Pages

Thursday, April 26, 2012

മലയാളി യുവശാസ്ത്രജ്ഞന്റെ മരണം: അന്വേഷണം തുടങ്ങി


മലയാളി യുവശാസ്ത്രജ്ഞന്റെ മരണം: അന്വേഷണം തുടങ്ങി

മലയാളി യുവശാസ്ത്രജ്ഞനെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത അന്വേഷിക്കുമെന്ന് കല്‍പ്പാക്കം പോലീസ് പറഞ്ഞു. കല്‍പ്പാക്കം അറ്റോമിക് റീപ്രോസസിങ് സെന്ററില്‍ സയന്റിഫിക്ക് അസിസ്റ്റന്റ് മലപ്പുറം ചേലേമ്പ്ര പനയപ്പുറം വീട്ടില്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് മുസ്തഫ (24)യെയാണ് കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുഹമ്മദ് മുസ്തഫയുടെ മൊബൈല്‍ഫോണ്‍ സിം കാര്‍ഡ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍കോളുകള്‍ പരിശോധിച്ചുവരികയാണ്. മുസ്തഫ ഒടുവില്‍ ഫോണില്‍ സംസാരിച്ചത് വീട്ടുകാരുമായാണ്. അതേ ഫോണില്‍ നിന്ന് പിന്നീട് രണ്ട് മിസ്ഡ് കോളുകള്‍ വന്നിരുന്നു. അപ്പോഴേക്കും മുസ്തഫ മരിച്ചുകഴിഞ്ഞെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. മുസ്തഫ മരിച്ചു കിടന്നിരുന്ന മുറിയില്‍ പോലീസ് വൈകാതെ ഫോറന്‍സിക് പരിശോധന നടത്തും. ബന്ധുക്കളോട് കല്‍പ്പാക്കത്ത് എത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

മുസ്തഫയുടെ വിവാഹത്തിന് ഒരുക്കങ്ങള്‍ നടന്നുവരികയായിരുന്നു. നാട്ടില്‍നിന്നുള്ള പെണ്‍കുട്ടിയെ കാണുകയും വിവാഹതീരുമാനത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുമായി മറ്റൊരു യുവാവിന് അടുപ്പമുണ്ടായിരുന്നുവെന്നും ആ യുവാവ് മുസ്തഫയെ വിളിച്ച് വിവാഹത്തില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിരുന്നതായും വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

യുവാവ് ഹിന്ദിയാണ് സംസാരിച്ചത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തും. യുവാവിന്റെ ഫോണ്‍കോളും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് മുസ്തഫയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികനിഗമനം. തിങ്കളാഴ്ച വൈകിട്ടോടെയാണ് മുസ്തഫയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഡ്യൂട്ടിയില്‍ കയറേണ്ട മുസ്തഫ വൈകിയിട്ടും എത്തിയില്ല. സഹപ്രവര്‍ത്തകര്‍ മുട്ടിവിളിച്ചപ്പോള്‍ മുറി തുറന്നില്ല. പിന്നീട് പോലീസെത്തി മുറി തുറന്നപ്പോള്‍ കുളിമുറിയല്‍ മുസ്തഫ മരിച്ചു കിടക്കുന്നതാണ് കണ്ടത്. രണ്ടു ബ്ലേഡുകളും കണ്ടെടുത്തു. ശരീരത്തില്‍ ബ്ലേഡുകൊണ്ടുള്ള 64 മുറിവുകളുണ്ടായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള രണ്ട് കത്തുകളും കണ്ടെത്തിയിരുന്നു.

             പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: