Pages

Sunday, April 29, 2012

കെ. ശങ്കരനാരായണന്റെ പുനര്നിയമനം ഭരണനിര്‍വഹണത്തിന് കിട്ടിയ അംഗീകാരം


കെ. ശങ്കരനാരായണന്റെ പുനര്‍നിയമനം ഭരണനിര്‍വഹണത്തിന് കിട്ടിയ അംഗീകാരം
 മഹാരാഷ്ട്ര ഗവര്‍ണറായി കെ.ശങ്കരനാരായണനെ പുനര്‍നിയമിച്ചത് അദ്ദേഹം മഹാരാഷ്ട്രയില്‍ നടത്തിയ ഭരണനിര്‍വഹണത്തിന് കിട്ടിയ അംഗീകാരമായാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. തന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയായി നിര്‍വഹിക്കുക എന്നതായിരുന്നു ദൗത്യമെന്നും അക്കാര്യം നിര്‍വഹിച്ചതിന്റെ അംഗീകാരമായാണ് പുനര്‍നിയമനത്തെ കാണുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

വരള്‍ച്ചപ്രശ്‌നത്തെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചു ചേര്‍ത്ത് ഇക്കാര്യത്തില്‍ മറ്റ് ഗവര്‍ണര്‍മാരില്‍നിന്ന് വ്യത്യസ്തമായ നടപടികള്‍ ശങ്കരനാരായണന്‍ സ്വീകരിച്ചിരുന്നു. അക്കാര്യം എല്ലാവരുടെയും പ്രശംസയ്ക്ക് കാരണമായിരുന്നു. രാഷ്ട്രീയസമ്മര്‍ദങ്ങള്‍വഴിയാണ് ഇക്കാലമത്രയും വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ കെ.ശങ്കരനാരായണന്‍ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിതനായതോടെ വൈസ് ചാന്‍സലര്‍നിയമനങ്ങള്‍ക്ക് സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജി ചെയര്‍മാനായുള്ള കമ്മിറ്റിയാണ് കുടിക്കാഴ്ചയിലുടെയും യോഗ്യതയുടെയും അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുത്തത്. മഹാരാഷ്ട്രയിലെ പതിനഞ്ചോളം സര്‍വകലാശാലകളില്‍ യാതൊരു വിവാദവുമില്ലാതെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ കെ. ശങ്കരനാരായണനായി. ഈ നീക്കം ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ മതിപ്പ് ഉയര്‍ത്തിയ നടപടിയായിരുന്നു. വിദര്‍ഭയുടെയും മറാത്ത്‌വാഡയുടെയും വികസനത്തിനുവേണ്ടി വിനിയോഗിക്കേണ്ട ഫണ്ടുകള്‍ ഇക്കാലമത്രയും പശ്ചിമമേഖലയില്‍ സ്വാധീനമുള്ള നേതാക്കള്‍ ആ മേഖലയിലേക്ക് മാറ്റി വിനിയോഗിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ കെ. ശങ്കരനാരായണന്‍ സ്വീകരിച്ച കര്‍ശനനിലപാട് വിദര്‍ഭ, മറാത്ത് മേഖലയിലെ ഫണ്ടുകള്‍ ആ മേഖലയ്ക്കുതന്നെ വിനിയോഗിക്കാന്‍ കാരണമായി. ഇത്തരം ഫണ്ടുകളെപ്പറ്റി നാലുമാസം കൂടുമ്പോള്‍ ഓഡിറ്റിങ്ങും നടത്തണമെന്ന് ഗവര്‍ണരുടെ നിര്‍ദേശവും പുതിയ ഉണര്‍വാണ് ജനങ്ങള്‍ക്ക് നല്‍കിയത്.

ആദിവാസിമേഖലയില്‍ വിനിയോഗിക്കുന്ന ഫണ്ടുകളെപ്പറ്റി കൃത്യമായ ഓഡിറ്റിങ്ങും അക്കാര്യം പരിശോധിക്കാന്‍ രാജ്ഭവന്‍ കേന്ദ്രമാക്കി ആരംഭിച്ച ആദിവാസിക്ഷേമസെല്‍ രുപവത്കരണവും കെ.ശങ്കരനാരായണന്റെ പ്രവര്‍ത്തനത്തിന്റെ മറ്റൊരു സുതാര്യമുഖമാണ് വെളിപ്പെടുത്തിയത്. നാഗ്പുര്‍ രാജ്ഭവന്‍ കേന്ദ്രമാക്കി 78 ഏക്കറില്‍ ആരംഭിച്ച ഔഷധോദ്യാനം ഗവര്‍ണര്‍ മഹാരാഷ്ട്രയ്ക്ക് നല്‍കിയ പുതുവര്‍ഷസമ്മാനമായാണ് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ തന്നെ വിലയിരുത്തിയത്. രാജ്ഭവന്‍ കേന്ദ്രീകരിച്ച് ചരിത്ര ആര്‍ക്കൈവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനി നടപ്പാക്കാനിരിക്കുകയാണ്.

ഇനിയുള്ള അഞ്ചുവര്‍ഷങ്ങള്‍ ഗവര്‍ണര്‍ എന്ന നിലയില്‍ കെ.ശങ്കരനാരായണന്‍ എന്തൊക്കെ ശ്രദ്ധേയമായ നടപടികള്‍ നടപ്പിലാക്കും എന്ന കാര്യമാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്.

                                പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: