Pages

Wednesday, April 25, 2012

SUICIDAL TENDENCIES ITS PSYCHOLOGY


ആത്മഹത്യയുടെ മനഃശാസ്ത്രം



വൃശ്ചിക മാസത്തിലെ ഒരു തണുത്ത പ്രഭാതം.രംഗം: പട്ടണത്തിലെ വര്‍ക്കിംഗ് വിമണ്‍സ് ഹോസ്റ്റല്‍. ക്ഷേത്രദര്‍ശനത്തിന് പോയ രണ്ടു ചെറുപ്പക്കാരികള്‍ കോറിഡോറിലൂടെ നടന്നുവരുന്നു. ഒരു മുറിയുടെ മുമ്പിലെത്തി ഇരുവരും നിന്നു. ഇവള്‍ ഇനിയും ഉണര്‍ന്നിട്ടില്ലേ എന്ന ഭാവമാണ് ഇരുവരുടേയും മുഖത്ത്. ആദ്യം മൃദുവായും പിന്നീട് ഉച്ചത്തിലും വാതിലില്‍ തട്ടിവിളിച്ചു. പ്രതികരണമില്ല. പെട്ടെന്ന് രംഗം അന്തേവാസികളുടെ തിക്കും തിരക്കും കൊണ്ട് ശബ്ദായമാനമായി. ഒടുവില്‍ കുക്ക് ഔസേപ്പുചേട്ടന്‍ പൈപ്പുലൈനിലൂടെ പിടിച്ചുകയറി വെന്റിലേഷനിലൂടെ എത്തിനോക്കി. നിശ്ചലമായ സീലിംഗ് ഫാന്‍. ഫാനില്‍ നിന്നും താഴേക്കുനീളുന്ന പോളിസ്റ്റര്‍ സാരി ഭാരത്താല്‍ വലിഞ്ഞുമുറുകിയിരിക്കുന്നു.

കാര്യകാരണങ്ങള്‍ മറ്റുള്ളവരുടെ ഭാവനയ്ക്ക് ദയാപൂര്‍വ്വം വിട്ടുതന്നുകൊണ്ട് ദിനംപ്രതി അനേകംപേര്‍ ജീവനൊടുക്കുന്നു.
കേരളത്തില്‍ കൂട്ട ആത്മഹത്യകളുടെ എണ്ണം ഏറുകയാണ്. കടക്കെണിയും കൃഷിത്തകര്‍ച്ചയും, സാമ്പത്തികപ്രതിസന്ധിയുമൊക്കെ ഇത്തരം കൂട്ടആത്മഹത്യകള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നു. മാനസികാരോഗ്യം തകര്‍ത്ത് രോഗഗ്രസ്തമായ ഒരു സമൂഹത്തിന്റെ ബാഹ്യ പ്രതിഫലനമാണ് ഏറിവരുന്ന ആത്മഹത്യാ പ്രവണത.

വ്യക്തിയും സമൂഹവുമായുള്ള ബന്ധം തകരുന്നതാണ് ആത്മഹത്യയുടെ പ്രധാനകാരണമെന്ന് ആദ്യകാല ഗവേഷകനായ ഡ്യൂക്കേമ അഭിപ്രായപ്പെട്ടുണ്ട്. വിഷാദവും വൈകാരികസംഘ ര്‍ഷവുമാണ് ഭൂരിഭാഗം ആത്മഹത്യകള്‍ക്കു നിദാനമെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാവും. ഇതിന് സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ അനുകൂലസാഹചര്യമൊരുക്കുന്നു. വ്യക്തിത്വത്തിലെ ചില സവിശേഷതകള്‍ ആളുകളെ ആത്മഹത്യയിലേക്ക് അടുപ്പിക്കാറുണ്ട്. അന്തര്‍മുഖര്‍ പൊതുവേ വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും വഴുതിവീഴാന്‍ സാദ്ധ്യത ഏറെയുള്ളവരാണ്. പരലോകജീവിതത്തെപ്പറ്റിയുള്ള വിശ്വാസങ്ങള്‍ ആത്മഹത്യക്ക് നിദാനമാകുന്ന സന്ദര്‍ഭങ്ങളും വിരളമല്ല. പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടിനു ശേഷം അയാളെ പരലോകത്തുവച്ച് സന്ധിക്കാം എന്ന വിശ്വാസത്തില്‍ ജീവന്‍ വെടിയുന്നവരുണ്ട്. കമിതാക്കള്‍ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി , കുടുംബത്തിലെ എല്ലാവരും വിഷം കഴിച്ചു മരിച്ചു. തുടങ്ങിയ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ കൂട്ടായ ഒരു തീരുമാനത്തിന്റേയും കര്‍മ്മത്തിന്റേയും ചിത്രമാണ് നമ്മുടെ മനസ്സില്‍ തെളിയുക. എന്നാലിത് ശരിയാവണമെന്നില്ല. വികലമായ വ്യക്തിത്വത്തിന് ഉടമയായ ഒരാളുടെ (പലപ്പോഴും ഗൃഹനാഥന്‍) തീരുമാനവും പ്രേരണയുമാവാം കൂട്ട ആതാമഹത്യക്ക് കാരണം. സാമ്പത്തിക പ്രശ്‌നമോ മാനനഷ്ടമോ ഉളവാക്കുന്ന വൈകാരിക സംഘര്‍ഷത്തില്‍ അമര്‍ന്നിരിക്കുന്ന കുടുംബത്തിലെ ഒരു പ്രധാന വ്യക്തി വിഷാദത്തിലേക്ക് നീങ്ങുന്നതാണ് ആദ്യഘട്ടം. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ഒരു വഴിയുമില്ലെന്ന് രോഗഗ്രസ്തമായ അയാളുടെ മനസ്സ് ഉറച്ചു വിശ്വസിക്കുന്നു. വ്യക്തിയുടെ ഉള്‍വലിയലും വിഷാദവും കുടുംബത്തിലെ മറ്റംഗങ്ങളുടെ മനസ്സിനെ കൂടുതല്‍ കലുഷിതമാക്കുകയും, അവരോരുത്തരും ഒറ്റക്കും കൂട്ടായും പലപോംവഴികള്‍ ആലോചിക്കുകയും ചെയ്യുന്നു. ഈയവസ്ഥയിലാണ് ആത്മഹത്യയുടെ സാദ്ധ്യതയെപ്പറ്റി ഒരാള്‍ ചിന്തിക്കുകയും, നടപ്പില്‍ വരുത്തുവാനുള്ള ഉറച്ചതീരുമാനം കൈക്കൊള്ളുകയും ചെയ്യുന്നത്. ആജ്ഞാനുവര്‍ത്തികളായ മറ്റുള്ളവര്‍ക്ക് പങ്കുചേരുകയല്ലാതെ തരമില്ല. കൂട്ടത്തില്‍ ശക്തനായ ഒരാള്‍ മറ്റുള്ളവരെ വകവരുത്തിയ ശേഷം സ്വയം ജീവനൊടുക്കാനുള്ള സാദ്ധ്യതയും കൂട്ട ആത്മഹത്യകളില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്.

പുറംലോകവുമായി ബന്ധപ്പെടാതെ ഒതുങ്ങിക്കവിഞ്ഞിരുന്ന കുടുംബങ്ങളിലാണ്, ഇത്തരം സംഭവങ്ങള്‍ ഏറെയും അരങ്ങേറിയിട്ടുള്ളത്. പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാന്‍ ശ്രമിക്കുകയും, പരാജയപ്പെടുന്നപക്ഷം സുല്ലിട്ട് ജീവിതത്തില്‍ നിന്നും തന്നെ പിന്‍മാറുകയും ചെയ്യുന്നു എന്നു സാരം. അടുത്തയിടെ നടന്ന ഗവേഷണങ്ങള്‍ കൗതുകമുണര്‍ത്തുന്ന ചിലകാര്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി.ഇന്ത്യയില്‍ ആത്മഹത്യചെയ്യുന്നത് കൂടുതലും ചെറുപ്പക്കാരാണ്, വിദേശങ്ങളിലാവട്ടെ പ്രായം ചെന്നവരും.-ജീവനൊടുക്കുന്നവരില്‍ പകുതിയിലേറെപ്പേര്‍ മുമ്പൊരിക്കല്‍ ഇതിനുശ്രമിച്ച് പരാജയമടഞ്ഞവരാണ്. വിവാഹമോചനം നേടിയവരുടെ ഇടയില്‍ ആത്മഹത്യാനിരക്ക് സാധാരണക്കാരേക്കാള്‍ രണ്ടുമടങ്ങ് കൂടുതലാണ്.തൂങ്ങിമരിക്കുകയുംറെയില്‍പ്പാളത്തില്‍ തലവയ്ക്കുകയും ചെയ്യുന്നത് ഏറെയും പുരുഷന്‍മാരാണ്. സ്ത്രീകള്‍ ഉറക്കഗുളികകളും, വിഷവും തേടിപ്പോകുന്നു.

ആത്മഹത്യയെപ്പറ്റി അനേകം തെറ്റിദ്ധാരണകള്‍ പ്രചാരത്തിലുണ്ട്. പറഞ്ഞു നടക്കുന്നവര്‍ പ്രവര്‍ത്തിക്കുകയില്ല എന്ന ധാരണ ശരിയല്ല. സ്വയം ജീവനൊടുക്കിയവരില്‍ ഏറെപ്പേരും; മുന്‍പ് ചില സൂചനകള്‍ തന്നിരുന്നു എന്നുകാണാം. ഒരിക്കല്‍ ശ്രമിച്ച് പരാജയടഞ്ഞവര്‍ ഇനിയൊരിക്കലും ആത്മഹത്യക്ക് മുതിരുകയില്ല എന്ന വിശ്വാസവും അബദ്ധമാണ്. ആത്മഹത്യചെയ്യുന്നവരെല്ലാം തൊട്ടുമുന്‍പുളള ദിവസങ്ങളില്‍ വിഷാദമൂകന്‍മാരായിക്കൊള്ളണം എന്നുമില്ല. മരിക്കാനുള്ള ഉറച്ചതീരുമാനം എടുത്തശേഷം വ്യക്തികള്‍ തികച്ചും ശാന്തരും ഉന്‍മേഷവദനരുമായിക്കാണപ്പെടുന്നു. അതുപോലെ തന്നെ, കടുത്ത വിഷാദത്തിലോ പ്രതിസന്ധിയിലോ അല്ല, മറിച്ച് അതില്‍ നിന്നും മോചനം നേടിവരുന്ന ഘട്ടത്തിലാണ് ആളുകള്‍ ജീവനൊടുക്കുക.

വിഷാദം ബാധിച്ച ഒരാള്‍ പെട്ടെന്ന് അതില്‍ നിന്നും മോചനം നേടുന്നതായിക്കണ്ടാല്‍ അയാള്‍ എന്തോ തീരുമാനിച്ചുറച്ചു എന്ന് മനസ്സിലാക്കണം. വിലപിടിച്ച വസ്തുക്കള്‍ മറ്റൊരാള്‍ക്കു സമ്മാനിക്കുക, പിണങ്ങിയിരുന്നവരോട് പരിഭവം മറന്ന് ഇണങ്ങുക, മാപ്പുപറയുക, കടങ്ങള്‍ വീട്ടുക തുടങ്ങിയവയും നല്ല ലക്ഷണങ്ങളല്ല. ആത്മഹത്യാശ്രമം നിസ്സാരമായിത്തള്ളിക്കളയുകയോ, പരിഹസിക്കുകയോ സഹതപിക്കുകയോ ചെയ്യരുത്. ഉപദേശിക്കാന്‍ ശ്രമിക്കുന്നതും ചിലപ്പോള്‍ വിപരീത ഫലം ചെയ്‌തേക്കാം. അവരെ തനിച്ചിരിക്കാന്‍ അനുവദിക്കരുത്. കൂടുതല്‍ സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും പ്രേരിപ്പിക്കുകയാണ് വേണ്ടത്.

ഒരിക്കല്‍ ശ്രമിച്ച് പരാജയമടഞ്ഞയാള്‍ക്ക് മനോരോഗ ചികിത്സ ലഭ്യമാക്കാന്‍ അമാന്തിക്കരുത്. മനശാസ്ത്രജ്ഞന്‍ നടത്തുന്ന കൊഗ്‌നിറ്റീവ് തെറാപ്പി ഫലപ്രദമാണ്. മരുന്നും ചിലപ്പോള്‍ വൈദ്യുതിയും ഉപയോഗിച്ചുള്ള ചികിത്സ വേണ്ടിവരുന്നു. അവിദഗ്ധമായ ഉപദേശങ്ങളും, ചികിത്സകളും ഗുണത്തേക്കാളേറെ ദോഷം വരുത്തുന്നു. ആത്മഹത്യ നടന്നു കഴിഞ്ഞ കുടുംബത്തിലെ മറ്റംഗങ്ങള്‍ മനശാസ്ത്രചികിത്സ തേടേണ്ടതുണ്ട്. മരണത്തോടെ ഒരാളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു എങ്കിലും, അയാളെ അതിലേക്ക് തള്ളിവിട്ട സാഹചര്യങ്ങളും മാനസികാവസ്ഥയും കുടുംബത്തില്‍ നിലനില്‍ക്കുന്നതിനാല്‍ ഫാമിലി തെറാപ്പി ആവശ്യമായിത്തീരുന്

                                പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: