കർഷകൻറെ കണ്ണീർ വീഴുന്ന കൃഷിയിടങ്ങൾ
കേരളത്തിന്റെ ഗ്രാമീണ ജീവിതത്തിന്റെ നട്ടെല്ലാണ് കൃഷി. ഒരുകാലത്ത് സമൃദ്ധിയുടെ പ്രതീകമായിരുന്ന കൃഷിയിടങ്ങൾ ഇന്ന് കർഷകരുടെ കണ്ണീരിന്റെ സാക്ഷികളായി മാറുകയാണ്. മണ്ണിൽ പൊന്നുവിളയിക്കാൻ അധ്വാനിക്കുന്ന കർഷകന് സ്വന്തം അധ്വാനത്തിന്റെ വില പോലും ലഭിക്കാത്ത അവസ്ഥയാണ് ഇന്നുള്ളത്.
കൃഷി ചെയ്തു കുടുംബം പോറ്റുക അസാധ്യമായി വരികയാണ് സംസ്ഥാനത്തു കൃഷിചെയ്യുന്ന ഭൂമിയുടെ വിസ്തൃതി ഓരോ വർഷവും കുറയുന്നു. നഷ്ടം സഹിച്ചും കൃഷിയുമായി മുന്നോട്ടുപോകുന്നവർക്കാകട്ടെ സർക്കാർ സഹായങ്ങളോ സംഭരിക്കുന്ന വിളയുടെ വിലയോ സമയത്തു കിട്ടുന്നുമില്ല. വിത്തിറക്കുന്നതു മുതൽ വിളവെടുപ്പ് വരെയുള്ള ഓരോ ഘട്ടത്തിലും കർഷകൻ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. വളത്തിന്റെയും കീടനാശിനികളുടെയും വില വർധിക്കുന്നു. തൊഴിലാളികളുടെ കൂലി ഉയരുന്നു. കൃഷിക്കാവശ്യമായ മറ്റ് ചെലവുകളും വർധിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ കാർഷികോൽപന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നില്ല. ഉൽപാദനച്ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഉൽപന്നങ്ങൾ വിൽക്കേണ്ടിവരുന്ന കർഷകന്റെ അവസ്ഥ എത്ര ദയനീയമാണ്!
റബർ കർഷകരുടെ ദുരിതം ഇതിന് ഉദാഹരണമാണ്. ഉൽപാദനച്ചെലവ് വർധിക്കുമ്പോഴും വിപണിയിലെ വിലയിടിവും ടയർ കമ്പനികളുടെ വിപണിയിലെ സ്വാധീനവും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. നെൽകർഷകരും പച്ചക്കറി കർഷകരും ഇതിൽനിന്ന് വ്യത്യസ്തരല്ല. പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും കൂടിയാകുമ്പോൾ കർഷകന്റെ പ്രതീക്ഷകൾ പലപ്പോഴും തകരുന്നു.കർഷകന്റെ ഉൽപന്നങ്ങൾ വിപണിയിലെത്തുമ്പോൾ ഇടനിലക്കാർ വലിയ ലാഭം കൊയ്യുന്നു. എന്നാൽ ഉൽപാദിപ്പിക്കുന്ന കർഷകന് അർഹമായ വരുമാനം ലഭിക്കുന്നില്ല. ഉപഭോക്താവ് ഉയർന്ന വില നൽകി ഉൽപന്നങ്ങൾ വാങ്ങുമ്പോഴും അതിന്റെ ഗുണം കർഷകനിലേക്ക് എത്തുന്നില്ല. ഈ വിപണനവ്യവസ്ഥയിൽ മാറ്റം വരേണ്ടതുണ്ട്.കൃഷിയെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുന്ന സർക്കാരുകൾ നിരവധിയാണ്. കാർഷിക പദ്ധതികളും സബ്സിഡികളും പ്രഖ്യാപിക്കപ്പെടുന്നു. എന്നാൽ അവയുടെ പ്രയോജനം യഥാർഥ കർഷകരിലേക്ക് സമയബന്ധിതമായി എത്തുന്നുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കണം. പ്രഖ്യാപനങ്ങളല്ല, കർഷകന്റെ ജീവിതത്തിൽ മാറ്റമുണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് ആവശ്യം.കൃഷിയിടങ്ങൾ തരിശാകുന്നു. പുതിയ തലമുറ കൃഷിയിൽനിന്ന് അകലുന്നു. കൃഷി ലാഭകരമല്ലെന്ന തിരിച്ചറിവാണ് യുവാക്കളെ മറ്റ് തൊഴിൽ മേഖലകളിലേക്ക് നയിക്കുന്നത്. ഈ പ്രവണത തുടർന്നാൽ ഭക്ഷ്യസുരക്ഷയ്ക്കുതന്നെ വലിയ ഭീഷണിയുണ്ടാകും. ഭക്ഷ്യവസ്തുക്കൾക്കായി അന്യസംസ്ഥാനങ്ങളെ അമിതമായി ആശ്രയിക്കേണ്ടിവരുന്ന അവസ്ഥ കൂടുതൽ ഗുരുതരമാകും.
കർഷകനെ സഹായിക്കുന്നത് ഒരു വ്യക്തിയെയോ കുടുംബത്തെയോ സഹായിക്കുന്നതിൽ മാത്രംഒതുങ്ങുന്നില്ല. അത് നാടിന്റെ ഭക്ഷ്യസുരക്ഷയെയും സമ്പദ്വ്യവസ്ഥയെയും സംരക്ഷിക്കലാണ്. ഉൽപാദനച്ചെലവിന് ആനുപാതികമായ താങ്ങുവില, സമയബന്ധിതമായ സംഭരണവും പണമടയ്ക്കലും, കൃഷിക്കുള്ള കുറഞ്ഞ പലിശയിലുള്ള വായ്പകൾ, പ്രകൃതിക്ഷോഭങ്ങളിൽ മതിയായ നഷ്ടപരിഹാരം, ശാസ്ത്രീയമായ വിപണനസംവിധാനം എന്നിവ ഉറപ്പാക്കണം.
സംസ്ഥാനത്ത് കൃഷി ഉപജീവനമാക്കിയ ഒരു കുടുംബത്തിന്റെ ശരാശരി മാസവരുമാനം 28,984 രൂപ. കേൾക്കുമ്പോൾ കൊള്ളാമെന്നു തോന്നാം. പക്ഷേ, സ്വന്തം കൃഷിയിൽ നിന്നുള്ള വരുമാനം മാസം ശരാശരി 6658 രൂപ മാത്രം. മൃഗസംരക്ഷണംകൂടി ചേർത്താൽ 8469 രൂപ. കൂലി അടക്കമുള്ള ഇനങ്ങളിൽനിന്നാണു ബാക്കി തുക. സാമ്പത്തിക സ്ഥിതിവിവരക്കണക്കു വകുപ്പും കൃഷിവകുപ്പും ചേർന്നു നടത്തിയ കാർഷിക കുടുംബങ്ങളുടെ സാഹചര്യം വിലയിരുത്തൽ സർവേ (2024-25) പ്രകാരമുള്ള കണക്കാണിത്.
2019ൽ കാർഷികകുടുംബത്തിന്റെ ശരാശരി മാസവരുമാനം 17,915 രൂപയായിരുന്നു. 2024ൽ അത് 28,984 രൂപയായി. എന്നാൽ, ഈ വർധനയുടെ പ്രധാന കാരണം കൃഷിയിൽനിന്നുള്ള വരുമാനം മാത്രമല്ല. കൂലി/വേതനം ഇനത്തിൽ 17,597 രൂപയും കാർഷികേതര ബിസിനസിൽനിന്ന് 2879 രൂപയും അടങ്ങിയതാണ് ഈ തുക. കൃഷി ചെയ്യുന്ന കുടുംബം കൃഷിക്കു പുറത്തുള്ള തൊഴിൽകൊണ്ടാണു പിടിച്ചുനിൽക്കുന്നതെന്നു സാരം.
കൃഷിവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ കണക്കെടുത്താൽ നക്ഷത്രമെണ്ണും! കർഷകക്ഷേമത്തിനും കൃഷി വികസനത്തിനുമായി വിപുലമായ സർക്കാർ സംവിധാനമുണ്ടെങ്കിലും കർഷകരുടെ അടിസ്ഥാനപ്രശ്നങ്ങൾ പലതിനും പരിഹാരമില്ലാത്ത സ്ഥിതിയാണ്. കൃഷിവകുപ്പിനു കീഴിൽ സംസ്ഥാനത്താകെ 1412 ഓഫിസുകളാണ് ഉള്ളതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് പോർട്ടലിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 1409 എണ്ണം ഫീൽഡ് ഓഫിസുകളായി രേഖപ്പെടുത്തിയിട്ടുണ്ട്. വകുപ്പിന്റെ ഫാമുകളും നഴ്സറികളും 59 എണ്ണമാണ്. ഇതിനു പുറമേ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 9 സ്വയംഭരണ സ്ഥാപനങ്ങളുമുണ്ട്. ഫാമുകളും ലാബുകളും പരിശീലനകേന്ദ്രങ്ങളും വിപണികളും മിഷനുകളും ആവശ്യത്തിലേറെയായിട്ടും വിത്തിനും വളത്തിനും വിപണിക്കും വിലയ്ക്കുമായി കർഷകർ ഓഫിസുകൾ കയറിയിറങ്ങുന്ന കാഴ്ചയ്ക്കൊരു മാറ്റവുമില്ല.
പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ചവരുടെ നഷ്ടപരിഹാരക്കുടിശിക കൃഷിവകുപ്പ് 5 വർഷമായി നൽകിയിട്ടില്ല. 2021 ഒക്ടോബർ 25 വരെയുള്ള നഷ്ടപരിഹാരം മാത്രമാണ് നൽകിയത്. കുടിശികയായി 88.25 കോടി രൂപയാണ് സംസ്ഥാനവിഹിതമായി നൽകാനുള്ളത്. ഇതു കൂടാതെ, 13.99 കോടി രൂപ കേന്ദ്രവിഹിതം 2023 മുതൽ വിതരണം ചെയ്യാനുമുണ്ട്. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരത്തുക 2025 മേയ് 4 വരെ കൊടുത്തിട്ടുണ്ട്. ഈ ഇനത്തിൽ ഇനി 41.86 കോടി രൂപ വിതരണം ചെയ്യാനുണ്ട്. കേന്ദ്ര–സംസ്ഥാന സർക്കാർ വിഹിതമുള്ള കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി പ്രകാരം 71.85 കോടി രൂപയും കർഷകർക്കു കൊടുക്കാനുണ്ട്. കുടിശികയിനത്തിൽ നൽകാനുള്ള 215.95 കോടി രൂപ എന്നു വിതരണം ചെയ്യുമെന്നു കൃഷിവകുപ്പിന് ഇപ്പോഴും നിശ്ചയമില്ല. ഓണത്തിനു മുൻപെങ്കിലും കുറച്ചു തുക വിതരണം ചെയ്യണമെന്നാണു കർഷകരുടെ ആവശ്യം. അതിതീവ്ര മഴയിൽ വൻകൃഷിനാശമാണ് ഇത്തവണ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം ഇതുവരെ 127.61 കോടി രൂപയുടെ കൃഷിനാശമെന്നാണു കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്.കർഷകന്റെ വിയർപ്പിന് വില നൽകാത്ത ഒരു സമൂഹത്തിന് പുരോഗതിയെക്കുറിച്ച് അഭിമാനിക്കാൻ കഴിയില്ല. കൃഷിയിടങ്ങളിൽ കണ്ണീർ വീഴുമ്പോൾ അതിന്റെ പ്രത്യാഘാതം നാളെ ഓരോ മലയാളിയുടെയും അടുക്കളയിലെത്തും.കർഷകന്റെ കണ്ണീരിൽ കുതിർന്ന മണ്ണിൽനിന്ന് സമൃദ്ധി പ്രതീക്ഷിക്കാനാവില്ല. കർഷകനെ രക്ഷിക്കുക എന്നത് കൃഷിയെ രക്ഷിക്കലാണ്. കൃഷിയെ രക്ഷിക്കുക എന്നത് നാടിന്റെ ഭാവിയെ രക്ഷിക്കലാണ്.
— പ്രൊഫ. ജോൺ കുരാക്കാർ
e

No comments:
Post a Comment