നമ്മുടെ ഭരണഘടന ദുർബലപ്പെടരുത്
ഇന്ന് 2026 (നവംബർ 26) ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ 77-ാം വാർഷികം (ഭരണഘടനാ ദിനം) ആചരിക്കുന്ന വേളയിൽ, ഭരണഘടനയുടെ പ്രസക്തിയെയും അത് നേരിടുന്ന വെല്ലുവിളികളെയും കുറിച്ച് വിവിധ മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും വ്യത്യസ്ത കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നുണ്ട്.ജനാധിപത്യത്തിന്റെ അടിത്തറയാണ് ഇന്ത്യൻ ഭരണഘടന. മതനിരപേക്ഷതയും ജനാധിപത്യവും സമത്വവും സാഹോദര്യവും ഉറപ്പുനൽകുന്ന ഭരണഘടന ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ്. എന്നാൽ ഭരണഘടനയുടെ മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുകയും ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് വെല്ലുവിളികൾ ഉയരുകയും ചെയ്യുന്ന സാഹചര്യങ്ങൾ ആശങ്കാജനകമാണ്.
ഭരണഘടന ഒരു ഭരണരേഖ മാത്രമല്ല; അത് രാജ്യത്തിന്റെ ആത്മാവും ജനങ്ങളുടെ അവകാശങ്ങളുടെ കാവലാളുമാണ്. ഭരണാധികാരികൾ മാറാം, രാഷ്ട്രീയ പാർട്ടികൾ മാറാം, സർക്കാരുകൾ മാറാം. എന്നാൽ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ മാറാനോ തകർക്കാനോ പാടില്ല.ഭരണഘടന നൽകുന്ന സ്വാതന്ത്ര്യവും സമത്വവും നീതിയും അർഥവത്താകണമെങ്കിൽ, അതിന്റെ അടിത്തറയായ വോട്ടവകാശവും ജനാധിപത്യസ്ഥാപനങ്ങളുടെ വിശ്വാസ്യതയും സംരക്ഷിക്കപ്പെട്ടേ മതിയാകൂ.ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ട് ഇന്ന് 77 വർഷം തികയുന്നു. വ്യത്യസ്ത സംസ്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഭൂമികയായ ഇന്ത്യയിൽ, വൈവിധ്യങ്ങളെ സൗന്ദര്യമാക്കി മാറ്റുന്ന മഴവിൽപ്പാലമാണ് നമ്മുടെ ഭരണഘടന. ‘ഇന്ത്യയിലെ ജനങ്ങളായ ഞങ്ങൾ’ എന്ന ഭരണഘടനയുടെ ആമുഖം തന്നെ അധികാരത്തിന്റെ ഉറവിടം ജനങ്ങളാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. എന്നാൽ, ജനങ്ങളുടെ ഈ പരമാധികാരം നേരിടുന്ന പരിമിതികളാണ് ഇന്ന് ഏറെ ചർച്ചചെയ്യപ്പെടുന്നത്. കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കൈകടത്തുന്നതും പാർലമെന്റിൽ ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കുന്നതും ഭരണഘടനാ സ്ഥാപനങ്ങളെ ഭരണകൂടത്തിന്റെ ചട്ടുകമാക്കി മാറ്റുന്നതുമെല്ലാം ജനാധിപത്യത്തെ ദുർബലപ്പെടുത്തും.
ഭരണഘടനാദിനം ഇത്തവണ കടന്നുവരുന്നത് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെയും ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെയും ചോദ്യംചെയ്യുന്ന കടുത്തവിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ ഉറപ്പാക്കേണ്ട തിരഞ്ഞെടുപ്പുകമ്മിഷന്റെ പ്രവർത്തനങ്ങളെച്ചൊല്ലിയുള്ള ആരോപണങ്ങളും വോട്ടർപട്ടികയിലെ വൻ വെട്ടിനിരത്തലുമാണ് സമീപകാലത്ത് ഏറ്റവും കൂടുതൽ വിമർശനം നേരിടുന്നത്. വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പു കമ്മിഷൻ നടപ്പാക്കിയ പ്രത്യേക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ.) നടപടികളാണ് വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്. വോട്ടവകാശം പൗരന്റെ മൗലികവും ഭരണഘടനാപരവുമായ അവകാശമാണെന്നിരിക്കേ, മതിയായ മുന്നറിയിപ്പുകളോ സ്വാഭാവിക നീതിയുടെ തത്ത്വങ്ങളോ പാലിക്കാതെ കോടിക്കണക്കിന് പേരുകളാണ് വെട്ടിമാറ്റിയത്. ഇതിനെതിരേ രാജ്യത്തുടനീളം ശക്തമായ പ്രക്ഷോഭങ്ങളാണ് ഉയർന്നത്.
ഭരണഘടനയുടെ ഏറ്റവും വലിയ പ്രത്യേകത അധികാരം ഒരിടത്ത് കേന്ദ്രീകരിക്കപ്പെടുന്നില്ല എന്നതാണ്. നിയമനിർമാണസഭകളും ഭരണനിർവഹണ വിഭാഗവും നീതിന്യായവ്യവസ്ഥയും ചേരുമ്പോഴേ സംവിധാനം പൂർണമാവുകയുള്ളൂ. ജനവിധിയിലൂടെ അധികാരത്തിലെത്തിയെന്ന കാരണത്താൽ ഭരണകൂടത്തിന് എന്തും ചെയ്യാനുള്ള അവകാശമില്ല. പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെങ്കിലും അതിന്റെ അടിസ്ഥാനഘടന തകർക്കാനാവില്ലെന്ന് 1973-ലെ കേശവാനന്ദ ഭാരതികേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.പാർലമെന്റിന്റെ പ്രവർത്തനം തടസ്സപ്പെടുന്നതും ജനാധിപത്യത്തിന് ഭീഷണിയാണ്. ജനപ്രതിനിധികൾക്ക് നിയമനിർമാണത്തിൽ പങ്കെടുക്കാനും ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കാനുമുള്ള അവസരം നഷ്ടപ്പെടുമ്പോൾ പാർലമെന്റിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് ദുർബലമാകുന്നത്. സമീപകാലത്ത് പല സംസ്ഥാന സർക്കാരുകളും ഗവർണർമാരും തമ്മിലുണ്ടായ തർക്കങ്ങൾ ഫെഡറൽ സംവിധാനത്തിന്റെ ദൗർബല്യങ്ങൾ തുറന്നുകാട്ടി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാർ തീരുമാനമെടുക്കാതെ ദീർഘകാലം നീട്ടിക്കൊണ്ടുപോകുന്നുവെന്ന പരാതി ഉയർന്നു. പല സംസ്ഥാനങ്ങൾക്കും ഈ വിഷയത്തിൽ കോടതിയെ സമീപിക്കേണ്ടിവന്നു.കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി.), കേന്ദ്ര വിജിലൻസ് കമ്മിഷൻ, കേന്ദ്ര വിവരാവകാശ കമ്മിഷൻ, മനുഷ്യാവകാശക്കമ്മിഷൻ തുടങ്ങിയ സ്ഥാപനങ്ങൾ ഭരണസംവിധാനത്തിന്റെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കാനുള്ള ഭരണഘടനാ സംവിധാനങ്ങളാണ്. ഇവയ്ക്ക് സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവർത്തിക്കാൻ കഴിയണം. അഴിമതിയും സാമ്പത്തിക കുറ്റകൃത്യങ്ങളും അന്വേഷിക്കേണ്ട സി.ബി.ഐ., എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നതു സംബന്ധിച്ച് വർഷങ്ങളായി ആരോപണങ്ങൾ ഉയരുന്നുണ്ട്. ഭരണഘടന നൽകുന്ന സ്വാതന്ത്ര്യവും സമത്വവും നീതിയും അർഥവത്താകണമെങ്കിൽ, അതിന്റെ അടിത്തറയായ വോട്ടവകാശവും ജനാധിപത്യസ്ഥാപനങ്ങളുടെ വിശ്വാസ്യതയും സംരക്ഷിക്കപ്പെട്ടേ മതിയാകൂ. എല്ലാവര്ക്കും നീതി ലഭിക്കണം . ഭാരതത്തിന്റെ പരമോന്നത കോടതിയുടെ അന്തിമ വിധി പോലും സർക്കാരിന് നടപ്പാക്കാൻ കഴിയുന്നില്ല .
നിയമവാഴ്ചയും അഭിപ്രായസ്വാതന്ത്ര്യവും നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടണം. അധികാരം ജനങ്ങളെ സേവിക്കാനുള്ള ഉത്തരവാദിത്വമാണെന്ന ബോധം ഭരണകൂടത്തിനുണ്ടാകണം.ഭരണഘടനയെ സംരക്ഷിക്കുക എന്നത് ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്വമല്ല; ഓരോ പൗരന്റെയും കടമയാണ്.നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ജനാധിപത്യം നിലനിൽക്കണം. ഭരണഘടന ദുർബലപ്പെടരുത്.ഭരണഘടന സംരക്ഷിക്കപ്പെടുമ്പോഴാണ് ഇന്ത്യയുടെ ജനാധിപത്യം സുരക്ഷിതമാകുന്നത്.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment