രാജാവ് നഗ്നനാണെന്നു വിളിച്ചുപറയാൻ ധൈര്യമുള്ള കൂടുതൽ "യുവജനങ്ങൾ' ജനാധിപത്യത്തിന്റെ തെരുവുകളെ കീഴടക്കുകയാണ്.
ചരിത്രപരമായ മാറ്റങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടി തെരുവിലിറങ്ങി സമരം ചെയ്യാനും തങ്ങളുടെ ശബ്ദം ഉയർത്താനും യുവജനങ്ങൾ ഭയപ്പെടുന്നില്ല. തെറ്റുകളെ ചൂണ്ടിക്കാണിക്കാനുള്ള ഈ ആർജ്ജവമാണ് ജനാധിപത്യത്തെ കൂടുതൽ ശക്തവും സുതാര്യവുമാക്കുന്നത്.ജനാധിപത്യ പ്രക്രിയയിൽ ഇന്നത്തെ യുവതലമുറയ്ക്കുള്ള നിർണായക പങ്കു ആർക്കും തടയാനാവില്ല . ഭരണകൂടത്തിന്റെയോ അധികാരികളുടെയോ തെറ്റായ നയങ്ങളെയും അനീതികളെയും ഭയമില്ലാതെ തുറന്നുചോദിക്കാനും ചോദ്യം ചെയ്യാനും ഇന്നത്തെ യുവാക്കൾ മുന്നോട്ടുവരുന്നു എന്ന വസ്തുതയാണ് . വലിയ അടിമത്തങ്ങളെയും അടിച്ചമർത്തലുകളെയും നേരിട്ട ജനതയാണ്; പേടിപ്പിച്ചിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല.
ബിജെപിയെ അധികാരത്തിലെത്തിക്കാൻ കോടിക്കണക്കിനു വോട്ട് കൊള്ളയടിച്ചെന്ന ആരോപണം നേരിടുന്ന, പണ്ടേ സംശയനിഴലിലുള്ള ഒരുദ്യോഗസ്ഥനെ, ചീഫ് ഇലക്ഷൻ കമ്മിഷണറെ സംരക്ഷിക്കാനാണ് ഭരണകൂടം രാജ്യത്തെ മുൾമുനയിലാക്കുന്നത്; പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത്. അടിയന്തരാവസ്ഥയെയും ഏകാധിപത്യത്തെയും വേണ്ടവിധം "കൈകാര്യം' ചെയ്ത ജനതയാണ് ഭാരതത്തിലുള്ളത് . ഒരു വിധത്തിലുള്ള ഏക കാധിപത്യ അരക്ഷിതാവസ്ഥയ്ക്ക് ജനം വഴങ്ങില്ല. മോദിസർക്കാർ ജനാധിപത്യത്തിനു വഴങ്ങിയേ തീരൂ.
രാജ്യം തിളയ്ക്കുന്നത്, ജനാധിപത്യത്തിന്റെ അടിസ്ഥാനമായ വോട്ട് മോഷ്ടിച്ചെന്ന ആരോപണം നേരിടുന്ന മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ്. സിജെപി എന്ന യുവമുന്നേറ്റവും പ്രതിപക്ഷപാർട്ടികളും നടത്തുന്ന സമരം കേന്ദ്രം അടിച്ചമർത്തുകയാണ്. തലസ്ഥാനത്തുമാത്രം പതിനായിരക്കണക്കിനു വരുന്ന പൊലിസ് സേനയെയും അർധസൈനികവിഭാഗത്തെയും വിന്യസിച്ചിരിക്കുന്നു.
സമരവേദികൾ അടച്ചു. ഗതാഗതം, ഇന്റർനെറ്റ്, കുടിവെള്ളം, ഭക്ഷണം... എല്ലാം നിരോധിച്ചു. എംപിമാരും മുൻ മുഖ്യമന്ത്രിമാരും ഉൾപ്പടെയുള്ളവരെ തടവിലാക്കുന്നു. ആയിരങ്ങളെ കസ്റ്റഡിയിലെടുക്കുന്നു. മാധ്യമപ്രവർത്തകരെ വലിച്ചിഴയ്ക്കുന്നു... എന്നിട്ട് ജന്തർ മന്തറിലെ സമരത്തിന് ആളില്ലെന്ന് ബിജെപി ഭക്തരുടെ കീർത്തനം! ലോകത്തിനുമുന്നിൽ രാജ്യം നാണംകെട്ടു. പ്രതികരിച്ച ഐക്യരാഷ്ട്രസഭയോടുപോലും കലിപ്പ്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യവേട്ട! എന്തായിരിക്കാം കാരണം? ഗ്യാനേഷ്കുമാറെന്ന പാവയെ ചലിപ്പിക്കുന്ന ചരടുകളിലേക്കു നീളുന്ന കഥ കേൾക്കണം.ഗ്യാനേഷ്കുമാറിനെ എന്തിനു ഭരിക്കുന്ന പാർട്ടി താങ്ങണം . മറ്റ് പാർട്ടികൾക്ക് ഇല്ലാത്ത അടുപ്പം ബി.ജെ പി ക്ക് എന്തിനു ?2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണം 96 കോടിയായിരുന്നു. നാനൂറിലേറെ സീറ്റുകൾ നേടുമെന്ന് മോദി അവകാശപ്പെട്ടെങ്കിലും കിട്ടിയത് വെറും 240. മറ്റുള്ളവരുടെ പിന്തുണയിൽ ഭരണം തട്ടിക്കൂട്ടി. വർഗീയധ്രുവീകരണത്തിലൂടെ ഇനി വോട്ട് നേടാനാകില്ലെന്ന് ഉറപ്പായി. വികസന പൊള്ളത്തരങ്ങൾ ആഗോള റിപ്പോർട്ടുകളിൽ ഉൾപ്പടെ നിലംപൊത്തി. വാഴ്ത്തുപാട്ടുകാരായ ഗോദി മീഡിയയെ ജനം ഓടിച്ചിട്ടു തല്ലുന്ന സ്ഥിതിയായി. അന്വേഷണ ഏജൻസികളെ ഇറക്കി പ്രതിപക്ഷത്തെയും വിമർശകരെയും ഭീഷണിപ്പെടുത്തിയിട്ടും കുതിരക്കന്പോളത്തിൽ ജനപ്രതിനിധികളെ മൊത്തക്കച്ചവടം നടത്തിയിട്ടും സർക്കാരിന്റെ അരക്ഷിതാവസ്ഥയ്ക്കു ശമനമില്ല. കഥയുടെ രണ്ടാം അധ്യായം അവിടെ തുടങ്ങി.
സന്പൂർണവിധേയനായ ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറാക്കി. 96 കോടി വോട്ടർമാരുടെ ലിസ്റ്റ് പരിശോധിക്കാൻ തുടങ്ങിയ എസ്ഐആർ (തീവ്ര വോട്ടർപട്ടിക പരിഷ്കരണം) പൂർത്തിയാകുന്നതിനു മുന്പുതന്നെ 13.3 കോടി വോട്ടർമാരെ വെട്ടിനിരത്തി. രണ്ടു കോടിയോളം ആളുകൾ മരിച്ചവരോ സ്ഥലത്തില്ലാത്തവരോ ആണ്. രണ്ടു കോടിയോളം പേർ അപ്പീലിലൂടെ തിരിച്ചെത്തി.
സ്ത്രീകളും കുടിയേറ്റക്കാരും ഇതരസംസ്ഥാന തൊഴിലാളികളും ന്യൂനപക്ഷങ്ങളും ഉൾപ്പടെ ബാക്കി ഒന്പതു കോടിയോളം വോട്ടർമാർ പുറത്ത്. ഇത് തെരഞ്ഞെടുപ്പുകളുടെ വിധി അട്ടിമറിക്കാൻ പോന്ന സംഖ്യയാണ്. മാത്രമല്ല, അപ്പീലിലൂടെ വോട്ടർമാർ തിരിച്ചെത്തിയപ്പോഴേക്കും പല തെരഞ്ഞെടുപ്പുകളും കഴിഞ്ഞിരുന്നു. കോടതികൾ നോക്കുകുത്തിയായി.
കള്ളവോട്ടുകളുടെ പട്ടിക പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി പ്രദർശിപ്പിച്ചു. അതിനു കൃത്യമായ മറുപടി പറയാതെ രോഷാകുലനായ ഗ്യാനേഷ്കുമാറിന്റെ പ്രകടനം വോട്ടർ പട്ടികയുടെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും വിശ്വാസ്യത സംശയത്തിലാക്കിയെന്നു പറഞ്ഞത്, മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർമാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത്, മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ എന്നിവരാണ്. ഭരണപിന്തുണയുടെ ധാർഷ്ട്യത്തിൽ ഗ്യാനേഷ് കൂടുതൽ വേലകളിറക്കി.
എസ്ഐആറിൽ, 2003ലെ വോട്ടർ പട്ടിക പരിഷ്കരണത്തിൽ മാതാപിതാക്കളുടെ പേരുണ്ടോ എന്നതും വോട്ടപേക്ഷകർക്കു സ്ഥാപിക്കേണ്ടിവന്നു. ഇങ്ങനെ ഫോം-6 മാറ്റാനുള്ള നിർദേശം തങ്ങൾ നൽകിയിട്ടില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ഇതിനിടെയാണ്, ഗ്യാനേഷ്കുമാറിന്റെ ഏകാധിപത്യ തീരുമാനങ്ങൾക്കെതിരേ മറ്റു രണ്ടു കമ്മിഷണർമാരും 10 മാസത്തിനിടെ 14 തവണ ഔദ്യോഗികമായി എതിർപ്പു രേഖപ്പെടുത്തിയിരുന്നെന്ന ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പുറത്തുവന്നത്. ഇതോടെ, നിയമസംവിധാനങ്ങളിൽപോലും പ്രതീക്ഷയില്ലാതായ ജനം തെരുവിലിറങ്ങി.
സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി ഏകാധിപത്യരീതിയിൽ തെരഞ്ഞെടുത്ത സർക്കാർ പാവയായ ചീഫ് ഇലക്ഷൻ കമ്മിഷണർക്ക് ആജീവനാന്തനിയമപരിക്ഷ കൊടുത്തത് മുഖപ്രസംഗത്തിൽ ദീപിക പലവട്ടം ചൂണ്ടിക്കാണിച്ചിരുന്നു. ആ "കരിനിയമം' എന്തിനായിരുന്നെന്ന് ഇപ്പോൾ ബോധ്യമാകുകയാണ്. 2023 ഓഗസ്റ്റിൽ പാർലമെന്റിൽ 146 എംപിമാരെ പുറത്താക്കി പാസാക്കിയ The Chief Election Commissioner and other Election Commissioners
(Appointment, Conditions of Service and Term of Office) Act, 2023, 16ാം വകുപ്പനുസരിച്ച്, തെരഞ്ഞെടുപ്പ് കമ്മിഷൻ കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് എന്തു തീരുമാനമെടുത്താലും അതിനെതിരേ സിവിലോ ക്രിമിനലോ ആയ ഒരു കേസും അവർക്കെതിരേ ജോലിക്കാലത്തോ പിന്നീടോ എടുക്കാനാകില്ല. എന്തു തോന്ന്യാസവും കാണിക്കാനുള്ള ലൈസൻസ്! "ആ പണി' അദ്ദേഹം നന്നായി ചെയ്തുകൊടുത്തെന്നുവേണം കരുതാൻ. ഇല്ലെന്ന് അദ്ദേഹവും തെളിയിക്കുന്നില്ല.
ഗ്യാനേഷ്കുമാർ രാജി വയ്ക്കണം. ജനാധിപത്യമൂല്യങ്ങളെ വീണ്ടെടുക്കണം. പ്രതിപക്ഷം, നാണംകെട്ട തമ്മിലടി അവസാനിപ്പിക്കണം. അടിയന്തരാവസ്ഥയേക്കാൾ ഭയാനകമാണ് സ്ഥിതി. ഇന്ദിരാഗാന്ധി വോട്ട് മോഷ്ടിച്ചില്ല. അതുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അവരെ ജനം പുറത്താക്കി. അതേ ജനം അവരെ തിരിച്ചുവിളിക്കുകയും ചെയ്തു. ആ സ്വാതന്ത്ര്യമാണ് തട്ടിയെടുക്കുന്നതെങ്കിൽ പാവകളുടെ ചരടുവലിക്കാരേ, ജനം നിങ്ങളോടു കരുണ കാണിക്കില്ല.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment