Pages

Tuesday, December 18, 2018

അമ്മയെ മറന്ന് അന്ത്യോക്കയെ സ്വീകരിക്കണമോ ?


അമ്മയെമറന്ന്അന്ത്യോക്കയെ
സ്വീകരിക്കണമോ ?

കുറേകാലമായി കേരളത്തിൽ അങ്ങിങ്ങ്  മുഴങ്ങികേൾക്കുന്ന ഒരു മുദ്രാവാക്യം  ഇതാണ് " അമ്മയെ മറന്നാലും അന്ത്യോക്കയെ  മറക്കില്ല " പതിനാറാം നൂറ്റാണ്ടുവരെ മലങ്കര സഭക്ക് അന്ത്യോക്യൻ ഓർത്തഡോൿസ് സഭയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല .കൂനൻകുരിശു പ്രതിജ്ഞ  സംഭവത്തിനു ശേഷമാണ് അന്ത്യോക്ക്യാ സഭയുമായി അടുത്തത് .കുറേകാലം മലങ്കര സഭ  അന്ത്യോക്യൻ പാത്രിയർക്കീസിൻറെ അധീനതയിലായിരുന്നു .ഇന്ത്യ കുറേകാലം ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്നതുപോലെ . 1912    കാതോലിക്കേറ്റ് സ്ഥാപിതമായതോടെ  മലങ്കര സഭ സ്വതന്ത്രമായെങ്കിലും  ഒരു വിഭാഗം .വിഘടിച്ചു .1958 ലെ സുപ്രീംകോടതി വിധി പ്രകാരം  സഭയിൽ സമാധാനം കൈവന്നു .14 വർഷം  രണ്ടുവിഭാഗവും ഒന്നിച്ചുമുന്നേറി .
14  വർഷത്തിന് ശേഷം  വിഘടിച്ചു നിന്ന യാക്കോബാ വിഭാഗം വീണ്ടും സഭയിൽ തർക്കവും വഴക്കുമായി രംഗത്തുവന്നു .മാർത്തോമ്മാശ്ലീഹായുടെ പൈതൃകത്തെ അവർ ചോദ്യം ചെയ്തു .മലങ്കര ഓർത്തഡോൿസ് സഭയുടെ  ഭരണഘടനാ അനുസരിക്കാൻ അവർ വിസമ്മതിച്ചു .നിലവിലുള്ള നിയമങ്ങൾ വിഘടിതവിഭാഗവും പാത്രയർക്കീസും  ലംഘിച്ചു . തനിക്ക് ഇഷ്ടപെട്ടവരെ അന്ത്യോക്കയിലേക്കു വിളിച്ചുവരുത്തി മെത്രാപ്പോലീത്താമാരായി വാഴിച്ചു മലങ്കരസഭയിലേക്ക് അയക്കാൻ തുടങ്ങി .ഇന്ത്യൻ സഭയിലെ നിയമങ്ങൾ ഒന്നും തന്നെ പാത്രിയർക്കീസ് അംഗീകരിച്ചില്ല . രണ്ടുവിഭാഗവും കോടികണക്കിന് രൂപ  കേസിനിനായി ചെലവഴിച്ചുകൊണ്ടിരിക്കുന്നു . സത്യം മനസ്സിലാക്കാൻ  എല്ലവരും  ശ്രമിക്കണം . അന്ത്യോക്യൻ പാത്രിയർക്കീസ്  1912 വരെ  മലങ്കര സഭയെ വളരെയേറെ സഹായിച്ചു . അതിനു  മലങ്കര സഭക്ക്  സ്നേഹവും നന്ദിയുമുണ്ട് . സഹായം സ്വീകരിച്ചത്തിന്  സഭയെ സ്വന്തമാക്കാൻ ശ്രമിക്കരുത് .വീട്ടുകാരെ സഹായിച്ചതിന്  വീട് പകരമായി ചോദിക്കരുത് , അത് നീതിയല്ല , ന്യായമല്ല , ആരും വിട്ടുതരികയുമില്ല ..നൂറുവർഷത്തിലേറെ പഴക്കമുള്ള  സഭാകേസിനാണ് സുപ്രീം കോടതി തീർപ്പുകല്പിച്ചിരിക്കുന്നത് .. കോടതിവിധി അംഗീകരിക്കുകയോ അല്ലെങ്കിൽ കഴിയുമെങ്കിൽ മറ്റൊരു  വിധി .സമ്പാദിക്കുകയോയാണ്  പരാജയപ്പെട്ട വിഭാഗം ചെയ്യേണ്ടത് . മലങ്കര സഭയുടെ ചരിത്രം മനസ്സിലാക്കാൻ  ശ്രമിക്കുകയാണ് വേണ്ടത് .
2017  സുപ്രീംകോടതി  സഭാകേസിനു അന്തിമവിധി പ്രഖ്യാപിച്ചു. ഇരുവിഭാഗത്തിനും  ഇത് അനുസരിക്കുകമാത്രമാണ് ഏക പരിഹാരമാർഗം . ഇരു സഭകളും തമ്മിൽ  വിശ്വാസകാര്യത്തിൽ  ഒരു വ്യത്യാസവും ഇല്ല . രൂപത്തിലും ഭാവത്തിലും ഒന്നു തന്നെ  നൂറുശതമാനം സഹോദരങ്ങൾ തന്നെ . ഒറ്റ സഭ , ഒരേ പാരമ്പര്യം ,ഒരേ സംസ്ക്കാരം  ഒരേ ഭരണഘടന . വ്യത്യാസം വരുത്താൻ ആർക്കുമാവില്ല . സത്യം മനസ്സിലാക്കി  ഒന്നായി പോകുക ..കോടതിവിധി നടപ്പാകുന്നതിനെതിരെയുള്ള  ആത്മഹത്യാ ഭീഷണിയും പ്രതിഷേധവും  ഫലം ചെയ്യില്ല .വിഘടിത വിഭാഗത്തിലെ  ആദരണീയരായ തിരുമേനിമാരും  വൈദീകരും   സഭയിലെ പാവപെട്ട യുവജനങ്ങളെ  ഇളക്കിവിട്ട്  പോലീസ് കേസുകളിൽ  അകപെടുത്തരുതേ ! സത്യം മനസിലാക്കാൻ കഴിവുള്ളവർ  അത് ചെയ്യട്ടെ .നിയമം നിയത്തിൻറെ വഴിക്കു പോകട്ടെ . നമ്മുടെ ചെറുപ്പക്കാരെ ജീവിക്കാൻ അനുവദിക്കുക .


പ്രൊഫ്. ജോൺ കുരാക്കാർ


Monday, December 17, 2018

കാലത്തിനു പിറകെപോകുന്ന നമ്മുടെ എൻജിനീയറിങ് വിദ്യാഭ്യാസം


കാലത്തിനു പിറകെപോകുന്ന  നമ്മുടെ എൻജിനീയറിങ് വിദ്യാഭ്യാസം

രാജ്യത്തിൻറെ  സർവതോന്മുഖമായ വികസനത്തിന് സാങ്കേതിക വിദ്യാഭ്യാസം അനിവാര്യമാണ് .കേരളത്തിൽ   150  ലധികം എൻജിനീയറിങ് കോളേജുകളുണ്ട് . എല്ലാത്തിലുംകൂടി  ഇവിടെയുള്ള 70,000 സീറ്റുകളിൽ കൂടുതലുണ്ട് .25000 ത്തോളം സീറ്റുകൾ  ഒഴിഞ്ഞുകിടക്കുകയാണ് .ഇത്രയധികം എൻജിനീയർമാർ ഉണ്ടായിട്ടുംതിരുവനന്തപുരത്തെ നിസാൻ ഡിജിറ്റൽ ഹബ്ബിലേക്ക് മികച്ച സോഫ്റ്റ്വെയർ വിദഗ്ധരെ കേരളത്തിൽനിന്നു ലഭിച്ചില്ലെന്ന വാർത്ത എല്ലാവരുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്. അവർക്ക് ആവശ്യമുള്ളതിന്റെ 20% ആളുകളെ പോലും കേരളത്തിലെ പ്രധാന എൻജിനീയറിങ് കോളജുകളിൽനിന്നു ലഭിച്ചില്ലെന്നാണ്‌ അറിയുന്നത് .
എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നമ്മുടെ നാട്ടില് രണ്ടു പതിറ്റാണ്ടുമുൻപ്  ഉന്നത വിദ്യാഭ്യാസത്തിന്റെ തിലകക്കുറി ആയി ശോഭിച്ചിരുന്ന ഒരു വിദ്യാഭ്യാസ മേഖലയാണ്. എന്നാല് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഈ വിദ്യാഭ്യാസ മേഖല തകർന്നു കൊണ്ടിരിക്കുകയാണ് ..മറ്റു കോഴ്സുകളില് നിന്ന് വ്യത്യസ്തമായി എഞ്ചിനീയറിംഗ് സിലബസില് ഗണിതത്തിനും അതിന്റെ പ്രയോഗികതക്കും കാര്യമായ പങ്കുണ്ട്. സ്കൂളിലെ പഠനരീതികള് ഇതിനെ നേരിടാന് ചിലപ്പോള് പര്യാപ്തമാവുകയില്ല. അതായിരിക്കാം പ്ലസ് ടു വിനു വലിയ മാര്ക്കുവാങ്ങി വരുന്ന ചിലര് എഞ്ചിനീറിങ്ങിനു ദയനീയമായി പരാജയപ്പെടാന് ഒരു കാരണം. പ്രവേശന പരീക്ഷയിൽ കഷ്ടിച്ചു കടന്നുകൂടുന്നവരും മാതാപിതാക്കളുടെ നിർബന്ധത്താൽ എൻജിനീയറിങ് പഠിക്കുന്നവരുമൊക്കെ ഈ രംഗത്ത്  പരാജയപ്പെടുകയാണ് . വിദ്യാർഥിക്ക് ആദ്യം വേണ്ടത് എൻജിനീയറിങ്ങിനോടുള്ള താൽപര്യമാണ്. അതില്ലാത്തവരെ നിർബന്ധിച്ചു പഠിപ്പിക്കരുത് .ക്രിയാത്മക ചിന്തയുമുള്ള യുവ എൻജിനീയർമാരെയാണു നമ്മൾ വാർത്തെടുക്കേണ്ടത്. നമ്മുടെ  വ്യവസായ മേഖലക്ക് കരുത്തുനൽകാൻ തക്കവിധം അവരെ പ്രാപ്‌തരാക്കാൻ  ഇന്നത്തെ വിദ്യഭ്യാസത്തിനു കഴിയുന്നുണ്ടോ ?
നമ്മളിപ്പോഴും പാഠഭാഗങ്ങൾ മനഃപാഠമാക്കി എഴുതുന്ന പഴയ രീതിയിലാണു നിൽക്കുന്നത്. പദ്ധതികൾ ചെയ്തു പഠിക്കുന്ന രീതിയിലേക്കു മാറാൻ സാധിക്കുന്നില്ല. പഠിക്കുന്ന കാര്യം പ്രായോഗികമായി നടപ്പാക്കാൻ സാധിക്കണം. പക്ഷേ, മാറ്റത്തെ അംഗീകരിക്കാൻ കേരളത്തിലെ അധ്യാപക, വിദ്യാർഥിസമൂഹം തയാറല്ല. എൻജിനീയറിങ് രംഗത്തെ പാഠ്യപദ്ധതിയിൽ കുറെ പരിഷ്കാരങ്ങൾ നടപ്പാക്കിയെങ്കിലും കാലത്തിൻറെ വെല്ലുവിളികളെ നേരിടാൻ പ്രാപ്‌തമല്ല
.നമ്മുടെ എൻജിനീയറിങ് കോളജുകളിൽ ക്ലാസ്മുറികൾ മാത്രം ഉണ്ടായിട്ടു കാര്യമില്ല. ഗവേഷണംകൂടി നടക്കണം. പഠിപ്പിക്കുന്നതിനു നിലവാരമുള്ള അധ്യാപകസമൂഹം വേണം. മാറ്റത്തോടു മുഖം തിരിച്ചു നിൽക്കുന്നവരാകരുത് അദ്ധ്യാപകർ .മനുഷ്യന് ഏറ്റവും ഉപകാരപ്രദമായ വിദ്യാഭ്യാസമേഖല തന്നെയാണ് സാങ്കേതിക വിദ്യാഭ്യാസ മേഖല. നാം ഇപ്പോള് അനുഭവിക്കുന്ന എല്ലാ സൗകര്യങ്ങള്ക്കും നാം സാങ്കേതിക വിദ്യകളോടും , സാങ്കേതിക വിദ്യാഭ്യാസത്തോടും കടപ്പെട്ടിരിക്കുന്നുനമ്മുടെ വ്യവസായ മേഖലയ്ക്ക് ആവശ്യമായ  കഴിവും പ്രാവീണ്യവുമുള്ള എൻജിനീയർമാരെവാർത്തെടുക്കാൻ നിർഭാഗ്യവശാൽ നമുക്ക്  സാധിക്കുന്നില്ല.സ്വാശ്രയ കോളജുകൾ വന്നതാണ്നിലവാരം തകരാൻ കാരണമെന്ന് പറയുന്നത് ശരിയല്ല .കേരളത്തിനകത്തും  പുറത്തും  സർക്കാർ കോളേജുകളെ പോലെ ഉന്നതനിലവാരം പുലർത്തുന്ന  ചില സ്ഥാപനങ്ങൾ ഉണ്ട് എന്ന വസ്തുത മറക്കരുത് .

പ്രൊഫ്. ജോൺ കുരാക്കാർ

Saturday, December 15, 2018

ഹർത്താലുകൾ കേരളത്തെ വിഴുങ്ങുന്നു .

ഹർത്താലുകൾ കേരളത്തെ വിഴുങ്ങുന്നു .

കേരളത്തെ കൂച്ചുവിലങ്ങിട്ട്, തടവിലാക്കുന്ന ഹർത്താലുകൾ നിയന്ത്രിക്കാൻ ആർക്കുമാവില്ലേ ?ഒരു പ്രശ്നവും ഹർത്താലിലൂടെ പരിഹരിക്കപ്പെടുന്നില്ല എന്നിരിക്കെ എന്തിന്  ഇത്തരം ഹർത്താലുകൾ  ജനജീവിതത്തിന്റെ സകല വാതിലുകളും അടച്ചുകളയുന്ന  ഇതുപോലൊരു ഹർത്താൽ ലോകത്തൊരുരിടത്തും ഉണ്ടാവില്ല .ഹർത്താൽ നടത്താൻ മൽസരിക്കുന്ന രാഷ്ട്രീയ കക്ഷികൾ ഉണ്ടായതാണു കേരളത്തിന്റെ ശാപം .. രാഷ്ട്രീയ കക്ഷികൾക്ക് ഇതിലും ക്രൂരമായി നാടിനെ അവഹേളിക്കാനാവുന്നതെങ്ങനെ? ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നശേഷം ആറാമത്തെ ഹർത്താലാണ് 2018 ഡിസംബർ 14 ന്   സംസ്ഥാനത്ത്ം  നടന്നത്.തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയില് ബിജെപി നേതാവ് സി കെ പത്മനാഭന് ഉപവാസമനുഷ്ഠിച്ചിരുന്ന സമരപ്പന്തലിനു മുന്നില് സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തിയ മുട്ടട സ്വദേശി വേണുഗോപാലന് നായര്  മരിച്ചതിനെ തുടർന്നാണ് ഹർത്താൽ . വേണുഗോപാലന് നായർ സമരപ്പന്തലിലേക്ക് ഓടിക്കയറി തീകൊളുത്തിയ സംഭവത്തിലെ നാടകീയത തികച്ചും ദുരൂഹമാണ്.

വികസനത്തെ ഇല്ലാതാക്കുന്നതാണ് ഹർത്താലുകൾ എന്ന് അറിയാത്തത് ആരാണ്. .കേരളത്തെ തുടർച്ചയായി നരകിപ്പിക്കുന്ന ഹർത്താലുകൾ. ആരു പ്രഖ്യാപിക്കുന്നതായാലും ഹർത്താൽ ജനദ്രോഹവും ജനാധിപത്യവിരുദ്ധവുംതന്നെ. ജനജീവിതം സ്തംഭിക്കുന്നില്ലെന്നും പൊതുമുതൽ നശിപ്പിക്കപ്പെടുന്നില്ലെന്നും ഉറപ്പുവരുത്താൻ സർക്കാരിനു ബാധ്യതയുണ്ടെന്ന് കോടതികൾ പലതവണ ആവർത്തിച്ചുപറഞ്ഞിട്ടുണ്ട് .ഒരു വ്യക്തിയുടെ വൈകാരികപ്രശ്നത്തെ കേവലവോട്ടുരാഷ്ട്രീയവുമായി കൂട്ടിക്കുഴക്കുമ്പോള് സംഭവിക്കുന്നത് ജനങ്ങളുടെയും ഒരു നാടിന്റെതന്നെയും ദുരന്തമാണ്. നിരാഹാരസമരപ്പന്തലിലേക്കാണ് വേണുഗോപാലന്നായര് ആളിപ്പടരുന്ന തീയുമായി ഓടിക്കയറിയത് .അയാൾക്ക്  കുടുംബപരമായി ചില പ്രശ്നങ്ങളുണ്ട്. വിവാഹമോചിതനാണ്. ഏതെങ്കിലും രാഷ്ട്രീയപാര്ട്ടിയുമായി ബന്ധമുള്ളയാളുമല്ല. ആത്മഹത്യാശ്രമത്തിന് കാരണം ജീവിതം മടുത്തതാണെന്നാണ് പൊലീസിനോട് വേണുഗോപാലന്നായര് പറഞ്ഞിരിക്കുന്നത്. ഇയാള്ക്ക് ഇടയ്ക്ക് മാനസികവിഭ്രാന്തി ഉണ്ടാകാറുണ്ടെന്നും അദ്ദേഹത്തെ അറിയാവുന്നവര് പറയുന്നു. അദ്ദേഹത്തിന്റെ മരണത്തിന് ശബരിമല പ്രവേശവുമായി  യാതൊരു ബന്ധവുമില്ലെന്നുംഅവർ പറയുന്നു . ആത്മഹത്യയിലെ ദുരൂഹത വെളിച്ചത്തു കൊണ്ടുവരണം .
നാടിന്റെയും ജനങ്ങളുടെയും സൈ്വര്യജീവിതം ഉറപ്പവരുത്തുകയും അവരുടെ ജീവസ്വത്തുവകകള്ക്ക് സംരക്ഷണം നല്കുകയും ചെയ്യാന് ഭരണഘടനാപരമായി ഉത്തരവാദിത്തപ്പെട്ട സർക്കാരിന്  അതിനു കഴിയുന്നില്ല എന്നതാണ് വാസ്തവം .ഹർത്താൽ നടത്തുന്ന രാഷ്ട്രീയ കക്ഷികളോട് പൊതുജനത്തിന് വെറുപ്പാണ് .ഒറ്റ ദിവസത്തെ  ഹർത്താൽ കൊണ്ടുണ്ടാവുന്ന നഷ്ടം വളരെ വലുതാണ്.ബന്ദും ഹർത്താലുമൊക്കെ പൗരാവകാശത്തെയാണു വെല്ലുവിളിക്കുന്നതെന്ന് രാഷ്ട്രീയപാർട്ടികൾ  ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.കോടിക്കണക്കിന് ജനങ്ങളുടെ  ജീവിതോപായങ്ങളെ തടസ്സപ്പെടുത്തിയും അവരെ വീട്ടുതടങ്കലിലാക്കിയും അവർക്ക് ദുരിതവും വേദനയും  മാത്രം നൽകിയാണ് ഓരോ  ഹർത്താലുംകളും  നടക്കുന്നത് .വേണുഗോപാലൻറെ ആത്മഹത്യയുടെ യാഥാർഥ്യമെന്തെന്ന് അറിയുന്നതിനുമുമ്പ്  ഹർത്താൽ പ്രഖ്യാപിച്ച് ജനത്തെ വലച്ചതിന്  എന്ത് ന്യായികരണമാണ്  ബി ജെ .പി ക്കു പറയാനുള്ളത് .നിയമം  അനുസരിക്കുന്ന ജനത്തെ ബന്ദിയാക്കി  ഒരു കൂട്ടർ നടത്തുന്ന തേർവാഴ്ച അവസാനിപ്പിച്ചേ  മതിയാകു . നാടിനും ജനങ്ങൾക്കും ഉണ്ടാകുന്ന നഷ്‌ടം  ഹർത്താൽ ആഹ്വാനം ചെയ്ത രാഷ്ട്രീയ പാർട്ടിയിൽ നിന്ന് ഈടാക്കാൻ വ്യവസ്ഥ വേണം .

പ്രൊഫ്. ജോൺ കുരാക്കാർ