Pages

Saturday, November 21, 2026

രാഷ്ട്രീയ വൈരമല്ല, മാനവികതയാണ് വളരേണ്ടത് -- പ്രൊഫ്. ജോൺ കുരാക്കാർ

 

രാഷ്ട്രീയ വൈരമല്ല, മാനവികതയാണ് വളരേണ്ടത്

 പ്രൊഫ്. ജോൺ കുരാക്കാർ


 

വ്യത്യസ്ത ആശയങ്ങളും കാഴ്ചപ്പാടുകളും ചേർന്നതാണ് ആരോഗ്യകരമായ ഒരു ജനാധിപത്യ സമൂഹം. ഭിന്നാഭിപ്രായങ്ങൾ സ്വാഭാവികമാണ്; അവ സംവാദങ്ങളിലൂടെയും വിമർശനങ്ങളിലൂടെയും സമൂഹത്തെ മുന്നോട്ട് നയിക്കേണ്ടവയാണ്. എന്നാൽ, ആശയപരമായ ഭിന്നതകൾ വ്യക്തിപരമായ വൈരാഗ്യങ്ങളായും വിദ്വേഷങ്ങളായും മാറുമ്പോൾ അവിടെ നഷ്ടപ്പെടുന്നത് മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയാണ്.

രാഷ്ട്രീയം എന്നത് ജനങ്ങളുടെ നന്മയ്ക്കും വികസനത്തിനും വേണ്ടിയുള്ള മാധ്യമമാകണം. അതിൽ നിറയേണ്ടത് പകയുടെയും പ്രതികാരത്തിന്റെയും ഭാഷയല്ല, മറിച്ച് പരസ്പര ബഹുമാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും ശബ്ദമായിരിക്കണം. കക്ഷിരാഷ്ട്രീയത്തിനപ്പുറം മനുഷ്യൻ എന്ന ഒരൊറ്റ വികാരത്തിലേക്ക് നമ്മൾ ഉയരുമ്പോഴാണ് യഥാർത്ഥ പുരോഗതി സാധ്യമാകുന്നത്.പ്രതിസന്ധി ഘട്ടങ്ങളിലും ദുരന്തമുഖങ്ങളിലും നമ്മെ ചേർത്തുനിർത്തുന്നത് രാഷ്ട്രീയ നിറങ്ങളല്ല, മറിച്ച് കരുണയും സ്നേഹവും നിറഞ്ഞ മാനവികതയാണ്. ഓരോ മനുഷ്യന്റെയും വേദനയിൽ പങ്കുചേരാനും, അശരണർക്ക് താങ്ങാകാനും കഴിയുന്ന മനസ്സാണ് നമുക്ക് ആവശ്യം. വൈരത്തിന്റെ മതിലുകൾ പൊളിച്ച്, സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാലങ്ങൾ പണിയാൻ നമുക്ക് സാധിക്കണം. കാരണം, രാഷ്ട്രീയ വൈരമല്ല, മാനവികതയാണ് എന്നും വളരേണ്ടത്. 

ഓരോ രാഷ്ട്രീയ കൊലപാതകക്കേസ് വിധിയിലും ഒരുപാട് പാഠങ്ങളുണ്ട്. രാഷ്ട്രീയ കേരളം പഠിക്കേണ്ടതും മറക്കുന്നതും ബോധപൂര്‍വം ഒഴിവാക്കുന്നതുമായ പാഠങ്ങള്‍. ഈ പാഠങ്ങളാകട്ടെ ജനാധിപത്യത്തിന്റെ ആത്മാവാണ്.രാഷ്ട്രീയ കൊലപാതകങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കണമെന്നത് കേരളത്തിലെ പൊതുസമൂഹത്തിന്റെയും മനുഷ്യാവകാശ പ്രവർത്തകരുടെയും ദീർഘകാലമായുള്ള ആവശ്യമാണ്.

ജീവിക്കാനുള്ള മൗലികാവകാശം നിഷേധിക്കുന്ന അക്രമരാഷ്ട്രീയം അടിയന്തരമായി അവസാനിപ്പിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകരും സാംസ്കാരിക നായകരും നിരന്തരം ആവശ്യപ്പെടുന്നു. ഇത്തരം കൊലപാതകങ്ങൾ കുടുംബങ്ങളെ അനാഥമാക്കുകയും നാടിന്റെ സമാധാന അന്തരീക്ഷവും വികസനവും തകർക്കുകയും ചെയ്യുന്നുവെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.കേരളത്തിലെ എല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടികകൾ   വ്യക്തമാക്കുന്നത് അക്രമ രാഷ്ട്രീയം  ഒരിക്കലും പാടില്ലായെന്നു തന്നെയാണ് . എന്നാൽ, പലപ്പോഴും എതിർപക്ഷത്തിന്റെ പ്രകോപനങ്ങളോ പ്രാദേശികമായ തർക്കങ്ങളോ ആണ് അക്രമങ്ങളിലേക്ക് നയിക്കുന്നതെന്നാണ് വിവിധ പാർട്ടി നേതൃത്വങ്ങൾ പരസ്പരം ആരോപിക്കുന്നത്. സമാധാന ചർച്ചകളിലൂടെയും സർവകക്ഷി യോഗങ്ങളിലൂടെയും സമാധാനം നിലനിർത്താൻ ശ്രമിക്കുന്നുണ്ടെന്നും രാഷ്ട്രീയ പാർട്ടികൾ അവകാശപ്പെടുന്നു.

നിയമസംവിധാനങ്ങളുടെ ഇടപെടൽ: രാഷ്ട്രീയ കൊലപാതകങ്ങൾ തടയാൻ കർശനമായ നിയമനടപടികളും പോലീസ് ജാഗ്രതയും അനിവാര്യമാണെന്ന് നിയമവിദഗ്ധരും കോടതികളും പലപ്പോഴായി നിരീക്ഷിച്ചിട്ടുണ്ട്. പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നത് കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നുവെന്ന വിമർശനവും ശക്തമാണ്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ യാണെങ്കിലും മഹാത്മജിയുടെ നെഞ്ചില്‍ തറച്ച വെടിയുണ്ടകളുടെ അക്രമോത്സുകത വിവിധ രൂപത്തില്‍ ഇപ്പോഴും രാഷ്ട്രീയ ചുടലപ്പറമ്പുകളില്‍ വേതാളനൃത്തമാടുന്നു എന്നത് ജനാധിപത്യസംവിധാനം നേരിടുന്ന ദുരവസ്ഥയാണ്. ആശയങ്ങളോടുള്ള അസഹിഷ്ണുതയില്‍ മനുഷ്യജീവനെടുക്കുന്ന ക്രൂരരാഷ്ട്രീയത്തിന് എന്നാണ് അറുതി വരിക?കണ്ണൂര്‍ തളിപ്പറമ്പിലെ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ 14 വര്‍ഷത്തിനുശേഷം കോടതിവിധി പുറത്തുവന്നു. കൊലക്കുറ്റം തെളിഞ്ഞ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്‍, ഒന്‍പതാം പ്രതി മനോഹരന്‍, പത്താം പ്രതി ദിനേശന്‍, പന്ത്രണ്ടാം പ്രതി ബിജു, പതിനഞ്ചാം പ്രതി ഷിജിന്‍ മോഹന്‍ എന്നിവരെയാണ് ശിക്ഷിച്ചത്.

മറ്റ് ആറു പ്രതികള്‍ക്ക് മൂന്നു വര്‍ഷത്തില്‍ താഴെയാണ് ശിക്ഷ. മുമ്പ് ജയിലില്‍ കിടന്നതിനാല്‍ ഇവര്‍ക്ക് ജാമ്യം ലഭിക്കും. ഗൂഢാലോചനക്കേസില്‍ പ്രതികളായ സിപിഎം നേതാക്കള്‍ പി. ജയരാജന്‍, ടി.വി. രാജേഷ് എന്നിവരെ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി വെറുതേവിട്ടു. ഇവര്‍ക്കെതിരേ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കേസില്‍ 18 പേരെയാണ് വെറുതേ വിട്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകനായ പത്തൊന്പതാം പ്രതി ശ്യാംജിത്തും ഇതില്‍ ഉള്‍പ്പെടുന്നു. ഈ കേസ്. 2012 ഫെബ്രുവരി 20ന് ഉച്ചകഴിഞ്ഞു മൂന്നോടെയാണ് കണ്ണപുരം കീഴറ വള്ളുവന്‍കടവില്‍ ഇരുപത്തിയൊന്നുകാരനായ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ചിരുന്ന വാഹനം തളിപ്പറന്പ് അരിയില്‍ ആക്രമിക്കപ്പെട്ട് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു കൊലപാതകം.രണ്ട് ഏജന്‍സികള്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസെന്ന പ്രത്യേകതയും ഇതിനുണ്ട്. ആദ്യം കേരള പൊലിസും പിന്നീട് സിബിഐയുമാണ് കേസ് അന്വേഷിച്ചത്. രണ്ട് ഏജന്‍സികളും കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. ഷുക്കൂറിന്റെ കുടുംബാംഗങ്ങള്‍ മേല്‍ക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കണ്ണൂര്‍ രാഷ്ട്രീയം ഇനിയും കലങ്ങിമറിയുമെന്നാണ് സൂചന. മുഴുവന്‍ കുറ്റവാളികളും ശിക്ഷിക്കപ്പെടുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും പറഞ്ഞിട്ടുണ്ട്. പൊലിസ് അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായോ എന്ന ചോദ്യം ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. തെളിവുകള്‍ യഥാസമയം ശേഖരിച്ചില്ലെന്ന പരാതിയുമുണ്ടായിരുന്നു. 

കണ്ണിനു പകരം കണ്ണ് എന്ന കാട്ടുനീതിയാണ് എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളുടെയും പിന്നിലെ ചേതോവികാരം. അവിടെ പ്രത്യയശാസ്ത്രമോ യുക്തിചിന്തയോ മനുഷ്യത്വമോ ഇല്ല. പകവീട്ടല്‍ തുടര്‍ക്കഥയായി മാറുമ്പോള്‍ ഒട്ടേറെ കുടുംബങ്ങള്‍ അനാഥമാകുന്നു. അമ്മമാരുടെ കണ്ണീര്‍ ഭൂമിയെ പൊള്ളിക്കുന്നു. ഒട്ടേറെ ചെറുപ്പക്കാരുടെ ഭാവിയാണ് ഇരുളടയുന്നത്.മറ്റു പല കേസുകളിലുമെന്നപോലെ ഷുക്കൂര്‍ വധക്കേസിലും സിപിഎമ്മിന്‍റെ പങ്ക് വളരെ വ്യക്തമാണ്. നേതാക്കളുടെ ക്രിമിനല്‍ ഗൂഢാലോചന തെളിഞ്ഞില്ലെങ്കിലും പാര്‍ട്ടിയുടെ കൈകളിലെ ചോരക്കറ കഴുകിക്കളയാനാകില്ല. 'മനുഷ്യനാകണം' എന്ന് സമ്മേളനങ്ങളില്‍ ഉറക്കെയുറക്കെ പാടുമ്പോഴും പിന്നിലൊളിപ്പിച്ച കൊലക്കത്തി ജനാധിപത്യകേരളത്തിന് തീരാക്കളങ്കമാണ്. ശരിയാണ്, സിപിഎം പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. അവിടെയും അമ്മമാരുടെ നിലവിളികളുണ്ട്. അതും അപലപിക്കപ്പെടേണ്ടതുതന്നെ.പാര്‍ട്ടികള്‍ മുഴുസമയ ഗുണ്ടകളെ നിലനിര്‍ത്തുകയും അവരെ സമാന്തര കൊലക്കത്തി രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന കാലത്തോളം കൊലപാതകരാഷ്ട്രീയത്തിന് കേരളത്തില്‍ അറുതി വരില്ല. കേസുകളിലെ അന്വേഷണവീഴ്ചകളും സാക്ഷികള്‍ കൂറുമാറുന്നതും വിചാരണ നീണ്ടുപോകുന്നതും കുറ്റവാളികള്‍ക്ക് നിയമത്തെ ഭയമില്ലാത്ത സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.  കൊല്ലപ്പെടുന്ന പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടികള്‍ നല്‍കുന്ന രക്തസാക്ഷി പരിവേഷവും സ്മാരകങ്ങളും അണികളില്‍ വൈകാരികമായ ആവേശവും പ്രതികാരചിന്തയും നിലനിര്‍ത്താന്‍ പ്രേരകമാകുകയും ചെയ്യുന്നു.ആശയത്തെ ആശയംകൊണ്ട് നേരിടാൻ കഴിയണം ; രാഷ്ട്രീയ നേതൃത്വങ്ങൾ  കാലത്തിനൊത്ത്  ചിന്തിക്കണം,പ്രവർത്തിക്കണം .രാഷ്ട്രീയത്തിന്റെ പേരിൽ മനുഷ്യജീവനുകൾ പൊലിയുന്നത് ഇനിയെങ്കിലും അവസാനിക്കണം. അഭിപ്രായവ്യത്യാസങ്ങൾ അക്രമത്തിലൂടെയല്ല, ജനാധിപത്യപരമായ സംവാദങ്ങളിലൂടെയാണ് പരിഹരിക്കേണ്ടത്.രാഷ്ട്രീയ വൈരമല്ല, മാനവികതയാണ് വളരേണ്ടത്..കൊലപാതകങ്ങളില്ലാത്ത കേരളത്തിനായി നമുക്ക് ഒന്നിക്കാം

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: