വൈദ്യുതി അപകടങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ അനിവാര്യം
വൈദ്യുതി അപകടങ്ങൾ മൂലം ജീവൻ നഷ്ടപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, വൈദ്യുതി അപകട ഇൻഷുറൻസ് പദ്ധതി അനിവാര്യമാണ്.വൈദ്യുതി ഉപയോഗിക്കുന്ന ഓരോ കുടുംബത്തിനും കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കണം. വൈദ്യുതി ഷോക്കേറ്റ് മരണം, ഗുരുതര പരിക്ക്, സ്ഥിരമായ വൈകല്യം എന്നിവയ്ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന സമഗ്ര ഇൻഷുറൻസ് സംവിധാനം സർക്കാർ-വൈദ്യുതി ബോർഡ് തലത്തിൽ നടപ്പാക്കണം.“വൈദ്യുതി സുരക്ഷയും ഇൻഷുറൻസ് പരിരക്ഷയും — ഓരോ കുടുംബത്തിന്റെയും അവകാശമാകണം.” ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ കെ.എസ്.ഇ.ബിയോട് വിശദീകരണം തേടി. മോട്ടോർ വാഹന ഇൻഷ്വറൻസ് മാതൃകയിൽ വൈദ്യുത അപകടങ്ങളിലും ഇൻഷ്വറൻസ് നടപ്പാക്കേണ്ടതാണെന്ന് കമ്മിഷൻ വ്യക്തമാക്കി.
വൈദ്യുത അപകടങ്ങളിൽപ്പെടുന്ന പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഇൻഷ്വറൻസ് പരിരക്ഷ നൽകേണ്ടതല്ലേ? കരാർ തൊഴിലാളികൾക്ക് ഇൻഷ്വറൻസ് നിർബന്ധമാണെങ്കിലും കരാറുകാർ അത് പാലിക്കുന്നില്ലെന്ന് തെളിവെടുപ്പിൽ പരാതി ഉയർന്നു.
സബ് സ്റ്റേഷനുകൾ അടക്കമുള്ള നിർമ്മിതികൾക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും വിശദാംശങ്ങൾ അറിയിക്കാമെന്നും കെ.എസ്.ഇ.ബി പ്രതിനിധികൾ വ്യക്തമാക്കി.
അടുത്ത ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പെറ്റീഷൻ നൽകാനുള്ള തീയതി നവംബർ 30-ൽ നിന്ന് ഡിസംബർ 31 വരെ നീട്ടിനൽകണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടെങ്കിലും, കമ്മിഷൻ ഇത് കർശനമായ സമയപരിധിക്കുള്ളിൽ നൽകണമെന്ന് നിർദ്ദേശിച്ചു.
വൈദ്യുതി നിരക്ക് പരിഷ്കരണവുമായി ബന്ധപ്പെട്ട മൾട്ടി ഇയർ താരിഫ് ചട്ടത്തിന്റെ കരട് സംബന്ധിച്ച ഓൺലൈൻ തെളിവെടുപ്പിലാണ് ഈ നിർണായക വിഷയങ്ങൾ ചർച്ചയായത്.
. മോട്ടോർ വാഹന ഇൻഷ്വറൻസ് പോലെ വൈദ്യുതി അപകടങ്ങളിലും ഇൻഷ്വറൻസ് പരിരക്ഷയുടെ അനിവാര്യതയും കമ്മിഷൻ ചൂണ്ടിക്കാട്ടി. കേരളത്തിൽ സമീപകാലത്തായി വൈദ്യുതി അപകടങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ അങ്ങേയറ്റം പ്രസക്തമാണ് കമ്മിഷന്റെ ചോദ്യം. സംസ്ഥാനത്തെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 2024 - 25 കാലയളവിൽ മാത്രം കേരളത്തിൽ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടത് 241 പേരാണ്.
റോഡരികിൽ അപകട ഭീഷണിയായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകളുടെ എണ്ണം വളരെ കൂടുതലുള്ള ഒരു നാടാണ് നമ്മുടേത്. കാലവർഷ സമയങ്ങളിൽ പൊട്ടിവീഴുന്ന ലൈനുകളും മറ്റും നിരപരാധികളുടെ ജീവനെടുക്കാൻ കാരണമാകുന്നു. വന്യമൃഗങ്ങളെ തടയാൻ നിയമവിരുദ്ധമായി സ്ഥാപിക്കുന്ന വൈദ്യുതി വേലികളും മനുഷ്യർക്ക് ഭീഷണിയാണ്. അപകടങ്ങൾ പരമാവധി ഒഴിവാക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതിനൊപ്പം അപ്രതീക്ഷിതമായി ദുരന്തം സംഭവിച്ചാൽ കുടുംബത്തിന് താങ്ങാവുന്ന ഇൻഷ്വറൻസ് പരിരക്ഷയും ഏർപ്പെടുത്തേണ്ടത് അനിവാര്യമാണ്. വൈദ്യുതി മേഖലയിലെ കരാർ തൊഴിലാളികൾക്ക് ഇൻഷ്വറൻസ് വേണമെന്നാണ് നിബന്ധന എങ്കിലും കരാറെടുക്കുന്നവർ കൃത്യമായി ഇത് പാലിക്കാറില്ല. അവർ ഇത് പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ട കെ.എസ്.ഇ.ബി ഇത് പരിശോധിക്കാറുമില്ല.ലൈനിൽ പണി നടത്തിക്കൊണ്ടിരിക്കെ വൈദ്യുതി കടത്തിവിട്ട സംഭവങ്ങൾ പോലും ഇവിടെ ഉണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിൽ പോലും നഷ്ടപരിഹാരം നൽകുന്ന ഉത്തരവാദിത്വത്തിൽ നിന്ന് അധികാരികൾ ഒഴിയുകയാണ് ചെയ്യുന്നത്. അതിനാൽ വൈദ്യുതി അപകടങ്ങളിൽപ്പെടുന്ന തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ഇൻഷ്വറൻസ് ഏർപ്പെടുത്താൻ കെ.എസ്.ഇ.ബി ഒരു പദ്ധതി തയ്യാറാക്കി റഗുലേറ്ററി കമ്മിഷന് സമർപ്പിക്കുകയാണ് വേണ്ടത്. ഇതിന് വേണ്ടിവരുന്ന സാമ്പത്തിക ബാദ്ധ്യത ഏറ്റെടുക്കാനുള്ള മനുഷ്യത്വപരമായ ഉത്തരവാദിത്വമാണ് ബോർഡിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടത്.വൈദ്യുതാപകടം പലപ്പോഴും അതിനിരയാകുന്നവരെ മരണം സംഭവിച്ചില്ലെങ്കിൽ പോലും സ്ഥിരമായി ജീവച്ഛവമാക്കാൻ പര്യാപ്തമായതാണ്. അതോടെ ആ വ്യക്തിയെ ആശ്രയിച്ച് കഴിയുന്ന കുടുംബത്തിന്റെ വരുമാന മാർഗമാണ് പൂർണമായും ഇല്ലാതാകുന്നത്. കെ.എസ്.ഇ.ബിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന വീഴ്ചയുടെ ഭാഗമായി അപകടം ഉണ്ടായാൽ നഷ്ടപരിഹാരം ലഭിക്കാനുള്ള ഏക മാർഗം കോടതിയെ സമീപിക്കുകയാണ്. ഇത് ഏറെ ചെലവേറിയതും വർഷങ്ങൾ നീളുന്നതുമാണ്. ഇൻഷ്വറൻസ് ഏർപ്പെടുത്തിയാൽ ഇത്തരം കേസുകൾ തന്നെ ഇല്ലാതാകാൻ അത് ഇടയാക്കും.അതോടൊപ്പം തന്നെ വൈദ്യുതി അപകടങ്ങൾ കുറയ്ക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കെ.എസ്.ഇ.ബി കൂടുതൽ സജീവമായി പ്രവർത്തിക്കേണ്ടതും ആവശ്യമാണ്. അപകടാവസ്ഥയിലുള്ള ലൈനുകൾ മാറ്റുന്നതിന് കെ.എസ്.ഇ.ബി ഇപ്പോൾ വളരെ ഉയർന്ന ഫീസാണ് വാങ്ങുന്നതെന്ന ആക്ഷേപം വ്യാപകമാണ്. അതിനാൽ അക്കാര്യം പുനഃപരിശോധിക്കുന്നതും പരിഗണിക്കേണ്ടതാണ്.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment