ഒരു പവന്‍ സ്വര്‍ണം ധരിച്ചവര്‍ക്കും നികുതി: നെടുമ്പാശ്ശേരിയില്‍ സ്ത്രീ യാത്രക്കാര്‍ക്ക് ദുരിതം
ദുബൈ: 20,000 രൂപക്ക് മുകളില്‍ വിലയുള്ള സ്വര്‍ണം ധരിച്ചെത്തുന്ന സ്ത്രീകളില്‍ നിന്ന് നികുതി ഈടാക്കാമെന്ന നിയമത്തിന്‍െറ മറവില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്ത്രീകളടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാക്കുന്നതായി പരാതി.
ഇന്ത്യയില്‍ നിലവിലുള്ള ഈ പഴയ നിയമം ഈയിടെ പൊടിതട്ടിയെടുത്തതാണ് യാത്രക്കാര്‍ക്ക് വിനയാകുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന സ്ത്രീകള്‍ 20,000 രൂപയിലും പുരുഷന്‍മാര്‍ 10,000 രൂപയിലും കൂടുതല്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാല്‍ അതിന് തീരുവ നല്‍കണമെന്നാണ് നിയമം. നിലവില്‍ പവന് 22,000 രൂപയിലധികം വിലയുള്ളതിനാല്‍ ഈ നിയമമനുസരിച്ച് ഒരു പവന്‍ സ്വര്‍ണാഭരണങ്ങള്‍ ധരിക്കാന്‍ പോലും സ്ത്രീകള്‍ക്ക് അനുവാദമില്ല. സ്വര്‍ണ കള്ളക്കടത്തും മറ്റും വര്‍ധിച്ച സാഹചര്യത്തില്‍ ഈ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ഈയിടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നുവത്രെ. ഇതിന്‍െറ പേരിലാണ് ഉദ്യോഗസ്ഥര്‍ യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. നിയമം വളരെക്കാലമായി നിലവിലുണ്ടെങ്കിലും ഇതുവരെ കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. സ്ഥിരമായി യാത്രചെയ്യുന്നവര്‍ പോലും ഈ നിയമത്തെ കുറിച്ച് തീര്‍ത്തും അജ്ഞരുമാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഈയിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നിരവധി യാത്രക്കാര്‍ക്ക് നിയമത്തിന്‍െറ പേരില്‍ ഏറെ പ്രയാസമനുഭവിക്കേണ്ടി വന്നതായി പരാതിയുണ്ട്. പതിവായി ധരിക്കുന്ന ആഭരണങ്ങളുടെ പേരില്‍ അപ്രതീക്ഷിതമായി ആയിരങ്ങള്‍ നികുതി ആവശ്യപ്പെട്ടത് യാത്രക്കാരെ ദുരിതത്തിലാക്കി.
ഈ മാസം പതിനെട്ടിന് പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ തൃശൂര്‍ സ്വദേശിയായ വീട്ടമ്മയോട് 12,000 രൂപ നികുതി നല്‍കണമെന്നാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ഷാര്‍ജയില്‍ ഗ്രോസറി നടത്തുന്ന തൃശൂര്‍ എടമുട്ടം മുരിങ്ങാത്തോട് സ്വദേശി ജമാലുദ്ദീന്‍െറ ഭാര്യ നഫീസക്കാണ് ഈ ദുരനുഭവമുണ്ടായത്. പതിവായി ഉപയോഗിക്കുന്ന കുറച്ച് സ്വര്‍ണാഭരണങ്ങള്‍ മാത്രമാണ് ഇവര്‍ ധരിച്ചിരുന്നത്. നിയമത്തെക്കുറിച്ച് നേരത്തെ അറിവില്ലാതിരുന്ന ജമാലുദ്ദീന്‍ ഉദ്യോഗസ്ഥരോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മാന്യമായ മറുപടി ലഭിച്ചില്ലെന്ന് ഇദ്ദേഹം പറഞ്ഞു. ഗര്‍ഭിണികളായ സ്ത്രീകളടക്കം ഒട്ടേറെ യാത്രക്കാരെ ഉദ്യോഗസ്ഥര്‍ പരിശോധനക്കായി തടഞ്ഞുവെച്ചിരുന്നു. നാട്ടില്‍ നിന്ന് വരുമ്പോള്‍ ധരിച്ച ആഭരണങ്ങള്‍ക്കും നികുതി ആവശ്യപ്പെട്ടിരുന്നുവത്രെ.
നാട്ടില്‍ നിന്ന് വരുമ്പോള്‍ ആഭരണങ്ങള്‍ തൂക്കി കണക്കാക്കി അത് പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തണമെന്നും അല്ലാത്തവക്ക് നികുതി നിര്‍ബന്ധമാണെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ഗ്രാമിന് 300 രൂപ വീതം നല്‍കണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. ഇത്തരം നിയമത്തെക്കുറിച്ച് അറിയില്ലെന്നും കൈയില്‍ 12,000 രൂപ എടുക്കാനില്ലെന്നും നഫീസ അറിയിച്ചപ്പോള്‍ നികുതി പകുതിയായി കുറക്കാന്‍ ഇദ്യോഗസ്ഥര്‍ തയാറായി. എന്നാല്‍ ഈ തുകയും ഇവര്‍ കൈയില്‍ കരുതിയിരുന്നില്ല. എങ്കില്‍ സ്വര്‍ണം ലോക്കറില്‍ സൂക്ഷിക്കണമെന്നും കൊണ്ടുപോകാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിന് എത്രയാണ് ചാര്‍ജ് ഈടാക്കുന്നതെന്നൊന്നും മുന്‍കൂട്ടി അറിയിച്ചിരുന്നില്ലത്രെ. ആഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിക്കുന്നതിനുള്ള രേഖകള്‍ തയാറാക്കിയ ശേഷമാണ് പ്രതിദിനം 15 രൂപയാണ് ചാര്‍ജെന്ന് ഇവര്‍ അറിയുന്നത്. പതിവായി ഇപയോഗിക്കുന്ന ആഭരണങ്ങള്‍ പോലും കൈവശം വെക്കാന്‍ കഴിയാത്ത നിയമം പ്രവാസി യാത്രക്കാര്‍ക്ക് കൊടിയ ദുരിതം സമ്മാനിക്കുന്നതാണെന്ന് നഫീസ പറഞ്ഞു. യു.എ.ഇയിലേക്ക് തിരിച്ചുപോകുമ്പോള്‍ എടുക്കാമെന്ന പ്രതീക്ഷയോടെ ലോക്കറില്‍ വെച്ച ആഭരണങ്ങള്‍ തിരിച്ചെടുക്കുന്നതിനും ഒട്ടേറെ നിബന്ധനകളുണ്ട്. അവധി ദിവസങ്ങളില്‍ ചെല്ലരുതെന്നും 24 മണിക്കൂര്‍ മുമ്പ് വിവരം നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചതായി നഫീസ വ്യക്തമാക്കി.
ഗള്‍ഫിലെ ഫ്ളാറ്റ് അടച്ചിട്ട് പോകുന്നതിനാല്‍ വില കൂടിയ ആഭരണങ്ങള്‍ അവിടെ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയാത്തതിനാലാണ് ഇവ ധരിച്ചതെന്നും ഇവര്‍ പറഞ്ഞു.
സ്വര്‍ണത്തിന് വളരെ വില കുറവായ കാലത്തെ നിയമം ഇന്നും പഴയ പടി നടപ്പാക്കുന്നത് പ്രവാസി യാത്രക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കും. രണ്ട് കമ്മല്‍ മാത്രം ധരിക്കുന്നവര്‍ പോലും ഈ നിയമം കാരണം വിമാനത്താവളത്തില്‍ നികുതി നല്‍കേണ്ടിവരും. അവധിക്കാലം ചെലവഴിക്കുന്നതിനും മറ്റും ഗള്‍ഫ് രാജ്യങ്ങളിലെത്തുന്ന സ്ത്രീകളും പെണ്‍കുട്ടികളുമടക്കമുള്ളവര്‍ തിരിച്ചുപോകുമ്പോള്‍, ധരിച്ച ആഭരണങ്ങളുടെ പേരില്‍ നികുതിയടക്കേണ്ട അവസ്ഥയാണ് ഇത് സൃഷ്ടിക്കുന്നത്.
നിയമത്തെക്കുറിച്ച അജ്ഞത മൂലം പലരും ഇക്കാര്യം ശ്രദ്ധിക്കാറുമില്ല. കൈയില്‍ വേണ്ടത്ര പണം കരുതാതെ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും മറ്റും അപ്രതീക്ഷിതമായുണ്ടാകുന്ന ഈ അനുഭവം കനത്ത മാനസിക സംഘര്‍ഷത്തിനും കാരണമാകും.
നിയമം കാലോചിതമായി പരിഷ്കരിക്കണമെന്നും അതുവരെ നടപ്പാക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ വിലക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിവിധ പ്രവാസി സംഘടനകള്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്കും കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment