Pages

Thursday, March 30, 2017

O. V.VIJAYAN (ഒ വി വിജയന്‍ മാനവികതയുടെ ഇതിഹാസകാരന്‍)

ഒ വി വിജയന്‍ മാനവികതയുടെ ഇതിഹാസകാരന്‍മലയാളത്തിന്റെ നോവല്‍ക്കാലത്തെ രണ്ടായി പകുത്ത സാഹിത്യശില്‍പ്പിയായാണ് ഒ വി വിജയന്‍ വാഴ്ത്തപ്പെടുന്നത്. കഥാഖ്യാനത്തെ പുതിയ ഭാവുകത്വത്തിലേക്ക് നയിച്ച് ഭാഷയില്‍ വിപ്ളവം സാധ്യമാക്കിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. നോവല്‍ എന്ന സംജ്ഞയെ പൂര്‍ണമായും സാധൂകരിക്കുന്നതായിരുന്നു ഖസാക്കിന്റെ ഇതിഹാസം. അത് കേവലം തസ്രാക്ക് എന്ന പാലക്കാടന്‍ ഗ്രാമത്തിലെ കഥയായി ചുരുക്കിക്കാണാനാണ് പല സാഹിത്യചിന്തകര്‍ക്കും താല്‍പ്പര്യം. എന്നാല്‍, ലോകമനുഷ്യന്റെ സ്വത്വാന്വേഷണത്തിനായുള്ള ദാര്‍ശനികയാത്രയാണത്. അറുപതുകളുടെ സാര്‍വദേശീയതയുടെയും ദേശീയതയുടെയും മണമുള്ള ദാര്‍ശനികനോവലെന്നും ഖസാക്കിനെ വിശേഷിപ്പിക്കാം.
വിജയന്റെ ദാര്‍ശനികത കേവല മനുഷ്യജന്മത്തെമാത്രം കേന്ദ്രീകരിക്കുന്നതായിരുന്നില്ല. ഒ വി വിജയന്റെ പ്രശസ്തമായ ഒരു കാര്‍ട്ടൂണുണ്ടായിരുന്നു. ഇന്ദിരാഗാന്ധി ഭരണകൂടത്തിന്റെ ശക്തിയാല്‍ നടത്തുന്ന അമിതാധികാരവാഴ്ചയെയും സംഘപരിവാര്‍ ഹിന്ദുരാഷ്ട്രത്തിനുവേണ്ടി നടത്തുന്ന വര്‍ഗീയപ്രചാരണത്തെയും ഫാസിസത്തിന്റെ കറുത്ത മേഘങ്ങള്‍ക്കുതാഴെ ചിത്രീകരിച്ചിരിക്കുന്ന കാര്‍ട്ടൂണ്‍. ഒരു ഭാഗത്ത് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ ശക്തിയുടെ വൈപുല്യത്തെ പ്രതീകവല്‍ക്കരിക്കാന്‍ വലിയൊരു വിമാനത്തിന്റെ അകമ്പടിയില്‍ നില്‍ക്കുന്ന ഇന്ദിരാഗാന്ധി, താഴെ ഹിന്ദുരാഷ്ട്രത്തിലേക്ക് ഒരു കാക്കയെ കെട്ടിയ തേരില്‍ നീങ്ങുന്ന സംഘപരിവാര്‍. സംഘപരിവാറിന്റെ വര്‍ഗീയലക്ഷ്യങ്ങളെ ചെറുതെങ്കിലും വ്യക്തമായി ചൂണ്ടിക്കാട്ടിയതായിരുന്നു ആ കാര്‍ട്ടൂണ്‍. കോണ്‍ഗ്രസിന്റെ അമിതാധികാരവാഴ്ച അടിയന്തരാവസ്ഥയും നവ ഉദാരവല്‍ക്കരണ ജനവിരുദ്ധവാഴ്ചയും കടന്ന് അവസാനിച്ചപ്പോള്‍, സംഘപരിവാര്‍ നയിക്കുന്ന വര്‍ഗീയശക്തികളുടെ ഫാസിസ്റ്റ് സ്വഭാവമുള്ള ഏകാധിപത്യവാഴ്ച യാഥാര്‍ഥ്യമായിരിക്കുന്നു. കാക്ക വലിയൊരു ബോംബര്‍ വിമാനമായി പരിണമിച്ചിരിക്കുന്നതാണ് വര്‍ത്തമാനകാല രാഷ്ട്രീയ യാഥാര്‍ഥ്യം. വിജയന്റെ ദീര്‍ഘദര്‍ശനം എത്ര കൃത്യമായിരുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതാണ് എഴുപതുകളിലെ അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തനം. വിജയന്റെ കാര്‍ട്ടൂണുകളിലെ പൊതുസ്വഭാവമായിരുന്നു ഇന്ത്യയുടെ ആകാശത്തില്‍ ഉരുണ്ടുകൂടുന്ന ഫാസിസത്തിന്റെ കാര്‍മേഘങ്ങള്‍.
സര്‍ഗാത്മകമായ രാഷ്ട്രീയപ്രവര്‍ത്തനവും ഇത്തരത്തില്‍ ഭാവിയെ ദീര്‍ഘദര്‍ശനം ചെയ്യുന്നതും രൂപപ്പെടുത്തുന്നതുമാണ്. സര്‍ഗാത്മകമായ സാഹിത്യപ്രവര്‍ത്തനത്തിലും ഈ ദീര്‍ഘദര്‍ശനം സാധ്യമാണ്. ഒ വി വിജയന്‍ ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദാര്‍ശനികതലങ്ങളിലേക്കാണ് സഞ്ചരിച്ചത്. 'കുറച്ച് ഇങ്ക്വിലാബുള്ള എന്തെങ്കിലും' എഴുതാനുള്ള പി ടി ഭാസ്കരപ്പണിക്കരുടെ നിര്‍ദേശം മനസ്സില്‍വച്ച് എഴുതിത്തുടങ്ങിയ ഖസാക്ക് ഇങ്ക്വിലാബും കടന്ന് സ്വതന്ത്രചിന്തയുടെയും അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്ന മാനവികതയിലേക്കും കടന്നു. കൂട്ടായ മനുഷ്യജീവിതത്തിന്റെ സുരക്ഷയിലും ഏകാകിയായ മനുഷ്യന്റെ സത്യാന്വേഷണവും സ്വത്വാന്വേഷണവുമാണ് ഖസാക്കിന്റെ ആത്മസത്ത.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ അധ്യാപകനായിരിക്കെ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുത്തബന്ധം സ്ഥാപിച്ചിരുന്ന വിജയന്‍, അതിന്റെ പേരില്‍തന്നെ കോളേജില്‍നിന്ന് പിരിച്ചയക്കപ്പെട്ടു. പിന്നീട് തഞ്ചാവൂരില്‍ കോളേജ് അധ്യാപകനായിരിക്കെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലപാടുകളോട് വിയോജിപ്പുകള്‍ ഉയര്‍ന്നുവന്നു. ഇങ്ക്വിലാബുള്ള കഥയെഴുതാന്‍ പുറപ്പെട്ട വിജയന്‍ ഇങ്ക്വിലാബിന്റെ ശക്തികളോടുള്ള വിമര്‍ശവും വിയോജിപ്പും പ്രകടിപ്പിക്കാന്‍ ഖസാക്കിനെ ഉപയോഗിക്കുകയും ചെയ്തു. ഇന്ത്യയിലെ നിരവധി യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കുന്നില്ല എന്നതായിരുന്നു പ്രധാനപ്പെട്ട ഒരു വിമര്‍ശം. ഹംഗറി, ചെക്കോസ്ളോവാക്യ എന്നിവിടങ്ങളിലെ സംഭവവികാസങ്ങള്‍ അദ്ദേഹത്തെ  മറ്റൊരു വഴിക്ക് ചിന്തിക്കാനാണ് പ്രേരിപ്പിച്ചത്.
ലോകത്തെവിടെയും സ്വാതന്ത്യ്രത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പൊരുതുന്ന ജനതക്കൊപ്പമാണ് താനെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി അദ്ദേഹം ഉറച്ചുനിന്നു. അതുകൊണ്ടാണ് ഈ രണ്ട് സാമൂഹ്യമൂല്യങ്ങള്‍ക്കുമെതിരെ  അപകടങ്ങള്‍ ഉയര്‍ന്നുവരുന്നതിന്റെ സൂചന അദ്ദേഹം മുളയിലേ കണ്ടെത്തുകയും ലോകത്തോട് വിളിച്ചുപറയുകയും ചെയ്തത്.
ഭരണകൂടത്തിന്റെ മനുഷ്യത്വവിരുദ്ധമായ നടപടികള്‍ക്കെതിരെ   അദ്ദേഹം അധികം പ്രസംഗിച്ചിട്ടില്ല. മൌനംകൊണ്ട് അക്ഷരങ്ങള്‍ക്ക് മൂര്‍ച്ച വരുത്തിയും ധിഷണയെ മിനുക്കിയെടുത്തും എഴുത്തിലൂടെയും കാര്‍ട്ടൂണിലൂടെയും അദ്ദേഹം ഭരണകൂട അഹങ്കാരങ്ങള്‍ക്കെതിരെ പോരാടി. 'ധര്‍മപുരാണം' ഭരണകൂടത്തിന്റെ മലിനമായ ഉള്ളടക്കങ്ങള്‍ക്കെതിരായ അതിശക്തമായ പ്രതികരണമായിരുന്നു.
മലയാളത്തിലെ ഒരു ആനുകാലികത്തില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള തീയതിവരെ പ്രഖ്യാപിച്ച് എഴുതിയ 'ധര്‍മപുരാണ'ത്തിന് അടിയന്തരാവസ്ഥ പ്രഖ്യാപനം സ്വാഭാവികമായുള്ള വിലക്ക് കല്‍പ്പിച്ചു. 1977ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം രാത്രി വളരെ വൈകുംവരെ ഡല്‍ഹിയിലെ വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പിന്റെ ഓഫീസിലിരുന്ന് മറ്റു മാധ്യമസുഹൃത്തുക്കള്‍ക്കൊപ്പം കേട്ട വിജയന്‍, ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പുതോല്‍വിയില്‍ അത്യധികം ആഹ്ളാദിച്ചു. അടിയന്തരാവസ്ഥ പിന്‍വലിച്ചശേഷമാണ് 'ധര്‍മപുരാണം' പൊടിതട്ടിയെടുത്തതെന്ന് വിജയന്‍തന്നെ പറഞ്ഞിട്ടുണ്ട്. അധികാരപ്രമത്തതകൊണ്ട് അന്ധത ബാധിച്ച ഇന്ത്യന്‍ ഭരണവര്‍ഗത്തെ അതിനിശിതമായി ആക്രമിച്ച കൃതിയായിരുന്നു 'ധര്‍മപുരാണം'.
ഗുരു എന്നത് സാന്ത്വനമേകുന്ന അനുഭവമാണെന്ന് കുട്ടിക്കാലംമുതല്‍തന്നെ വിജയന്‍ അറിഞ്ഞിട്ടുണ്ട്. അരീക്കോട്ടെ പൊലീസ് ക്യാമ്പില്‍ ട്യൂട്ടറായി തന്നെ പഠിപ്പിക്കാനെത്തിയ ചെറുപ്പക്കാരനില്‍നിന്ന് റോബര്‍ട്ട് ബ്രൌണിങ്ങിന്റെ ദാര്‍ശനിക ഗര്‍ഭം പേറുന്ന കവിതകളും വ്യാഖ്യാനങ്ങളും കേട്ട വിജയന്‍, വളരെ വര്‍ഷങ്ങള്‍ക്കുശേഷം അതേഗുരുനാഥനെ കണ്ടുമുട്ടി. അന്ന് സൈന്യത്തില്‍ ഉയര്‍ന്ന പദവിയിലെത്തിയിരുന്ന പഴയ ഗുരുനാഥന്‍ റോബര്‍ട്ട് ബ്രൌണിങ് എപ്പിസോഡ്തന്നെ മറന്നുപോയിരുന്നു.
എന്നാല്‍, ഗുരുവിന് ആദരമര്‍പ്പിച്ചുകൊണ്ട് വിജയന്‍ പറയുന്നു, 'എനിക്ക് ഭാഷയില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിന് കാരണക്കാരന്‍ മാഷാണ്'. മനസ്സില്‍ വളര്‍ന്നുപന്തലിച്ച ഗുരുവെന്ന സങ്കല്‍പ്പത്തിന്റെ സാക്ഷാല്‍ക്കാരമായി ഗുരുസാഗരം.
വിജയന്റെ മുത്തച്ഛനായ ചാമി സാമൂഹ്യപരിവര്‍ത്തനത്തിനായുള്ള പോരാട്ടത്തിന്റെ മുന്നില്‍ നിന്ന പുരോഗമനവാദിയായിരുന്നു. വിജയനില്‍ ഇടതുപക്ഷ, പുരോഗമന ആശയങ്ങളുടെ വിത്ത് നിക്ഷേപിച്ചത് ഈ മുത്തച്ഛനാണ്. പാലക്കാട്ടെ കല്‍പ്പാത്തിയില്‍ അവര്‍ണര്‍ക്ക് പൊതുവഴിയില്‍ക്കൂടി നടക്കാനായി ജോണ്‍ കിട്ടക്കൊപ്പം സമരം നയിച്ചയാളാണ് ചാമി. ആദ്യശ്രമത്തില്‍ സവര്‍ണരുടെ മര്‍ദനമേറ്റെങ്കിലും കല്‍പ്പാത്തിയില്‍ അവര്‍ണര്‍ക്ക് വഴിതുറക്കുകതന്നെ ചെയ്തു.
വിമര്‍ശത്തോടെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റുമായ വിജയന്‍ കണ്ടതെങ്കിലും കമ്യൂണിസ്റ്റ് നേതാക്കളോടും നിസ്വവര്‍ഗത്തോടും തന്റെ സ്നേഹവും ആഭിമുഖ്യവും പ്രകടിപ്പിക്കാന്‍ വിജയന്‍ മടിച്ചിട്ടില്ല. ഡല്‍ഹിയില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ശങ്കേഴ്സ് വീക്കിലിയിലേക്ക് ക്ഷണമുണ്ടായപ്പോള്‍ എ കെ ജിയോട് വിജയന്‍ അഭിപ്രായമാരാഞ്ഞു. 'എങ്കില്‍ വേഗം പൊയ്ക്കോളൂ, ഇവിടെ നിന്നാല്‍ വിജയന്റെ പ്രതിഭ നശിക്കും' എന്നായിരുന്നു എ കെ ജിയുടെ ഉപദേശം.

ഖസാക്കിന്റെ ഇതിഹാസത്തിന് കാരണഭൂതമായി കരുതപ്പെടുന്ന തസ്രാക്ക് ഇപ്പോള്‍ ഒരു സാഹിത്യ തീര്‍ഥാടനകേന്ദ്രമായി വികസിച്ചിട്ടുണ്ട്. വിജയന്റെ ഇതിഹാസഭൂമിയില്‍ സാംസ്കാരികകൂട്ടായ്മ വ്യാഴാഴ്ച നടക്കും. സാംസ്കാരികവകുപ്പ്, കേരള സാഹിത്യ, സംഗീത, ലളിതകലാ അക്കാദമികള്‍ എന്നിവയുടെ സഹകരണത്തോടെ ഒ വി വിജയന്‍ സ്മാരകസമിതിയാണ് വിവിധ പരിപാടികള്‍ നടത്തുന്നത്. ഒ വി വിജയന്റെ സ്മരണയോട്  മാപ്പര്‍ഹിക്കാത്ത അനാദരവ് കാട്ടിയ കാലത്തെ പിന്നില്‍ വിട്ട്, ഇതിഹാസകാരനോട് തികഞ്ഞ ആദരവ് കാട്ടുകയാണ് തസ്രാക്കും പാലക്കാട് ജില്ലയും. പാലക്കാടിന്റെ സാംസ്കാരികസത്തയാണ് തന്റെ ജനിതകസവിശേഷതയെന്ന് തിരിച്ചറിഞ്ഞ ദാര്‍ശനികനായ കഥാകാരനുള്ള ഉചിതമായ സ്മരണാഞ്ജലി.
Prof. John Kurakar

No comments: