pages

Monday, May 21, 2012

മാര്‍ക് സക്കര്‍ബര്‍ഗ് ഫെയ്‌സ് ബുക്ക് മേധാവി വിവാഹിതനായി


മാര്‍ക് സക്കര്‍ബര്‍ഗ് ഫെയ്‌സ് ബുക്ക് മേധാവി വിവാഹിതനായി  

മാര്‍ക് സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കിലെ 'സ്റ്റാറ്റസ്' 'അപ്‌ഡേറ്റ്' ചെയ്തു. അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ ഇനി വിവാഹിതന്‍ എന്നാണു കാണുക. ആല്‍ബത്തില്‍ കല്യാണ ഫോട്ടോയുമുണ്ട്. ഫെയ്‌സ്ബുക്ക് സ്ഥാപകനും സി.ഇ.ഒയുമായി ചെറു പ്രായത്തില്‍ തന്നെ കോടീശ്വരനായി മാറിയ സക്കര്‍ബര്‍ഗിന്റെ വിവാഹവും നാടകീയമായിരുന്നു. ലളിതമായ ചടങ്ങില്‍, ആരാധകരെയും സുഹൃത്തുക്കളെയും ഞെട്ടിച്ചുകൊണ്ടാണദ്ദേഹം കാമുകി പ്രിസില്ല ചാന് വിവാഹമോതിരം അണിയിച്ചത്. ഫെയ്‌സ്ബുക്കിലെ 'ജീവിത വിരങ്ങളില്‍' വിവാഹിതന്‍ എന്ന് പുതുക്കിയാണ് വിവാഹ വാര്‍ത്ത പരസ്യപ്പെടുത്തിയത്.  കമ്പനി ഓഹരി വിപണിയിലിറങ്ങിയതിനു പിന്നാലെ കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോയിലെ വീട്ടിലായിരുന്നു വിവാഹച്ചടങ്ങ്. സ്വയം രൂപകല്‍പ്പന ചെയ്ത മാണിക്യമോതിരമാണ് സക്കര്‍ബര്‍ഗ് വധുവിനെ അണിയിച്ചത്.ഒമ്പത് വര്‍ഷം മുമ്പ് ഹാര്‍വാഡില്‍ പഠിക്കുമ്പോഴാണ് സക്കര്‍ബര്‍ഗും പ്രസില്ലയും കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും കാലിഫോര്‍ണിയയില്‍ താമസം തുടങ്ങി. 2004-ല്‍ ഹാര്‍വാഡില്‍ തുടങ്ങിയ ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനങ്ങളുമായി സക്കര്‍ബര്‍ഗ് മുന്നോട്ട് പോയപ്പോള്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മെഡിക്കല്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്നു പ്രിസില്ല. ഇപ്പോള്‍ സക്കര്‍ബര്‍ഗിനു പ്രായം 28. പ്രിസില്ലയ്ക്ക് 27. സ്വപ്രയത്‌നത്താല്‍ കോടീശ്വരനായ ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന ബഹുമതിക്കര്‍ഹനാണ് സക്കര്‍ബര്‍ഗ്.തിങ്കളാഴ്ചയാണ് പ്രിസില്ല വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയത്. അന്നേ ദിവസമായിരുന്നു സക്കര്‍ബര്‍ഗിന്റെ ഇരുപത്തിയെട്ടാം ജന്മദിനം. അതിനാല്‍ പാലോ ആള്‍ട്ടോയിലെ വീട്ടിലേയ്ക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ കരുതിയത് പ്രിസില്ല വിജയിച്ചതിന്റെ ആഘോഷമാണ് നടക്കാന്‍ പോകുന്നതെന്നാണ്. വിവാഹച്ചടങ്ങിലേക്കാണു ക്ഷണിച്ചതെന്ന് ആരുമറിഞ്ഞില്ല. ക്ഷണിക്കപ്പെട്ടവര്‍ക്ക് ദമ്പതികള്‍ തങ്ങളുടെ പ്രിയപ്പെട്ട റസ്റ്റോറന്‍റുകളില്‍ നിന്നുള്ള ഭക്ഷണവും കമ്പ്യൂട്ടര്‍ മൗസിന്റെ ആകൃതിയിലുള്ള ചോക്കലേറ്റുമാണ് വിളമ്പിയത്.

അമേരിക്കയിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നായി മാറിയെങ്കിലും ഓഹരി വിപണയില്‍ ഫെയ്‌സ്ബുക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല. ഓഹരി വിപണിയിലിറങ്ങിയതോടെ ഫെയ്‌സ്ബുക്കിന്റെ വിപണി മൂല്യം 10,400 കോടി ഡോളര്‍ (ആറു ലക്ഷം കോടി രൂപ)യായി ഉയര്‍ന്നെന്നാണ് കണക്കാക്കുന്നത്. ഓഹരികളില്‍ ഭൂരിപക്ഷവും ഇപ്പോഴും സക്കര്‍ബര്‍ഗിന്റെ കൈവശമാണ്.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: