Pages

Monday, November 9, 2026

നമ്മുടെ എക്‌സൈസ് വകുപ്പ് ഇങ്ങനെ മതിയോ ?

 

നമ്മുടെ എക്‌സൈസ്  വകുപ്പ്  ഇങ്ങനെ മതിയോ ?

 

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കേരളത്തിൽ ഗുരുതരമായ സാമൂഹിക വിപത്തായി വളർന്നുകൊണ്ടിരിക്കുകയാണ്. യുവതലമുറയെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് ലഹരിമാഫിയകൾ വലവിരിക്കുമ്പോൾ നമ്മുടെ എക്സൈസ് വകുപ്പ് എന്താണ് ചെയ്യുന്നത്?ലഹരിക്കടത്ത് പിടികൂടുന്ന വാർത്തകൾ ഇടയ്ക്കിടെ പുറത്തുവരുന്നുണ്ട്. എന്നാൽ ലഹരിയുടെ ഉറവിടങ്ങൾ കണ്ടെത്താനും വിതരണശൃംഖല തകർക്കാനും എത്രത്തോളം കഴിയുന്നുണ്ട്? സ്കൂൾ, കോളേജ് പരിസരങ്ങളിൽ ലഹരിയുടെ സാന്നിധ്യം തടയാൻ ഫലപ്രദമായ നിരീക്ഷണ സംവിധാനങ്ങളുണ്ടോ?  കോളേജുകളിലും  സ്കൂളുകളിലും പ്രവർത്തിക്കുന്ന ഹെൽത്ത്- പാലിയേറ്റിവ്  ക്ലബ്ബുകൾ വഴി  ലഹരി വിരുദ്ധ പരിപാഠികൾ സംഘടിപ്പിച്ചു കൂടെ ? കേരളം പാലിയേറ്റിവ് സംഘടനയുടെ  സാഹായം  ഇതിനു വേണ്ടി ഉപയോഗിക്കണം .നിയമം നടപ്പാക്കുക മാത്രമല്ല, ലഹരിക്കെതിരായ ശക്തമായ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും എക്സൈസ് വകുപ്പിന്റെ ഉത്തരവാദിത്വമാണ്. രാഷ്ട്രീയ സ്വാധീനവും സാമ്പത്തിക താൽപര്യങ്ങളും നിയമനടപടികളെ ദുർബലപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകരുത്.ലഹരിമാഫിയകൾക്ക് മുന്നിൽ നിയമസംവിധാനങ്ങൾ നിസ്സഹായരാകരുത്. കുറ്റവാളികൾ എത്ര ഉന്നതരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരണം.നമ്മുടെ യുവതലമുറയുടെ ഭാവി ലഹരിമാഫിയകളുടെ കൈകളിൽ ഏൽപ്പിക്കാനാവില്ല.

 

കേരളത്തിൽ മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ നടപ്പിലാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രധാന നിയമ നിർവഹണ ഏജൻസിയാണ് കേരള എക്സൈസ് വകുപ്പ്. എന്നാൽ  ഇത്  അവർ വിജയകരമായി  ചെയ്യാൻ അവർക്ക്  കഴിയുന്നുണ്ടോ ?മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉത്പാദനം, വിതരണം, വിൽപ്പന എന്നിവ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക. അബ്കാരി നിയമങ്ങളും മയക്കുമരുന്ന് വിരുദ്ധ നിയമങ്ങളും നടപ്പിലാക്കുക.

 അനധികൃത മദ്യക്കടത്ത്, വ്യാജമദ്യം, മയക്കുമരുന്ന് വ്യാപാരം എന്നിവ തടയുന്നതിനുള്ള റെയ്ഡുകളും കേസുകളും നടത്തുക. ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക  എന്നിവ എക്‌സൈസ്  വകുപ്പിൻറെ ലക്ഷ്യത്തിൽ പെടുന്നു .ബാറുടമകളും മറ്റുമൊക്കെ ലഹരിവിറ്റു നേടുന്ന പണത്തിൽ പങ്കുപറ്റാൻ ഇത്തിൾക്കണ്ണിക്കളായി എക്‌സൈസ് ഉദ്യോഗസ്ഥർ  ഒരിക്കലും  മാറരുത്  ഈ വകുപ്പിനെ കുറിച്ച്  ഇപ്പോൾ ആരോപണം  തുടരെ വന്നുകൊണ്ടിരിക്കുന്നു .മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിന്റെ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണം വേണം എന്നാണ് ആവശ്യപ്പെടുന്നത്.  ഉദ്യോഗസ്ഥർ ബാർ ഉടമകളിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന് എക്സൈസ് കമ്മീഷണർ തന്നെ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് സർക്കാർ അന്വേഷണത്തിന് തയ്യാറെടുക്കുന്നത്. 

സംസ്ഥാന ഭരണകൂടത്തിൽ എക്‌സൈസ് വകുപ്പിനുള്ള പ്രാധാന്യത്തെപ്പറ്റി ഏവർക്കും അറിയാം. സർക്കാരിന് ഏറ്റവുമധികം വരുമാനം നേടിക്കൊടുക്കുന്ന വകുപ്പുകളിലൊന്ന് എന്നതുതന്നെയാണ് ഈ പ്രാധാന്യത്തിന്റെ അടിസ്ഥാനം. ബാറുകളുടെയും ക്ലബുകളുടെയും ബിയർ പാർലറുകളുടെയും ലൈസൻസ് ഫീ ഇനത്തിൽ കോടികളാണു കിട്ടുന്നത്. കള്ളുഷാപ്പുകളുടെ ലൈസൻസിനത്തിലും കോടികൾ ഖജനാവിലെത്തും. സംസ്ഥാനത്ത് ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ മൊത്തക്കച്ചവടം എക്‌സൈസ് വകുപ്പിനുകീഴിലുള്ള ബെവറജസ് കോർപ്പറേഷൻവഴിയാണ്. ഇതിലൂടെമാത്രം കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാനഖജനാവിലെത്തിയത് എണ്ണായിരം കോടിയിലേറെ രൂപയാണ്. ചരക്ക്-സേവന നികുതി(ജി.എസ്.ടി.)യുടെ വരവോടെ, സംസ്ഥാനസർക്കാരിന് നേരിട്ട് നികുതി പിരിക്കാവുന്ന ചുരുക്കം വസ്തുക്കളിലൊന്നാണ് മദ്യം. 

സർക്കാരിന്റെ കറവപ്പശുവെന്നതുപോലെ, ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഇടനിലക്കാരുടെയുമൊക്കെ താത്പര്യസ്ഥാനവുമാണ് ഈ വകുപ്പ്. ബാറുടമകളും മറ്റുമൊക്കെ ലഹരിവിറ്റു നേടുന്ന പണത്തിൽ പങ്കുപറ്റാൻ ഇത്തിൾക്കണ്ണിക്കളായി എക്‌സൈസ് ഉദ്യോഗസ്ഥരടക്കമുള്ളവരുണ്ട്. എല്ലാ ഉദ്യോഗസ്ഥരും അഴിമതിക്കാരെന്നല്ല. സത്യസന്ധരായ   ഉദ്യോഗസ്ഥർ  ഇവിടെയുണ്ട്  എന്ന വസ്തുതയും ഓർക്കണം കോട്ടയം ജില്ലയിലെ ചില ബാർ ഹോട്ടലുകളിൽനിന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പണവും മദ്യവും മറ്റു പാരിതോഷികങ്ങളും ചോദിച്ചുവാങ്ങുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്മിഷണറുടെ രഹസ്യപരിശോധന.സമീപകാലവിവാദങ്ങളുടെ പശ്ചാത്തലത്തിൽ എക്‌സൈസ് വകുപ്പിലെ അഴിമതികളെക്കുറിച്ച് സമഗ്രാന്വേഷണത്തിന് സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. സീറാം സാംബശിവറാവുവിന്റെ കാലത്ത് ബാർ ലൈസൻസുകൾ അനുവദിച്ചതും അന്വേഷണ പരിധിയിൽ വരും . എക്‌സൈസ് വകുപ്പ് അധാർമികതയുടെ വിളനിലമായി തുടർന്നുകൂടാ. നിഷ്പക്ഷമായ  അന്യൂവേഷണമാണ്  വേണ്ടത് .

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: