കുഞ്ഞുങ്ങൾക്ക്
സുരക്ഷാ എവിടെ ?
കുട്ടികൾക്ക് ഏറ്റവും സുരക്ഷിതമായ ഇടം വീടായിരിക്കണം. എന്നാൽ കുട്ടികളെ സംരക്ഷിക്കേണ്ട ചിലർതന്നെ അവരുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന സംഭവങ്ങൾ നമ്മെ വേദനിപ്പിക്കുന്നു. കുടുംബബന്ധങ്ങളിലോ സൗഹൃദങ്ങളിലോ അധ്യാപക-വിദ്യാർഥി ബന്ധങ്ങളിലോ ഉള്ള വിശ്വാസം കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകരുത്. കുട്ടികളുടെ നിശ്ശബ്ദതയെ സമ്മതമായി കാണുന്ന മനോഭാവവും അവരുടെ പരാതികളെ നിസ്സാരമായി തള്ളിക്കളയുന്ന സമീപനവും മാറേണ്ടതുണ്ട്.വിദ്യാലയങ്ങൾ അറിവിന്റെ ക്ഷേത്രങ്ങളാണ്. അവിടെ കുട്ടികൾ ഭയമില്ലാതെ പഠിക്കണം. അധ്യാപകരും അനധ്യാപക ജീവനക്കാരും സ്കൂൾ അധികൃതരും കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണം. സ്കൂൾ പരിസരത്തെ സുരക്ഷാ സംവിധാനങ്ങൾ, നിരീക്ഷണം, പരാതികൾ അറിയിക്കാനുള്ള സൗകര്യങ്ങൾ എന്നിവ കാര്യക്ഷമമാക്കണം.
ഇന്ന് ഡിജിറ്റൽ ലോകവും കുട്ടികൾക്ക് വലിയ വെല്ലുവിളിയാണ്. മൊബൈൽ ഫോണുകളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും അപരിചിതർ കുട്ടികളെ വലയിലാക്കാൻ ശ്രമിക്കുന്നു. വ്യാജ സൗഹൃദങ്ങളും അശ്ലീല സന്ദേശങ്ങളും ഓൺലൈൻ ഭീഷണികളും കുട്ടികളുടെ മാനസികാരോഗ്യത്തെപ്പോലും ബാധിക്കുന്നു. അതിനാൽ കുട്ടികൾക്ക് സാങ്കേതികവിദ്യയുടെ ഗുണങ്ങൾ പകർന്നുനൽകുന്നതിനൊപ്പം അതിലെ അപകടങ്ങളെ തിരിച്ചറിയാനുള്ള ബോധവത്കരണവും നൽകണം.
നിയമങ്ങൾ ഉണ്ടെന്നതുകൊണ്ടുമാത്രം കുട്ടികൾ സുരക്ഷിതരാകില്ല. നിയമങ്ങൾ കർശനമായി നടപ്പാക്കണം. കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ പരാതികൾ ഗൗരവത്തോടെ പരിഗണിക്കുകയും ഇരകളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കുകയും വേണം. അതോടൊപ്പം കുട്ടികളെ ഭയപ്പെടുത്താതെ അവരുടെ പ്രശ്നങ്ങൾ കേൾക്കാനും വിശ്വസിക്കാനും സഹായിക്കാനും രക്ഷിതാക്കൾ തയ്യാറാകണം.കുട്ടികളുടെ ശരീരത്തിൽ അനാവശ്യമായി സ്പർശിക്കുന്നതും രഹസ്യമായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതും ഭീഷണിപ്പെടുത്തുന്നതും തെറ്റാണെന്ന് പ്രായത്തിനനുസരിച്ച് അവരെ പഠിപ്പിക്കണം. എന്തെങ്കിലും ദുരനുഭവമുണ്ടായാൽ വിശ്വസിക്കാവുന്ന മുതിർന്നവരോട് തുറന്നുപറയാൻ അവർക്കു ധൈര്യം നൽകണം.കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ കണ്ടിട്ടും മൗനം പാലിക്കുന്ന സമൂഹം കുറ്റവാളികൾക്ക് പരോക്ഷമായി അവസരം നൽകുകയാണ്. ഓരോ കുട്ടിയുടെയും കരച്ചിൽ നമ്മുടെ മനസ്സാക്ഷിയെ ഉണർത്തണം. ഓരോ കുഞ്ഞിന്റെയും സുരക്ഷ നമ്മുടെ സാമൂഹിക ഉത്തരവാദിത്വമായി മാറണം.
എന്നാൽ സുരക്ഷിതത്വത്തിന്റെ സ്നേഹക്കൂടാകേണ്ട വീടുകളിൽപോലും കുഞ്ഞുങ്ങൾക്ക് രക്ഷയില്ലാതാകുന്നു. സ്നേഹത്തിന്റെ അർഥം ചുരുങ്ങിച്ചുരുങ്ങി അവരെ ശ്വാസംമുട്ടിക്കുകയാണ്. നൊബേൽ സമ്മാന ജേതാവ് ടോണി മോറിസൺ തന്റെ ‘ദി ബ്ലൂവസ്റ്റ് ഐ’ എന്ന നോവലിൽ ഓർമിപ്പിക്കുന്നതുപോലെ, സ്നേഹിക്കുന്നയാളേക്കാൾ മികച്ചതാകാൻ ഒരിക്കലും സ്നേഹത്തിനു കഴിയില്ല (Love is never any better than the lover). സംരക്ഷകരാകേണ്ടവർതന്നെ ചൂഷകരാകുമ്പോൾ, സ്നേഹമെന്ന പവിത്രമായ സങ്കൽപത്തിനുമേൽ കരിനിഴൽ വീഴുന്നു.
സമീപകാല സംഭവങ്ങളും സ്ഥിതിവിവര കണക്കുകളും വിരൽചൂണ്ടുന്ന ക്രൂരമായ യാഥാർഥ്യങ്ങൾക്കു നേരേ മുഖംതിരിച്ചിട്ടു കാര്യമില്ല. അസ്വസ്ഥതപ്പെടുത്തുന്ന സാമൂഹിക യാഥാർഥ്യങ്ങളെ കണ്ണടച്ചു സൃഷ്ടിക്കുന്ന സദാചാരത്തിന്റെ ഇരുളിൽ മൂടാനാണല്ലോ നമുക്കു പൊതുവേ ഇഷ്ടം. ആലപ്പുഴ കാർത്തികപ്പള്ളിയിൽ ഒരു പിഞ്ചുകുഞ്ഞ് പട്ടിണി കിടന്നു മരിച്ചുവെന്ന വാർത്ത പ്രബുദ്ധകേരളത്തെ ഞെട്ടിച്ചത് ഏതാനും ദിവസങ്ങൾക്കു മുമ്പാണ്. കേരളത്തിൽ മാതാപിതാക്കൾ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതൊക്കെ കെട്ടുകഥയാണെന്ന മിഥ്യാധാരണയ്ക്കു കിട്ടിയ ഇരുട്ടടിയായി ഈ സംഭവം. ഇക്കാര്യത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.
ഇതിനു പിന്നാലെ ക്രൈം റിക്കാർഡ്സ് ബ്യൂറോ നൽകിയ ചില വിവരങ്ങൾ, നമ്മുടെ കുഞ്ഞുങ്ങൾ എത്ര അരക്ഷിതവും ഭയാനകവുമായ സാഹചര്യത്തിലാണ് ജീവിക്കുന്നതെന്നു വെളിപ്പെടുത്തുന്നതാണ്. 2025ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 4,765 പോക്സോ കേസുകളിൽ 22 ശതമാനവും നടന്നിരിക്കുന്നത് അതിജീവിതരുടെ സ്വന്തം വീടുകളിലാണ്. 13 ശതമാനം കേസുകൾ പ്രതികളുടെ വീടുകളിലായിരുന്നു. ബന്ധുക്കളുടെയും പരിചിതരുടെയും ഇടങ്ങളിലുമായി നടക്കുന്ന അതിക്രമങ്ങൾകൂടി ചേർത്തുവായിക്കുമ്പോൾ ചിത്രം കൂടുതൽ ഭീതിദമാകുന്നു. അപകടം പുറത്തല്ല, അകത്തുതന്നെയാണ്.
കാർത്തികപ്പള്ളിയിലെ കുഞ്ഞന്റെ പട്ടിണിമരണവും പോക്സോ കേസുകളിലെ വർധനയും വിരൽചൂണ്ടുന്നത് ഒരേയൊരു വലിയ വീഴ്ചയിലേക്കാണ്; സാമൂഹിക ജാഗ്രതയുടെയും കുടുംബസംവിധാനങ്ങളിലെ മേൽനോട്ടത്തിന്റെയും തകർച്ച. സ്വന്തം വീട്ടിൽപോലും കുഞ്ഞുങ്ങൾക്ക് സുരക്ഷിതത്വവും ഭക്ഷണവും സംരക്ഷണവും ഉറപ്പാക്കാൻ കഴിയാത്ത അവസ്ഥ സാക്ഷരസമൂഹത്തിന് വൻ അപമാനമാണെന്ന് എഴുതേണ്ടിവരുന്നതുതന്നെ എത്ര ലജ്ജാകരമാണ്! അതിക്രമങ്ങൾക്ക് ഇരയാകുന്നവരിൽ 55 ശതമാനവും 15 മുതൽ 18 വയസുവരെയുള്ള കൗമാരക്കാരാണെന്നതും നാലുവയസിൽ താഴെയുള്ള 94 കുരുന്നുകൾ വരെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ടെന്നതും നടുക്കമുളവാക്കുന്നു. അഞ്ചു മുതൽ ഒൻപതു വയസു വരെയുള്ള 421 കുട്ടികളും അതിക്രമങ്ങൾക്കിരയായി.
പെൺകുട്ടികൾ മാത്രമല്ല, 13 ശതമാനത്തോളം ആൺകുട്ടികളും ഇത്തരം കുറ്റകൃത്യങ്ങളുടെ ഇരകളാകുന്നുണ്ട്. ലൈംഗിക അതിക്രമങ്ങൾ സാർവത്രികമായ ഒരു സാമൂഹിക വിപത്താണെന്നതിന് മറ്റെന്തു തെളിവു വേണം? സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, മതസ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ തുടങ്ങിയ ഇടങ്ങളിലും കുഞ്ഞുങ്ങൾ ചൂഷണം ചെയ്യപ്പെടുന്നു എന്നു വരുമ്പോൾ വിദ്യാഭ്യാസ-സാമൂഹിക സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുള്ള ജാഗ്രതക്കുറവും പകൽപോലെ വ്യക്തം.
ഈ ഗുരുതരമായ സാഹചര്യം മറികടക്കാൻ അടിയന്തരവും സമഗ്രവുമായ ഇടപെടലുകൾ ഉണ്ടായേ തീരൂ. വീടുകളിലെയും അയൽപക്കങ്ങളിലെയും ജാഗ്രത, കമ്യൂണിറ്റി പൊലിസിംഗും അങ്കണവാടി/ആശാ വർക്കർമാരുടെ സേവനവും, നിയമസംവിധാനങ്ങളുടെ വേഗത്തിലുള്ള ഇടപെടൽ എന്നിവ വളരെ പ്രധാനമാണ്. എന്നാൽ അതിലൊക്കെ മുഖ്യമാണ് കുട്ടികൾക്കുള്ള ബോധവത്കരണം. ‘ഗുഡ് ടച്ച്, ബാഡ് ടച്ച്’ തിരിച്ചറിയാനും വിശ്വസ്തരായ മുതിർന്നവരോട് കാര്യങ്ങൾ തുറന്നുപറയാനും കുട്ടികളെ പ്രാപ്തരാക്കണം. ഇക്കാര്യം കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമായി പറഞ്ഞിരുന്നു. പ്രാഥമിക വിദ്യാഭ്യാസതലം മുതൽ പ്രായത്തിനനുസൃതമായി ഇക്കാര്യങ്ങൾ പഠിപ്പിക്കണമെന്നാണ് കോടതി നിർദേശിച്ചത്. ലൈംഗിക വിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷാ ബോധവത്കരണവും പഠനത്തിന്റെ ഭാഗമാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. പോക്സോ നിയമത്തെക്കുറിച്ചും കുട്ടികൾക്ക് അറിവു നൽകണം.
പോക്സോ കേസുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന വസ്തുതയും കാണാതിരുന്നുകൂടാ. ഈ വിഷയത്തിലും സുപ്രീംകോടതിയുടെ വ്യക്തമായ മാർഗനിർദേശങ്ങളുണ്ട്. വ്യക്തിവിരോധം തീർക്കാനും കുടുംബവഴക്കുകളുടെ ഭാഗമായും പോക്സോയെ ഉപയോഗിക്കുന്ന ഗൗരവതരമായ അവസ്ഥയുണ്ട്. പോക്സോ കേസുകളിൽ കുട്ടികളുടെ മൊഴികൾ മാത്രം പൂർണമായി ആശ്രയിക്കുമ്പോൾ പ്രോസിക്യൂഷൻ മറ്റ് അടിസ്ഥാന വസ്തുതകൾകൂടി തെളിയിക്കേണ്ടതുണ്ടെന്നാണ് സുപ്രീംകോടതി നിർദേശിച്ചത്. നീതിന്യായ വ്യവസ്ഥ നേരിടുന്ന സങ്കീർണമായ പ്രതിസന്ധിയുടെ നേർക്കാഴ്ചകൂടിയാണിത്. ജാഗ്രത, അങ്ങേയറ്റം ജാഗ്രത എന്നതു മാത്രമാണ് പോംവഴി.
ചുറ്റുമുള്ള കുഞ്ഞുങ്ങളുടെ ഭീതിയും കണ്ണീരും തിരിച്ചറിയാതെ സ്വാർഥതയോടെ മുന്നോട്ടു പോകുന്ന സമൂഹത്തിന് ഒരിക്കലും മാപ്പില്ല. പുലിറ്റ്സർ പുരസ്കാരം നേടിയ ‘ദി കളർ പർപ്പിൾ’ എന്ന നോവലിൽ ആലിസ് വാക്കർ കുറിച്ചതുപോലെ, ‘ഒരു വഴിയിലൂടെ നടന്നുപോകുമ്പോൾ അവിടത്തെ പർപ്പിൾ പൂക്കളെ കാണാതെ പോയാൽ ദൈവത്തിനുപോലും കോപം വരും’. നമ്മുടെ വീടുകളിലും അയൽപക്കങ്ങളിലും വിരിയുന്ന കുരുന്നുപൂക്കൾ ചവിട്ടിയരയ്ക്കപ്പെടുന്നതു കാണാതെപോകുന്ന ഏതൊരു സമൂഹവും വലിയ അപരാധമാണു ചെയ്യുന്നത്.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ കണ്ടിട്ടും മൗനം പാലിക്കുന്ന സമൂഹം കുറ്റവാളികൾക്ക് പരോക്ഷമായി അവസരം നൽകുകയാണ്. ഓരോ കുട്ടിയുടെയും കരച്ചിൽ നമ്മുടെ മനസ്സാക്ഷിയെ ഉണർത്തണം. ഓരോ കുഞ്ഞിന്റെയും സുരക്ഷ നമ്മുടെ സാമൂഹിക ഉത്തരവാദിത്വമായി മാറണം.കുട്ടികളുടെ സുരക്ഷ സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല; കുടുംബത്തിന്റെയും വിദ്യാലയത്തിന്റെയും സമൂഹത്തിന്റെയും കൂട്ടുത്തരവാദിത്വമാണ്.കുഞ്ഞുങ്ങൾ ഭയത്തോടെ വളരേണ്ടവരല്ല; പ്രതീക്ഷയോടെ വളരേണ്ടവരാണ്. അവരുടെ ബാല്യം കണ്ണീരിൽ മുങ്ങാതിരിക്കാനും അവരുടെ സ്വപ്നങ്ങൾ തകർന്നുപോകാതിരിക്കാനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment