നവോദയ അപ്പച്ചന്‍ അന്തരിച്ചു
ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ തീം പാര്‍ക്കായ കിഷ്‌കിന്ദയുടെ ഉടമ കൂടിയാണ് അദ്ദേഹം. ദക്ഷിണേന്ത്യയിലെ പ്രഥമ മെഗാ സീരിയലായ ബൈബിള്‍ കഥകളുടെ നിര്‍മ്മാതാവുമാണ് അദ്ദേഹം. സഹോദരന്‍ കുഞ്ചാക്കോയുമായി ചേര്‍ന്നാണ് ആദ്യകാലത്ത് സിനിമാ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. പിന്നീട് അത് ഉദയാ സ്റ്റുഡിയോ, നവോദയ എന്നിങ്ങനെ രണ്ടായി മാറുകയായിരുന്നു. ഏറെ കാലമായി കാക്കനാടാണ് താമസം. കാക്കനാട്ട് നവോദയ എന്ന പേരില്‍ സ്റ്റുഡിയോയും നടത്തുന്നുണ്ടായിരുന്നു. ഈ പ്രായത്തിലും സ്റ്റുഡിയോ നവീകരിക്കുന്നതിലും പുതിയ സാധ്യതകളേയും സാങ്കേതികവിദ്യകളേയും പരിചയപ്പെടുത്തുന്നതിലും അദ്ദേഹം എന്നും മുന്നിലായിരുന്നു. മലയാള സിനിമയിലേക്ക് പിന്നീട് പ്രസിദ്ധരായി വളര്‍ന്ന ഏറെ പുതുമുഖങ്ങളെ സംഭാവന ചെയ്യാനും അദ്ദേഹത്തിനായി. സംവിധായകരായ ഫാസില്‍, സിബി മലയില്‍, പ്രിയദര്‍ശന്‍, ടി.കെ.രാജീവ്കുമാര്‍, ജിജോ, സംഗീത സംവിധായകരായ ജെറി അമല്‍ദേവ്, മോഹന്‍സിത്താര, നടന്‍ മോഹന്‍ലാല്‍, ശങ്കര്‍ തുടങ്ങി നിരവധി പേര്‍ സിനിമാലോകത്ത് ശ്രദ്ധേയരായത് അപ്പച്ചന്‍ നിര്‍മ്മിച്ച ചിത്രങ്ങളിലൂടെയാണ്. മോഹന്‍ലാല്‍ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയതെങ്കിലും റിലീസ് ചെയ്ത ആദ്യചിത്രം മഞ്ഞില്‍വിരിഞ്ഞ പൂക്കളാണ്. മലയാളസിനിമയുടെ പരിണാമത്തില്‍ നവോദയ അപ്പച്ചനുള്ള സ്ഥാനം ഏറെ മുകളിലാണ്.
മാളിയംപുരക്കല്‍ ചാക്കോ പുന്നൂസ് എന്നാണ് ശരിയായ പേര്. 1925 ഫിബ്രവരി ആറിന് ആലപ്പുഴ ജില്ലയിലാണ് ജനനം. പ്രമുഖ സംവിധായകന്‍ ജിജോ ഉള്‍പ്പെടെ നാല് മക്കളുണ്ട.് ഭാര്യ: ബേബി. നവോദയ ബാനര്‍ നിലവില്‍ വന്ന ശേഷം അപ്പച്ചന്‍ ആദ്യം നിര്‍മ്മിച്ച ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ നിരവധി പുതുമുഖങ്ങള്‍ സിനിമയിലെത്തി. തച്ചോളി അമ്പു, കടത്തനാട്ട് മാക്കം, മാമാങ്കം, തീക്കടല്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും പിന്നീട് പടയോട്ടം, മൈഡിയര്‍ കുട്ടിച്ചാത്തന്‍, ഒന്നുമുതല്‍ പൂജ്യം വരെ....തുടങ്ങി നിരവധി ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. ഏറെ വൈകിയാണെങ്കിലും 2010-ല്‍ ജെ.സി.ദാനിയേല്‍ പുരസ്‌കാരം തേടിയെത്തി. ഏറെക്കാലം കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റുകൂടിയായിരുന്നു. മൈഡിയര്‍ കുട്ടിച്ചാത്തന് രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ ലഭിച്ചു. നവോദയ അപ്പച്ചന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ അനുശോചിച്ചു. ചൊവ്വാഴ്ച്ച കാക്കനാട്ടെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കാരം ബുധനാഴ്ച്ച ചെന്നൈയില്‍ നടക്കും. താംബരം അസംപ്ഷന്‍ പള്ളിയില്‍ ആണ് സംസ്‌കാരം. ( Mathrubhumi)
No comments:
Post a Comment