Pages

Thursday, January 15, 2026

മുദ്രാവാക്യം വിളിക്കാത്ത വിപ്ലവകാരി

 

മുദ്രാവാക്യം വിളിക്കാത്ത വിപ്ലവകാരി

 

കുഞ്ചൻനമ്പ്യാർ, സഞ്ജയൻ, വികെഎൻ- സാമൂഹികവിമർശനത്തിന് നർമത്തോളം ഫലപ്രദമായ ആയുധം വേറേയില്ലെന്നു തിരിച്ചറിഞ്ഞ് മലയാളിയെ നേരിന്റെ വഴികളിലേക്കുതെളിക്കാൻ പരിശ്രമിച്ച മഹാരഥികൾ. പുതിയകാലത്ത് അവർക്ക് യോഗ്യനായ ഒരു പിൻഗാമി ഉണ്ടായെങ്കിൽ, അത് ശ്രീനിവാസനായിരുന്നു. നർമത്തിന്റെ അനന്തസാധ്യതകൾ തിരിച്ചറിഞ്ഞ് സിനിമയിലും ജീവിതത്തിലും ചിരിച്ചും ചിരിപ്പിച്ചും കടന്നുപോയ മഹാപ്രതിഭ.

കലയും രാഷ്ട്രീയവും ഇണപിരിയാതെ നിലകൊണ്ടിരുന്നു എന്നും, ശ്രീനിവാസന്റെ സർഗാങ്കണങ്ങളിൽ. അദ്ദേഹത്തിന്റെ കലാവൈഭവം ഒട്ടേറെ ആരാധകരെ നേടിയപ്പോഴും നർമത്തിന്റെഅമ്പുകൊണ്ട കുരുക്കൾപലരും ശത്രുക്കളായിമാറി. പക്ഷേ, ഇത്തരം ശത്രുതകൾക്ക് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. മുൻപിൽ ചെന്നുചാടുന്നവരെ നിഷ്കളങ്കമായ വ്യക്തിത്വംകൊണ്ട് കീഴടക്കാനുള്ള വൈഭവമായിരുന്നു അതിനുകാരണം.

ഒന്നിനെയും മാറിനിന്ന് വിമർശിക്കുകയായിരുന്നില്ല ചുവന്നമണ്ണായ പാട്യത്തുനിന്ന് ഉരുവംകൊണ്ട വിപ്ലവകാരി. പുരോഗമനപ്രസ്ഥാനങ്ങളോട് നർമത്തിലൂടെ കലഹിക്കുകയും കർമംകൊണ്ട് സഹകരിക്കുകയും മനസ്സാ ചേർന്നുനിൽക്കുകയുംചെയ്തു. ശ്രീനിവാസന്റെ ചിന്തയിലും എഴുത്തിലും കലയിലുമെല്ലാം അടിമുടി രാഷ്ട്രീയം നിറഞ്ഞുനിന്നിരുന്നു. അതുകൊണ്ട് ഒന്നിനെയും പുറത്തുനിന്നല്ല, അകത്തുകയറിയായിരുന്നു മുദ്രാവാക്യം വിളിക്കാത്ത വിപ്ലവകാരി വിമർശിച്ചത്. അതിന്റെ രാഷ്ട്രീയം തിരിച്ചറിയാത്തവരായിരുന്നു പ്രതിലോമകരം എന്ന് വിളിച്ചുകൂവിയത്. ഇടതെന്നോ വലതെന്നോ നോക്കാതെ സമകാലിക രാഷ്ട്രീയപ്രവർത്തകരെയും നേതാക്കളെയും വിമർശിച്ചുകൊണ്ടിരുന്നപ്പോഴും അവരെ നിന്ദിച്ചിരുന്നില്ലെന്ന് അടുപ്പമുള്ളവർക്കറിയാം. ‘‘നമുക്കവരെ പരിഹസിക്കാം, വിമർശിക്കാം. പക്ഷേ സമൂഹത്തിൽ, നാട്ടിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ പരിഹരിക്കാനും ആളുകളെ ആശ്വസിപ്പിക്കാനും അവർതന്നെ വേണം, അവരേ കാണൂ’’ -അതായിരുന്നു ശ്രീനിവാസന്റെ നിലപാട്.

രാഷ്ട്രീയകക്ഷികൾക്കെതിരായ വിമർശനങ്ങളൊന്നും ഉപരിതലത്തിലായിരുന്നില്ല. അവരവരുടെ ആശയങ്ങളും സിദ്ധാന്തങ്ങളും പഠിച്ചും അറിഞ്ഞും പ്രായോഗികതലത്തിൽ സംഭവിക്കുന്ന വീഴ്ചകൾ ചൂണ്ടിക്കാണിക്കുകയായിരുന്നു ശ്രീനിവാസൻ, സിനിമയിലൂടെ. അദ്ദേഹത്തിന്റെ രാഷ്ട്രീയചലച്ചിത്രങ്ങളുടെ സന്ദേശങ്ങൾ കാലാനുവർത്തിയാകുന്നത് അതുകൊണ്ടുതന്നെ.

രാഷ്ട്രീയത്തിനകത്തുനിന്ന് അതിനെ വിമർശിച്ചതുപോലെ മലയാളിപുരുഷനുനേരേയുള്ള ആത്മച്ഛായയുള്ള പരിഹാസങ്ങളും അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾക്ക് കരുത്തും രസനീയതയുമേകുന്നു. ഉയരം, നിറം തുടങ്ങി ശാരീരികവും മാനസികവുമായ തലങ്ങളിൽ ശരാശരി മലയാളിപുരുഷൻ കൊണ്ടുനടക്കുന്ന അപകർഷതയെ പരിഹസിച്ചുകൊണ്ടിരുന്ന മറ്റേതു സിനിമാക്കാരനുണ്ട് നമുക്ക്? സ്ത്രീക്കുമുൻപിൽ തോറ്റുകൊണ്ടേയിരിക്കുന്നവരാണ് ശ്രീനിവാസന്റെ പുരുഷകഥാപാത്രങ്ങൾ. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുംപോലുള്ള ശ്രീനിവാസൻസൃഷ്ടികൾ ഇത്തരുണത്തിൽ ലോകസിനിമയിലെത്തന്നെ അപൂർവതകളായിമാറുന്നു.

സിനിമയിൽ, സിനിമയ്ക്കകത്തുള്ളവരെയും പരിഹസിക്കാമെന്ന് ആദ്യം കാണിച്ചുതന്നതും ശ്രീനിവാസനായിരിക്കും. സൂപ്പർതാരങ്ങളും കഥയെഴുത്തുകാരുംതൊട്ട് ക്യാമറാമാന്മാരും ലൈറ്റ് ബോയിമാരുംവരെ നർമത്തിന്റെ അമ്പേറ്റു പുളഞ്ഞു. സിനിമയിലും ജീവിതത്തിലുമുള്ള അഴകിയ രാവണന്മാരെ കുത്തിനോവിക്കുമ്പോഴും നർമത്തിന്റെ സൂചി തനിക്കുനേരേക്കൂടി തിരിച്ചുപിടിക്കാൻ മടികാണിച്ചില്ലെന്നത് അദ്ദേഹത്തിന്റെ വലുപ്പംതന്നെയാണ്. ഇങ്ങനെ വിവിധതലങ്ങളിലും കാഴ്ചപ്പാടുകളിലുംനിന്ന് ആത്മാന്വേഷണവും വിമർശനവും നടത്തിയ കലാകാരൻ എന്നനിലയിലും കുഞ്ചൻനമ്പ്യാരുടെ ചാർച്ചക്കാരനാണ് ശ്രീനിവാസൻ.

പ്രശംസകൾക്കും അംഗീകാരങ്ങൾക്കും പുറകെപ്പോകാതെ, അർഹമായ ഇടങ്ങളിലേക്കുപോലും ചുവടുവെക്കാതെ നിറഞ്ഞ ചിരിയോടെ തലയുയർത്തിപ്പിടിച്ച് മലയാളിയുടെ ബോധമണ്ഡലങ്ങളിൽ നിലകൊള്ളുന്ന എഴുത്തുകാരന്, സിനിമാക്കാരന്, സാമൂഹികവിമർശകന് മരണമില്ല. അക്ഷര, ദൃശ്യ, വാചികതലങ്ങളിൽ മലയാളിയുടെ ഭാവുകത്വം തിരുത്തിയ കലാകാരനെന്നനിലയിൽ മലയാണ്മയുടെ ചരിത്രത്തിൽ അദ്ദേഹം ഇടംപിടിക്കുന്നു.സ്ത്രീക്കുമുൻപിൽ തോറ്റുകൊണ്ടേയിരിക്കുന്നവരാണ് ശ്രീനിവാസന്റെ പുരുഷകഥാപാത്രങ്ങൾ

 

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

 

 

T

No comments: