പ്രകൃതിസംരക്ഷണ സന്ദേശമേകി യുവചിത്രകാരികളുടെ കൂട്ടായ്മ
പഠന പ്രോജക്ടിന്റെ ഭാഗമായി ഇവര്‍ തയ്യാറാക്കിയ നാല്പതോളം ചിത്രങ്ങളും നാലു ശില്പ നിര്‍മിതികളുമാണ് തിങ്കളാഴ്ച ഗ്രീംസ് റോഡ് ലളിതകലാ അക്കാദമി മേഖലാ കേന്ദ്രത്തില്‍ ആരംഭിച്ച പ്രദര്‍ശനത്തില്‍ ഇടംപിടിച്ചിട്ടുള്ളത്. തൃശ്ശൂര്‍ അയ്യന്തോള്‍ സ്വദേശി റോസ്മി, ഫോര്‍ട്ട് കൊച്ചിക്കാരി മഡോണ എന്നിവരാണ് യാഥാര്‍ഥ്യത്തിന്റെ പുനര്‍മൂല്യനിര്‍ണയം എന്ന പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തിലെ മലയാളിസാന്നിധ്യം. പച്ചപ്പാര്‍ന്ന നെല്‍പ്പാടങ്ങളും വനസ്ഥലികളും മുളങ്കാടുകള്‍ തിങ്ങിയ മലഞ്ചെരിവുകളുമെല്ലാം സമ്പന്നമാക്കിയ കേരളീയ പ്രകൃതിയെയാണ് റോസ്മി തന്റെ രചനകളിലേക്ക് ആവാഹിച്ചിരിക്കുന്നത്.
ആക്രലിക്കില്‍ ഡ്രൈബ്രഷും അടുക്കളയില്‍ ഉപയോഗിക്കുന്ന സ്റ്റില്‍ സ്‌ക്രെബും പ്രയോജനപ്പെടുത്തി വലിയ കാന്‍വാസില്‍ തീര്‍ത്ത എട്ടു ചിത്രങ്ങളാണ് റോസ്മിയുടെതായി പ്രദര്‍ശനത്തിലുള്ളത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് മൈലാപ്പുര്‍ ബ്രാഞ്ച് സീനിയര്‍ മാനേജര്‍ സി.വി. ജോസഫ്-ഷീന ദമ്പതിമാരുടെ മകളായ റിസ്മി ചിത്രകലയില്‍ കുടുതല്‍ ഉയരങ്ങള്‍ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. സൗദി അറേബ്യയില്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ജോയ് ജോണിന്റെ മകളായ മഡോണ വിവരസാങ്കേതിക വിപ്ലവത്തെത്തുടര്‍ന്ന് സമകാലീനലോകം അഭിമുഖീകരിക്കുന്ന പരിസ്ഥിതി പ്രതിസന്ധികളെയാണ് തന്റെ ശില്പങ്ങള്‍ക്ക് വിഷയമാക്കിയിരിക്കുന്നത്. വിനിമയ ഉപാധികളുടെ ആധിക്യത്തിലും ആത്യന്തികമായി ഒറ്റപ്പെടുന്ന മനുഷ്യന്റെ നിസ്സഹായതയാണ് മഡോണയുടെ ശില്പങ്ങള്‍ ആസ്വാദകരിലേക്ക് പകരുന്നത്. ബറോഡ യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്‌സില്‍ നിന്ന് ബിരുദാന്തര ബിരുദമെടുത്ത ശേഷം മുഴുവന്‍സമയ ചിത്രകാരിയാവാനാണ് മഡോണയുടെ തീരുമാനം. പ്രശസ്ത ചിത്രകാരനും ഡല്‍ഹി ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനുമായ ആര്‍.ബി. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്ത ചിത്രപ്രദര്‍ശനം ഏപ്രില്‍ 22-ന് സമാപിക്കും.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment