Pages

Wednesday, April 18, 2012

ITALIAN FILM



അധികാരവും സിനിമയും
 2008 ലെ മികച്ച പത്ത് ഇറ്റാലിയന്‍ സിനിമകളിലൊന്നാണ് 'സാന്‍ഗുപാസോ' (sanguepazzo)). 'ദുഷിച്ച രക്തം' എന്നാണര്‍ഥം. ഏതാണ്ട് രണ്ടര മണിക്കൂര്‍ നീണ്ട ചിത്രത്തില്‍ ഒമ്പതു വര്‍ഷത്തെ ഇറ്റലിയുടെ രാഷ്ട്രീയ ചരിത്രവും സിനിമാചരിത്രവുമുണ്ട്. കലാകാരന്റെ ദുഷ്‌കരമായ ജീവിതവഴികളും പ്രണയകാമനകളുമുണ്ട്. വര്‍ത്തമാനകാലവും ഭൂതകാലവും ഇടകലര്‍ന്ന ആഖ്യാനരീതിയാണിതില്‍. ഇറ്റാലിയന്‍ സിനിമയുടെ കരുത്തും മികവും സൗന്ദര്യവും 'സാന്‍ഗുപാസോ'വില്‍ കാണാം. 2008ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് ഈ ചിത്രം. മാര്‍ക്കോ തുളിയോ ഗിയോര്‍ഡാനയാണ് സംവിധായകന്‍.

ദ ഹണ്‍ഡ്രഡ് സ്റ്റെപ്പ്‌സ്( The hundred steps),ദ ബെസ്റ്റ് ഓഫ് യൂത്ത്(The best of youth), പസോളിനി ആന്‍ ഇറ്റാലിയന്‍ ക്രൈം(Pasolini an Italian crime), ടു ലവ് ദ ഡാംഡ് (To love the damned) തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് മാര്‍ക്കോ തുളിയോ.

ഫാസിസ്റ്റ് ഇറ്റലിയിലാണ് കഥ നടക്കുന്നത്. നാസി ജര്‍മനിയുടെ കീഴിലായിരുന്നു അക്കാലത്തെ ഇറ്റാലിയന്‍ ഭരണകൂടം. മുസ്സോളിനിയാണ് ഭരണാധിപതി. ഇറ്റാലിയന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് എന്ന സാലോ റിപ്പബ്ലിക്കിനെ അക്കാലത്തെ പല കലാകാരന്മാരും പിന്തുണച്ചിരുന്നു. അക്കൂട്ടത്തില്‍ സിനിമാതാരങ്ങളും ഉള്‍പ്പെട്ടിരുന്നു. 19 മാസമേ സാലോ റിപ്പബ്ലിക്ക് നിലനിന്നുള്ളൂ. രണ്ടാം ലോകയുദ്ധാവസാനത്തോടെ ഫാസിസ്റ്റ് ഭരണകൂടം നിലംപൊത്തി. മുസ്സോളിനിയെയും മറ്റ് ഭരണകര്‍ത്താക്കളെയും കൊന്ന് തലകീഴായി പൊതുനിരത്തില്‍ കെട്ടിത്തൂക്കി.
അക്കാലത്ത് ഫാസിസവും സിനിമയും തമ്മില്‍ അടുത്ത ബന്ധമായിരുന്നു. ഭരണകൂടത്തിന്റെ നീരാളിക്കൈകള്‍ സിനിമാരംഗത്തേക്കും വ്യാപിച്ചിരുന്നു. ഒന്നുകില്‍ ഫാസിസത്തിന് കീഴ്‌പ്പെടുക. അല്ലെങ്കില്‍ എതിര്‍ത്ത് ഞെരിഞ്ഞമരുക. കലാകാരന്മാരുടെ വിധി ഇതായിരുന്നു. ഭീതിദമായ ഈയൊരു കാലഘട്ടമാണ് 'സാന്‍ഗുപാസോ'യില്‍ അനാവരണം ചെയ്യപ്പെടുന്നത്. രണ്ട് പ്രമുഖ സിനിമാതാരങ്ങളുടെയും ഒരു സംവിധായകന്റെയും ജീവിതരേഖകളിലൂടെ സഞ്ചരിക്കുകയാണീ സിനിമ.

അക്കാലത്ത് ഇറ്റലിയിലെ പ്രമുഖ നടനായിരുന്നു ഓസ്‌വാള്‍ഡോ വാലെന്റി. അതുല്യമായ അഭിനയം കൊണ്ട് ഇറ്റാലിയന്‍ ജനതയുടെ ഹൃദയം കീഴടക്കിയിരുന്നു അദ്ദേഹം.കൊക്കെയിന്‍ എന്ന ലഹരിവസ്തുവിന് അടിമയാണ് ഓസ്‌വാള്‍ഡോ. ഒരു നാള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ലൂയിസ ഫരീദ എന്ന യുവതി കടന്നുവരുന്നു. നല്ലൊരു നടിയായി പേരെടുക്കാനാണവള്‍ റോമിലേക്ക് വരുന്നത്. ഓസ്‌വാള്‍ഡോയുടെ ആരാധികയാണവള്‍. സംവിധായകന്‍ ഗൊള്‍ഫീറോ അഫ്രീദി സിനിമാനിര്‍മാതാവു കൂടിയാണ്. തന്റെ ആദ്യ സിനിമയില്‍ അദ്ദേഹം ലൂയിസയ്ക്ക് നല്ലൊരു റോള്‍ നല്‍കുന്നു. ലൂയിസയ്ക്ക് ഗൊള്‍ഫീറോയെ ഇഷ്ടമായെങ്കിലും വഴിവിട്ട ബന്ധങ്ങളിലേക്കൊന്നും പോകാന്‍ അദ്ദേഹത്തിന് താത്പര്യമില്ലായിരുന്നു. ഓസ്‌വാള്‍ഡോ മറിച്ചായിരുന്നു. ലൂയിസ ഓസ്‌വാള്‍ഡോയുമായി അടുപ്പത്തിലാവുന്നു. അവര്‍ ഒരുമിച്ച് ജീവിതം തുടങ്ങുന്നു. ആദ്യ ചിത്രത്തിലൂടെതന്നെ ലൂയിസ ഫരീദ പ്രശസ്തയായി. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിയായി അവള്‍ തിരഞ്ഞെടുക്കപ്പെടുന്നു. അതിനിടെ, ഓസ്‌വാള്‍ഡോയുടെ ജനസമ്മതി മുതലാക്കാന്‍ ഭരണകൂടം തീരുമാനിക്കുന്നു. ലഫ്റ്റനന്റ്് പദവി നല്‍കി അദ്ദേഹത്തെ സൈന്യത്തിന്റെ ഭാഗമാക്കുന്നു.


കലാകാരന്മാരെ തങ്ങളുടെ പക്ഷത്ത് നിര്‍ത്തുമ്പോഴും ഭരണകൂടത്തിന്റെ ചാരക്കണ്ണുകള്‍ എപ്പോഴും അവരില്‍ പതിഞ്ഞിരുന്നു. ഓസ്‌വാള്‍ഡോയെ ചാരന്മാര്‍ നിഴല്‍ പോലെ പിന്തുടര്‍ന്നു. ലൂയിസ ഫരീദയുമായുള്ള ബന്ധം എപ്പോഴും ചാരക്കണ്ണുകള്‍ക്ക് വിരുന്നായി. ലൂയിസ ഫരീദ രണ്ടാമതും ഗര്‍ഭിണിയാകുന്നു. ആദ്യത്തേത് അഞ്ചു വര്‍ഷം മുമ്പായിരുന്നു. അത് അലസിപ്പോയിരുന്നു. തന്റെ കുഞ്ഞ് ആണാകുമെന്ന് ഓസ്‌വാള്‍ഡോ സ്വപ്നം കാണുന്നു. പക്ഷേ, ആ മോഹം പാഴായിപ്പോകുന്നു. യുദ്ധാവസാനം ഓസവാള്‍ഡോയും ലൂയിസയും ഫാസിസ്റ്റ് വിരുദ്ധരുടെ കണ്ണില്‍ അനഭിമതരായി മാറുകയാണ്. ശരിയായ വിചാരണപോലും നടത്താതെ ഇരുവരെയും വെടിവെച്ചുകൊല്ലുന്നു. ഫാസിസ്റ്റുകളെ പ്രീതിപ്പെടുത്താന്‍ നിരപരാധികളെ പീഡിപ്പിച്ചു എന്നതായിരുന്നു ഓസ്‌വാള്‍ഡോയ്‌ക്കെതിരായ കുറ്റം. മര്‍ദകരെ രസിപ്പിക്കാന്‍ നഗ്‌നനൃത്തം ചെയ്തു എന്ന കുറ്റം ചുമത്തിയാണ് ലൂയിസ ഫരീദയെ ശിക്ഷിച്ചത്.

ഒരു സിനിമയിലെന്നപോലെയാണ് ഇതിന്റെ കഥ ചുരുള്‍ നിവരുന്നത്. തകര്‍ന്ന കെട്ടിടക്കൂമ്പാരങ്ങളില്‍ നിന്ന് ഒരു പെണ്‍കുട്ടിക്കും അനിയനും ഒരു ഫിലിംറോള്‍ വീണുകിട്ടുന്നു. ഓസ്‌വാള്‍ഡോയുടെ കൈയില്‍ മരണസമയത്തുണ്ടായിരുന്ന ഫിലിംറോളാണത്. കൗതുകത്തോടെ അതിലെ ചിത്രങ്ങള്‍ പരിശോധിക്കുകയാണ് കുട്ടികള്‍. ഇവിടെ നിന്നാണ് സംവിധായകന്‍ നമ്മളെ ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. ഫിലിംപ്രിന്റുമായി കുട്ടികള്‍ തിരിച്ചുപോകുമ്പോള്‍ സിനിമ തീരുന്നു. നിലത്തിഴഞ്ഞിഴഞ്ഞുപോകുന്ന ഫിലിമിന്റെ ക്ലോസപ്പിലാണ് സംവിധായകന്‍ സിനിമ അവസാനിപ്പിക്കുന്നത്.

മൂന്നു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ്് ഇതിവൃത്തം കരുത്തോടെ മുന്നോട്ടു പോകുന്നത്്. മുന്നുപേരും പരസ്​പരം ബന്ധിതരാണ്. വ്യക്തിത്വമുള്ളവരാണവര്‍. അഭിനയമെന്ന തൊഴിലില്‍ അഭിമാനിക്കുന്നയാളാണ് ഓസ്‌വാള്‍ഡോ. ലഹരിമരുന്നിനടിമയും ധൂര്‍ത്തനും ചൂതുകളിക്കാരനും വിഷയാസക്തനുമാണയാള്‍. എങ്കിലും സിനിമയോടുള്ള പ്രതിബദ്ധത അയാള്‍ ഉപേക്ഷിക്കുന്നില്ല. അഭിനയത്തിലെ പൂര്‍ണതയ്ക്കുവേണ്ടി എന്തും അയാള്‍ സഹിക്കും.

                          പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: