Pages

Saturday, May 12, 2012

യുവ തലമുറയുടെ രക്ഷയ്ക്ക്‌ അധികൃതര്‍രംഗത്ത് വരണം


യുവ തലമുറയുടെ രക്ഷയ്ക്ക്‌
അധികൃതര്‍രംഗത്ത് വരണം

വിദ്യാര്‍ഥികള്‍ ലഹരിവസ്തുക്കളില്‍ ആകൃഷ്ടരാകാതിരിക്കാനുള്ള വഴികള്‍ തേടേണ്ട ചുമതല അധികൃതര്‍ക്കുണ്ട്. വിദ്യാലയങ്ങളുടെ 400 മീറ്റര്‍ ചുറ്റളവില്‍ സിഗരറ്റും പാന്‍മസാല പോലുള്ളവയും വില്‍ക്കാന്‍ പാടില്ലെന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചത് രക്ഷിതാക്കള്‍ക്ക് കടുത്ത ആശങ്കയുണ്ടാക്കും. ഇത്തരം വസ്തുക്കള്‍ വിദ്യാര്‍ഥികളില്‍ നിന്ന് കഴിയുന്നത്ര അകറ്റി നിര്‍ത്തുകയാണ് വേണ്ടതെന്ന കാര്യത്തില്‍, അവരുടെ ക്ഷേമം ആഗ്രഹിക്കുന്ന ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ഉത്തരവ് കേന്ദ്രനിയമത്തിന് എതിരാണെന്ന പരാതിയെത്തുടര്‍ന്നാണ് പിന്‍വലിച്ചതെന്നറിയുന്നു. കേന്ദ്രനിയമപ്രകാരം വിദ്യാലയങ്ങളുടെ ഏതാണ്ട് 90 മീറ്റര്‍ ചുറ്റളവിലേ ഇവയുടെ വില്പന നിയന്ത്രിച്ചിട്ടുള്ളൂ. അതായിരിക്കും ഇനി കേരളത്തിനും ബാധകമാകുക. ലഹരിവസ്തുക്കളുടെ ഉപയോഗം പുതുതലമുറയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഇത് വലിയ ഭവിഷ്യത്തുകളുണ്ടാക്കും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരുണ്ട്. സ്‌കൂള്‍ പരിസരത്തുള്ള ചില കടകളില്‍ നിന്നാണ് ഇവ അവര്‍ക്ക് ലഭിക്കുന്നതെന്നതും രഹസ്യമല്ല. പുകവലി പൊതുവെ കുറഞ്ഞിട്ടുണ്ടെങ്കിലും പാന്‍ മസാലപോലുള്ള വസ്തുക്കളുടെ വില്പന നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും വര്‍ധിച്ചിട്ടുണ്ട്.

ഗ്രാമപ്രദേശങ്ങളിലെ ചെറിയ കടകളില്‍പ്പോലും ഏതെങ്കിലും ലഹരിവസ്തു കിട്ടുമെന്ന സ്ഥിതിയാണ് കേരളത്തില്‍ പൊതുവെയുള്ളത്. സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് ഇത്തരം വസ്തുക്കള്‍ വില്പന നടത്തുന്നവരില്‍ ചിലര്‍ കുട്ടികളില്‍ ഈ ദുശ്ശീലം വളര്‍ത്താന്‍ പലവഴിക്കും ശ്രമിക്കാറുണ്ട്. ലഹരിവസ്തുക്കള്‍ ചേര്‍ന്ന ഐസ്‌ക്രീമും പാനീയങ്ങളും മറ്റും നല്‍കി വിദ്യാര്‍ഥികളെ കെണിയില്‍ വീഴ്ത്തുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകളും സാധാരണമായിരിക്കുന്നു. ഇവയെല്ലാം കണക്കിലെടുത്താണ് വിദ്യാലയങ്ങളുടെ 400 മീറ്റര്‍ ചുറ്റളവില്‍ ഇവ വില്‍ക്കാന്‍ പാടില്ലെന്ന് ഉത്തരവിട്ടത്. സ്‌കൂളിനടുത്തുള്ള കടകളില്‍ ഇവ ലഭിച്ചാല്‍ വിദ്യാര്‍ഥികള്‍ വഴിതെറ്റാനെളുപ്പമാണ്. ഒഴിവുസമയത്ത് ഇത്തരം വസ്തുക്കള്‍ തേടിപ്പോകാന്‍ പലര്‍ക്കും അത് പ്രേരകമാകും. എന്നാല്‍ സംസ്ഥാനത്തിന്റെ ഉത്തരവ് ബന്ധപ്പെട്ട കേന്ദ്രനിയമത്തിന്റെ ലംഘനമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സര്‍ക്കാറിനെ അറിയിച്ചു. 400 മീറ്റര്‍ ചുറ്റളവില്‍ ഇവയുടെ വില്പന നിരോധിച്ചാല്‍ ഒട്ടേറെ കടകളെ ബാധിക്കുമെന്നതാണ് ഈ പരാതിക്കു കാരണം. ഇത് പരിശോധിച്ച നിയമവകുപ്പ് സംസ്ഥാനത്തിന്റെ തീരുമാനം നിലനില്‍ക്കുന്നതല്ലെന്ന് അഭിപ്രായപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനമായത്.

ലഹരിവസ്തുക്കളുടെ ഉപയോഗം ഒട്ടേറെ യുവാക്കളും വിദ്യാര്‍ഥികളുമടങ്ങുന്ന വലിയൊരു വിഭാഗത്തെ നാശത്തിലേക്ക് നയിക്കുകയാണ്. ഇത് ശാരീരികവും മാനസികവുമായ പല രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ആരോഗ്യത്തെയും കര്‍മശേഷിയെയും ആത്മവിശ്വാസത്തെയും ഇത് ബാധിക്കും. ലഹരിവസ്തുക്കളുടെ അമിതമായ ഉപയോഗം മിടുക്കരായ ഒട്ടേറെ വിദ്യാര്‍ഥികളെ പഠനത്തില്‍ താത്പര്യമില്ലാത്തവരോ വിഷാദരോഗികളോ ആക്കിയിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കുന്നവരില്‍ കുറ്റവാസന വളരാനും സാധ്യതയേറെയാണ്. അവര്‍ കുടുംബത്തിനെന്നപോലെ സമൂഹത്തിനും പ്രശ്‌നമായേക്കാം. ലഹരിവസ്തുക്കളുടെ വില്പന വ്യാപകമാകുന്നതും സ്‌കൂള്‍ പരിസരങ്ങളില്‍പ്പോലും അവ യഥേഷ്ടം ലഭ്യമാകുന്നതും തടയണം. ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ ആദ്യം ചെയ്യേണ്ടത് അതിന്റെ ലഭ്യത കുറയ്ക്കലാണെന്ന് ഐക്യരാഷ്ട്രസഭ തന്നെ ഓര്‍മിപ്പിച്ചിട്ടുണ്ട്. സംസ്ഥാനസര്‍ക്കാറിന്റെ ഉത്തരവും ആ സമീപനത്തിന്റെ അന്തസ്സത്തയ്ക്കിണങ്ങിയതായിരുന്നു. എന്തായാലും കേന്ദ്രനിയമം ഭേദഗതിചെയ്യാന്‍ ആവശ്യപ്പെടുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. സമൂഹത്തിന്റെ, വിശേഷിച്ച് പുതുതലമുറയുടെ താത്പര്യം മാനിച്ച്, ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ വില്പനക്കാരും തയ്യാറാകണം.

              പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: