നല്ല സമറായൻ പദ്ധതി കേരളത്തിലും അനിവാര്യം
അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ സന്മനസ്സു കാട്ടുന്നവർ ഇനി പെരുവഴിയിലാകില്ല.ഈ സാഹചര്യം ഒഴിവാക്കാൻ നിയമ നിർമാണം നടത്തുകയാണ് കേരള സർക്കാർ. നിയമം പ്രാബല്യത്തിൽ വന്നാൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്ന വ്യക്തി നിയമക്കുരുക്കിൽ പെടില്ല, സഹായിച്ച വ്യക്തിക്ക് ചെലവായ പണം മടക്കി കിട്ടുകയും ചെയ്യും
ഇക്കാര്യങ്ങൾ നിർദേശിക്കുന്ന നിയമത്തിൻറെ കരട് തയ്യാറായിക്കഴിഞ്ഞു. സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷനാണ് ബില്ലിന്റെ കരട് തയ്യാറാക്കിയത്. കേരള എമർജൻസി മെഡിക്കൽ കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ഗുഡ് സമരിറ്റൻ ബിൽ എന്ന പേരിൽ ഇത് സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു.
ഇതുപോലെ കേന്ദ്ര സർക്കാരിനും പദ്ധതിയുണ്ട് .അപകടം നടന്ന് ഒരു മണിക്കൂറിനകം പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് ‘നല്ല സമറായൻ’ പദ്ധതിക്കു കീഴിൽ 25,000 രൂപയും ‘രഹ്-വീർ’ എന്ന ബഹുമതിയും നൽകുകയും നിയമക്കുരുക്ക് ഒഴിവാക്കുകയും ചെയ്യുന്നത് കേന്ദ്രത്തിന്റെ ജനപക്ഷ നടപടിയാണ്. കേരളവും ഈ പദ്ധതിയുമായി സഹകരിക്കണം
പണം മുടക്കുന്നത് കേന്ദ്രമായിരിക്കെ നമുക്ക് സാന്പത്തിക ബാധ്യതകളില്ലല്ലോ. 2024ൽ 48,834 അപകടങ്ങളിൽ 3,880 പേരാണ് കേരളത്തിൽ മരിച്ചത്. നിരവധിപ്പേർ ജീവച്ഛവങ്ങളായി കഴിയുന്നു. 2025ലെ കണക്ക് വരാനിരിക്കുന്നതേയുള്ളൂ. വരൂ, നമുക്കീ തെരുവുകളിലെ രക്തപ്പിടച്ചിലുകളുടെ കാഴ്ചക്കാരാകാതെ, രക്ഷകരാകാം. പ്രതിഫലമില്ലെങ്കിലും നല്ല സമറായനാകാം.
2020ലാണ് നല്ല സമറായൻ പദ്ധതി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് റോഡപകടങ്ങളിൽപ്പെട്ടവരെ ആദ്യത്തെ ഒരു മണിക്കൂറിൽ ആശുപത്രിയിലെത്തിക്കുന്നവർക്ക് 5,000 രൂപയായിരുന്നു പ്രോത്സാഹന സമ്മാനം. 2021 ഒക്ടോബറിൽ പദ്ധതി നടപ്പാക്കിത്തുടങ്ങി. 2024 ഏപ്രിലിൽ, 25,000 രൂപയായി തുക പരിഷ്കരിച്ചു, ഇതോടൊപ്പം രക്ഷകന് ‘രഹ്-വീർ’ എന്ന ധീരതാ സർട്ടിഫിക്കറ്റും നൽകും. കൂടാതെ, 10 നല്ല സമരിയാക്കാർക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ വീതം ദേശീയ അവാർഡുകളും പ്രഖ്യാപിച്ചു.
ആദ്യത്തെ ഏഴു ദിവസത്തേക്ക് അപകടത്തിൽപ്പെട്ടവരുടെ 1.5 ലക്ഷം രൂപ വരെയുള്ള ആശുപത്രിച്ചെലവും സർക്കാർ വഹിക്കും. 2025 ജനുവരിയിൽ ഗതാഗത മന്ത്രി നിധിൻ ഗഡ്കരി ഇത് ആവർത്തിച്ചു പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ഡിസംബറിൽ ലോക്സഭയിൽ മന്ത്രി ഇക്കാര്യം വീണ്ടും അറിയിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ഓരോ വർഷവും അഞ്ചു ലക്ഷം റോഡപകടങ്ങൾ സംഭവിക്കുന്നു. ഇതിൽ 1.8 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെടുന്നു; 66 ശതമാനവും 18നും 34നും ഇടയിൽ പ്രായമുള്ള യുവാക്കളാണെന്ന കണക്കും അദ്ദേഹം വെളിപ്പെടുത്തി.
കേരളം ഇതിന്റെ നടത്തിപ്പിനായി 2022 മാർച്ചിൽ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു, 2024 ജൂലൈയിൽ ഇതു പുനഃസംഘടിപ്പിക്കുകയും ചെയ്തു. എന്നാൽ, സംസ്ഥാന, ജില്ലാ തല കമ്മിറ്റികൾ പ്രഹസനമായി തുടരുന്നതല്ലാതെ ഒരു നല്ല സമറായനെയും സഹായിച്ചതായി റിപ്പോർട്ടില്ല. പദ്ധതി നടപ്പാക്കിയെങ്കിൽ സംസ്ഥാന സർക്കാരിനു വിശദീകരിക്കാവുന്നതാണ്. ഇല്ലെങ്കിൽ എത്രയും വേഗം നടപടി സ്വീകരിക്കണം.
ഫണ്ട് ലഭിക്കുന്നതിലുൾപ്പെടെ കേന്ദ്രപദ്ധതിയിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ തിരുത്താൻ ആവശ്യപ്പെടണം. നിലവിൽ അപകടങ്ങളേറിയെങ്കിലും ഹെൽമെറ്റും സീറ്റ് ബെൽറ്റും നിർബന്ധിതമാക്കിയതോടെ മരണനിരക്ക് നേരിയ തോതിലെങ്കിലും കുറഞ്ഞെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്.
കേന്ദ്രപദ്ധതി കൂടി നടപ്പാക്കിയാൽ നമ്മുടെ നിരത്തിലെ നിലവിളിയും അകാല മരണങ്ങളും ഗണ്യമായി കുറയ്ക്കാനാകും. പോലീസ് കണക്കുകൾ പ്രകാരം 2024ൽ കേരളത്തിൽ 48,836 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 3,880 പേർ മരിക്കുകയും 54,796 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2025 ജൂലൈ വരെ മാത്രം 28,724 അപകടങ്ങളിൽ 2,107 പേർ മരിക്കുകയും 32,569 പേർക്കു പരിക്കേൽക്കുകയും ചെയ്തു. കേന്ദ്രം ആവർത്തിച്ച് ഓർമിപ്പിക്കുന്ന പദ്ധതി കാര്യക്ഷമമായിരുന്നെങ്കിൽ മരണസംഖ്യ ഇത്രയ്ക്കുണ്ടാകില്ലായിരുന്നെന്നു വേണം കരുതാൻ.സഹജീവികൾ റോഡിൽ പിടയുന്നതു കണ്ടിട്ടും കാണാതെ പോകുന്നവരെ സഹായത്തിനു പ്രേരിപ്പിക്കാനാണ് ഇത്തരമൊരു പദ്ധതി. അതായത്, മനുഷ്യത്വം വറ്റിപ്പോകുന്ന ഒരു തലമുറയെ പണവും പ്രശസ്തിയും കൊടുത്തു വിളിച്ചുവരുത്തുകയാണ്. ഒരു പ്രതിഫലവുമില്ലാതെ സ്വന്തം പണവും സമയവും അധ്വാനവും കൊടുത്ത് ആപത്തിൽപ്പെട്ടവരെ സഹായിക്കുന്നവരാണ് നല്ല സമറായൻ. ബൈബിളിലെ ആ നല്ല സമറായൻ ഇപ്പോഴുമുണ്ട്.എന്നാൽ, എണ്ണം കുറഞ്ഞുവരികയാണ്. യഥാസമയം ചികിത്സ കിട്ടിയിരുന്നെങ്കിൽ തന്റെ പ്രിയപ്പെട്ടവർ മരിക്കില്ലായിരുന്നു എന്നു വിലപിക്കുന്നവരാണ് നമ്മിൽ ഏറെയും. പക്ഷേ, ഒരവസരം വരുന്പോൾ അപകടസ്ഥലത്തുനിന്നു മുഖം തിരിക്കുന്നവരുമാണ്. യാഥാർഥ്യങ്ങളെ അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രം നല്ല സമറായരെ ഒരുക്കുന്നത്. സംസ്ഥാന സർക്കാർ അതിന്റെ ഉത്തരവാദിത്വം നിർവഹിക്കണം.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment