Pages

Friday, February 9, 2018

കാണാതാകുന്നകുട്ടികളെക്കുറിച്ചുള്ള കേരളത്തിന്റെ ആശങ്കയ്ക്ക് ആശ്വാസമെവിടെ ?



കാണാതാകുന്നകുട്ടികളെക്കുറിച്ചുള്ള
കേരളത്തിന്റെ ആശങ്കയ്ക്ക് ആശ്വാസമെവിടെ ?
കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം, ജനാലയിലെ കറുത്ത സ്റ്റിക്കർ തുടങ്ങി പേടിപ്പെടുത്തുന്ന വാർത്തകളാണ് നവമാധ്യമങ്ങളിൽ ദിവസവും പ്രത്യക്ഷപ്പെടുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളെപ്പറ്റി ഇപ്പോഴും വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. കാണാതായ കുട്ടികളെതേടി കണ്ണീരോടെ കഴിയുന്ന മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കും . കഴിഞ്ഞ വർഷംമാത്രം സംസ്ഥാനത്ത് കാണാതായ 1774 കുട്ടികളിൽ ഇനി 49 പേരെ കണ്ടെത്താനുണ്ടെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ നിയമസഭയിൽ പറഞ്ഞു. കുട്ടികളെ കാണാതാവുന്നത് ഒറ്റപ്പെട്ട സംഭവങ്ങളായോ നിസ്സാര ഒളിച്ചോട്ടങ്ങളായോ ചിത്രീകരിച്ച് പൊലീസ് നിസ്സംഗതയിൽ ഒളിക്കുമ്പോഴും ഒട്ടേറെ കേസുകളാണ് ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നമുക്കു മുന്നിൽ പല കണക്കുകളുമുണ്ട്. മൂന്നു വർഷത്തിനിടെ കേരളത്തിൽനിന്നു കാണാതായവരിൽ 15 വയസ്സിൽ താഴെയുള്ള 50 കുട്ടികളുണ്ടെന്നാണു കേരള പൊലീസ് കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ പറഞ്ഞത്.
കേന്ദ്ര ശിശുമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ‘ട്രാക്ക് ദ് മിസിങ് ചൈൽഡ്’ ഓൺലൈൻ ട്രാക്കിങ് സിസ്റ്റത്തിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം കഴിഞ്ഞവർഷം കേരളത്തിൽ നിന്നു കാണാതായത് 18 വയസ്സിൽ താഴെയുള്ള 739 കുട്ടികളെയാണ്. ഇതിൽ 657 കുട്ടികളെ കണ്ടെത്തി. ബാക്കി 82 കുട്ടികൾ എവിടെയെന്ന് ഇപ്പോഴും ആർക്കുമറിയില്ല..കാണാതായ കുട്ടികളെ കണ്ടത്താൻ പലപ്പോഴും പൊലീസിന് കഴിയുന്നുമില്ല കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നാരോപിച്ച് അന്യസംസ്ഥാന തൊഴിലാളികളെ നാട്ടുകാർ മർദിച്ച സംഭവവും അടുത്തസമയത് കോളിളക്കം സൃഷിടിച്ചിരിക്കുകയാണ് കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ സംശയത്തിൻറെ പേരിൽ  വളഞ്ഞിട്ട് മർദിക്കുന്ന വിഡിയോ ദൃശ്യങ്ങളിൽ കാണാനിടയായി  ഒരു തെറ്റും ചെയ്യാത്തവരെ കുട്ടികളെ കടത്തുന്നുവെന്ന് ആരോപിച്ച് മനുഷ്യത്വരഹിതമായി തല്ലിച്ചതയ്ക്കുന്നതു പുരോഗമന കേരളത്തിന് അപമാനമാണ്.
 ഭിക്ഷാടനം  നാട്ടിൽ നിരോധിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു .ഭിക്ഷാടന മാഫിയകളുടെ കൈകളിൽ ജീവിതം ഹോമിക്കാൻ വിധിക്കപ്പെട്ട ബാല്യങ്ങളുടെ കദനകഥകൾ എത്രയോ നാം കേട്ടറിഞ്ഞിരിക്കുന്നു. കൊലപാതകംപോലെതന്നെ കൊടുംക്രൂരതയല്ലേ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി കൈകാലുകൾ തല്ലിയൊടിച്ചും കണ്ണു കുത്തിപ്പൊട്ടിച്ചും ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നത്? കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന മാഫിയയുണ്ടെന്ന ആരോപണം പൊലീസ് നിഷേധിക്കുമ്പോഴും ഈ കുട്ടികളൊക്കെ, എങ്ങനെ, എവിടെയാണു മറയുന്നതെന്ന ചോദ്യം ബാക്കിയാവുന്നു. ഇത്തരം സംഘങ്ങൾ ഇപ്പോൾ സംസ്ഥാനത്തുണ്ടോ എന്ന് അന്വേഷിച്ചു കണ്ടെത്തിയേതീരൂ. ഭിക്ഷക്കാരെ സംഘടിതമായി കേരളത്തിൽ എത്തിക്കുന്നവരെയും കണ്ടെത്തണം. കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനത്തിന് അടിയന്തരമായി തടയിടുക എന്നതുതന്നെയാണു പ്രധാനം. അങ്ങനെ കണ്ടെത്തിയാൽ ഉടൻ കുട്ടികളെ മോചിപ്പിക്കുകയും അവരെ തട്ടിയെടുത്തവരെ നിയമത്തിന്റെ കൈകളിലേൽപിക്കുകയും വേണം.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെ പിടികൂടാനും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാനും കാര്യശേഷിയുള്ള ഒരു സംവിധാനത്തിനു സർക്കാർ മുൻകൈ എടുത്തേ തീരൂ. പല തട്ടിക്കൊണ്ടുപോകൽ സംഭവങ്ങളും വിരൽ ചൂണ്ടുന്നതു മാതാപിതാക്കളുടെ അശ്രദ്ധയിലേക്കു കൂടിയാണ്. കുട്ടികളുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തമാണെന്ന ഒന്നാം പാഠം രക്ഷിതാക്കൾ മറന്നുപോയിക്കൂടാ. രക്ഷിതാക്കളും സമൂഹവും പൊലീസും ചേർന്ന് കുട്ടികളുടെ സുരക്ഷയ്ക്കു ജാഗ്രതയോടെ പ്രവർത്തിച്ചേ മതിയാകു .സമൂഹത്തിലെ എല്ലാവിഭാഗവും ഉണർന്നേ മതിയാകു .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: