Pages

Monday, February 13, 2017

കാട് കാട്ടുമൃഗങ്ങൾക്കും നാട് മനുഷ്യനും വളർത്തുമൃഗങ്ങള്ക്കും.

കാട് കാട്ടുമൃഗങ്ങൾക്കും നാട് മനുഷ്യനും വളർത്തുമൃഗങ്ങള്ക്കും.
മനുഷ്യൻ വനം കയ്യേറുമ്പോൾ വന്യമൃഗങ്ങൾ നാടും വീടും കയ്യേറുന്നു .പാവപ്പെട്ടവരും നിരപരാധികളുമാണ്  പലപ്പോഴും ഇരയാകുന്നത് .വന്യമൃഗങ്ങളുടെ ആക്രമണത്തിൽ രണ്ട്‌ വ്യത്യസ്ത ദുരന്തങ്ങൾക്ക്‌ കേരളത്തിൽ അടുത്തസമയത്ത് ഉണ്ടായി.. വാനരക്കൂട്ടത്തിന്റെ ശല്യത്തിൽ സഹികെട്ട്‌ തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിൽ ഒരു വീട്ടമ്മ ആസിഡ്‌ കഴിച്ച്‌ ജീവനൊടുക്കിയതാണ്‌ ഒരു സംഭവം. മറ്റൊന്ന്‌ നിലമ്പൂരിലെ ആനമറി പ്രദേശത്ത്‌ കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടത്തിൽ ഇറങ്ങി വാഴക്കൃഷിക്ക്‌ വ്യാപകമായ നാശം വരുത്തിയ സംഭവവും.കുനിച്ചി-കൊണ്ടകെട്ടി മലനിരകളുടെ താഴ്‌വാരത്തിലാണ്‌ പുഷ്പഭായി എന്ന വീട്ടമ്മയുടെ വീട്‌. വാനരശല്യം കാരണം പലരും പ്രദേശം വിട്ടുപോയിരുന്നു. എന്നാൽ അങ്ങിനെ പോകാൻ മാർഗമില്ലാതിരുന്ന വീട്ടമ്മയ്ക്ക്‌ സുരക്ഷിതമായ വീടില്ലാത്തതുകാരണം വാനരന്മാർ മേൽക്കൂരയിൽ പാകിയ ആസ്ബസ്റ്റോസ്‌ ഷീറ്റുകൾ തട്ടിമാറ്റി വീട്ടിനകത്തേക്ക്‌ കൂട്ടത്തോടെ തള്ളിക്കയറിയാണ്‌ ഭക്ഷണസാധനങ്ങളും വസ്തുക്കളും സ്ഥിരമായി നശിപ്പിച്ചിരുന്നത് .
ഈ പാവം സ്ത്രീ  വീടിനുള്ള അപേക്ഷയുമായി ഇവർ പലതവണ അധികാരികൾക്ക്‌ മുൻപിൽ കയറിയിറങ്ങി, ഇവരുടെ പ്രശ്നം ആരും തന്നെ ഗൗരവമായി കണ്ടില്ല. വാനരശല്യം രൂക്ഷമായതോടെ എങ്ങോട്ടും പോകാൻ കഴിയാതെ പോയ വീട്ടമ്മ ആത്മഹത്യയിൽ അഭയം തേടിയ സംഭവം മനഃസാക്ഷിയുള്ളവരെ വേദനിപ്പിക്കും. മരം മുറിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട്‌ ഇവരുടെ ഭർത്താവ്‌ മരിച്ചിട്ട്‌ ഒരു വർഷമാകുന്നതേയുള്ളു.കേരളത്തിൽ വനത്തോട്‌ ചേർന്ന പല പ്രദേശങ്ങളിലും വാനരന്മാർ വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്‌. വയനാട്ടിലും  മറ്റും  കാട്ടുമൃഗങ്ങളുടെ ശല്യം  ഒരു സ്ഥിരസംഭവമാണ് .വിരട്ടിയോടിക്കാൻ ശ്രമിച്ചാൽ ഇവ അക്രമാസക്തരാകുമെന്നതുകൊണ്ട്‌ ജനങ്ങൾ പലപ്പോഴും നിസ്സഹായരാവുകയാണ്‌. വെള്ളറടയിലെ വീട്ടമ്മയുടെ ആത്മഹത്യ വിഷയത്തിന്റെ തീവ്രത ചൂണ്ടിക്കാണിക്കുന്നുണ്ട്‌.ആനയും കാട്ടുപന്നിയും കരടിയും മറ്റും കൃഷി നശിപ്പിക്കുന്നതും പതിവാണ്‌.
 നിലമ്പൂരിൽ ഉണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ നൂറ്റൻപതോളം വാഴകൾ പൂർണമായും നശിച്ചു. ഒറ്റ രാത്രികൊണ്ട്‌ വലിയൊരു കൃഷിയിടമാണ്‌ ആനക്കൂട്ടം ചവിട്ടി നശിപ്പിച്ചത്‌. വന്യമൃഗങ്ങൾ നാട്ടിലേക്ക്‌ കടന്നുകയറുന്നതു തടയാൻ  വനം വകുപ്പിനു കഴിയണം .  കാട്ടിൽ മഴയും ഫലങ്ങളും തീറ്റയും കുറയുമ്പോൾ മൃഗങ്ങൾ നാട്ടിലേക്ക്‌ ഇറങ്ങിവരിക പതിവാണ്‌. ഇക്കാലത്ത്‌ ഇവയെ തടുക്കാനും വഴിമാറ്റിവിടാനും പദ്ധതികൾ രൂപീകരിക്കേണ്ടതുണ്ട്‌.
വനത്തിനകത്ത്‌ മാഫിയകൾ നടത്തുന്ന പല അനധികൃത പരിപാടികളും മൃഗങ്ങളെ വിറളിപിടിപ്പിക്കുന്നുണ്ട്‌. ഇക്കാര്യത്തിൽ ഉറച്ച നടപടി വനം വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്‌. വനം മൃഗങ്ങളുടെ ജന്മഗൃഹമാണെന്നും അവിടെ അതിക്രമിച്ച്‌ മനുഷ്യർ കയറരുതെന്നുമുള്ള അലിഖിത നിയമം ചിലർ മറക്കുന്നതാണ്‌ പ്രശ്നത്തിനാധാരം. വന്യമൃഗങ്ങളെ കാടിന്‌ പുറത്തു കടത്തിവിട്ട്‌ കൃഷികളും മറ്റും നശിപ്പിക്കുന്നതിന്‌ പ്രേരിപ്പിക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കേണ്ടതുണ്ട്‌.  അതീവ ഗൗരവത്തോടെ ഈ പ്രശ്നത്തെ സർക്കാർ കാണണം .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: