ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഉള്ളടക്കം പരിശോധിക്കപ്പെടണം
ഓണ്ലൈനുകളിലെ ഉളളടക്കം പരിശോധിക്കപെടണം എന്ന സുപ്രീംകോടതിയുടെ നിര്ദ്ദേശം സമയോചിതമാണ്.ഓണ്‍ലൈന്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നവരുടെ പ്രായം പരിശോധിക്കുവാന്‍ ആധാര്‍ അധിഷ്ഠിത സംവിധാനം ഒരുക്കണമെന്നും കോടതി പറഞ്ഞിട്ടുണ്ട്. അശ്ലീലം പുസ്തകത്തിലായാലും ചിത്രത്തില്‍ ആയാലും അത് പരസ്യമായിട്ടാണെങ്കില്‍ നിയന്ത്രണം അത്യാവശ്യമാണ്. ഫോണ്‍ തുറന്നാല്‍ വേണ്ടാത്തതോ ആഗ്രഹിക്കാത്തതോ ആയ കാര്യങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. പിന്നെ എന്തു ചെയ്യും എന്നാണ് കോടതി ചോദിച്ചത്.
ചിലപ്പോള്‍ ഉള്ളടക്കത്തെപ്പറ്റി മുന്നറിയിപ്പ് ലഭിക്കുമെങ്കിലും അതുപോരെന്നും, ഓണ്‍ലൈനില്‍ പരതുന്നവരുടെ പ്രായം പരിശോധിക്കാന്‍ സംവിധാനം വേണമെന്നും കോടതി പറയുന്നതിന്റെ ഗൗരവം എല്ലാവര്ക്കും മനസ്സിലാവും. ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സം വരുകയാണെങ്കില്‍ അപ്പോള്‍ നോക്കാമെന്നും, ഉത്തരവാദിത്തബോധമുള്ള സമൂഹത്തെ നമുക്ക് കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും കോടതി പറയുമ്പോള്‍ അത് മുഖവിലയ്ക്കെടുക്കാം.
സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്ത ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആരെങ്കിലും വേണമെന്നും, അഭിപ്രായസ്വാതന്ത്ര്യം വിലമതിക്കാനാവാത്ത അവകാശമാണെങ്കിലും, വികൃതമാകാന്‍ പാടില്ലെന്നും അഭിപ്രായപ്പെട്ട് കോടതിയുടെ നിര്ദേശത്തെ കേന്ദ്രസര്ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും പിന്തുണയ്ക്കുയുണ്ടായി. കോടതിയുടെ നിര്ദ്ദേശത്തെ സര്‍ക്കാര്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നു എന്നാണ് ഇതിനര്ത്ഥം.
ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കാന്‍ ഒരു സ്വയംഭരണ സ്ഥാപനം വേണം. അനുവദിക്കാവുന്നതും അനുവദിക്കാന്‍ പാടില്ലാത്തതും എന്തൊക്കെയാണെന്ന് ഈ സ്ഥാപനം തീരുമാനിക്കട്ടെ. അതേസമയം പൗരന്മാരുടെ മൗലികാവകാശങ്ങള്‍ പാലിക്കപ്പെടണം. ആരുടെയും വായ് മൂടി കെട്ടാനും പാടില്ല. എന്തെങ്കിലും വൈകല്യമുള്ളവരെ അവഹേളിക്കാനും അനുവദിക്കരുത്. എസ് സി എസ് ടി നിയമം പോലെ കര്ശന നിയമം ഇക്കാര്യത്തില്‍ ആവശ്യമാണ്. ഹാസ്യം എന്ന പേരില്‍ മറ്റുള്ളവരെ അവഹേളിക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി പറയുന്നു.ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ രാജ്യവിരുദ്ധ ഉള്ളടക്കം ഉണ്ടോ എന്ന പരിശോധിക്കണം .സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സുപ്രീം കോടതി കേന്ദ്രത്തിന് നാലാഴ്ച സമയമാണ് നല്കിയിട്ടുള്ളത്. എന്നാല്‍ ഫലപ്രദമായി എന്തെങ്കിലും ചെയ്യാന് ഈ സമയപരിധി മതിയാവുമെന്ന് തോന്നുന്നില്ല. മുന്കാലത്ത് ഇത്തരം ചില നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയപ്പോള്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്തു വരികയുണ്ടായി. മാധ്യമങ്ങള്ക്ക് മൂക്കുകയറിടാന്‍ സമ്മതിക്കില്ലെന്നും മറ്റുമാണ് ഇവര്‍ പറഞ്ഞത്. ഫലപ്രദമല്ലെന്ന് ഇപ്പോള്‍ കോടതി തന്നെ പറയുന്ന സ്വയം നിയന്ത്രണമാണ് ഇക്കൂട്ടര്‍ മുന്നോട്ടുവയ്ക്കാറുള്ളത്. ഫലപ്രദമാവില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഈ നിര്ദ്ദേശം മുന്നോട്ടുവയ്ക്കുന്നത് എന്നതാണ് ഇതിലെ വിരോധാഭാസം.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment