ഷാരൂഖ് ഖാനെതിരെ
കൊച്ചി പൊലീസ് കേസെടുത്തു.
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെതിരെ കൊച്ചി പൊലീസ് കേസെടുത്തു. അടുത്തിടെ ഒരു ടെക്സ്റ്റൈല്‍ ഷോറൂം ഉദ്ഘാടനം ചെയ്യാന്‍ കൊച്ചിയിലെത്തിയ ഷാരൂഖ്, ചിയര്‍ ഗേള്സിനൊപ്പം നടത്തിയഡാന്‍സ് വിവാദമായിരുന്നു. കിംഗ്ഖാന്റെ നൃത്തം സഭ്യതയുടെ അതിരുകള്‍ ഭേദിച്ചതായി ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ സ്വദേശിയായ സാജു പുല്ലുവഴി എന്നയാളാണ് എറണാകുളം ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്
ഇതേത്തുടര്‍ന്ന് ഷാരൂഖിനെതിരെ കേസെടുക്കാന്‍ കോടതി നിര്ദ്ദേശിക്കുകയായിരുന്നു. ഇന്‍ഡീസന്റ് റെപ്രസന്റേറ്റീവ് ഓഫ് വുമണ്‍(പ്രൊഹിബിഷന്‍) ആക്ട് 1986ലെ സെക്ഷന്‍ 3, 6 പ്രകാരമാണ് സൂപ്പര്‍താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഡിസംബര്‍ നാലാം തീയതിയാണ് ഇമ്മാനുവല്‍ സില്‍ക്ക്സിന്റെ ഉദ്ഘാടനത്തിനായി ഷാരൂഖ് ഖാന് കൊച്ചിയിലെത്തിയത്. ഉദ്ഘാടനദിവസം കലൂര്‍ സ്റ്റേഡിയത്തില്‍ പൊതുജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ തന്റെ പുതിയ ചിത്രമായ റാ വണിലെ ചമക് ചലോ എന്നുതുടങ്ങുന്ന ഗാനത്തിന് ഷാരൂഖ് ചുവടുവെച്ചത്. ഡാന്‍സ് കൊഴുപ്പിക്കാന്‍ അല്‍പ്പ വസ്ത്രധാരികളായ ചിയര്ഗേള്സും ഉണ്ടായിരുന്നു. ഷാരൂഖിന്റെ നൃത്തം സ്ത്രീകളെ അപമാനിക്കുന്നതാണെന്നാണ് പരാതിക്കാരന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഷാരൂഖിനൊപ്പം ഇമ്മാനുവല്‍ സില്‍ക്ക്സ് ഉടമകളെയും കേസില്‍ ഉള്‍പ്പെടുത്താന്‍ കോടതി നിര്ദ്ദേശിച്ചിട്ടുണ്ട്. കൊച്ചി പാലാരിവട്ടം പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. തെളിയിക്കപ്പെട്ടാല്‍ രണ്ടുമുതല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment