·ഹരിതവിജയം തീർത്ത് സജി
കഠിനാധ്വാനവും ആസൂത്രണവും വഴികാട്ടി; പാട്ടഭൂമിയിൽ ഹരിതവിജയം തീർത്ത് സജി
കോട്ടയം കരൂർ പഞ്ചായത്തിലെ ആമേറ്റുപള്ളി സ്വദേശിയായ സജി എന്ന കർഷകൻ ഇന്ന് നാട്ടിലെ ഏവർക്കും മാതൃകയാണ്. പ്രതികൂല കാലാവസ്ഥയും സാമ്പത്തിക വെല്ലുവിളികളും കാർഷിക മേഖലയെ തളർത്തുമ്പോഴും കഠിനാധ്വാനവും കൃത്യമായ ആസൂത്രണവും കൊണ്ട് കൃഷിയിൽ വൻ നേട്ടം കൈവരിക്കുകയാണ് ഇദ്ദേഹം. കരൂരിൽ അഞ്ചു വർഷത്തേക്ക് പാട്ടത്തിനെടുത്ത 70 സെന്റ് സ്ഥലത്താണ് സജി നിലവിൽ പാവൽ, പടവലം, കുറ്റിപ്പയർ എന്നിവ വിജയകരമായി കൃഷി ചെയ്യുന്നത്. ചെത്തുതൊഴിലിനൊപ്പം സമയം കണ്ടെത്തി, കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണയോടെയാണ് ഇദ്ദേഹം ഈ കാർഷിക നേട്ടം കൊയ്യുന്നത്.
കൃത്യമായ പ്രതിരോധ മാർഗ്ഗങ്ങളും ജൈവരീതിയുമാണ് ഇവിടുത്തെ വിളകളുടെ പ്രധാന മേന്മ. മെയ് പകുതിയോടെ മണ്ണ് ഒരുക്കി, കുമ്മായമിട്ട് പുളിപ്പു മാറ്റി അടിസ്ഥാന വളമായി ചാണകപ്പൊടിയും ജൈവവളങ്ങളും നൽകിയാണ് കൃഷി ആരംഭിക്കുന്നത്. രാസകീടനാശിനികൾ പരമാവധി ഒഴിവാക്കി ഈച്ചകളെ നശിപ്പിക്കാൻ ഫെറോമോൺ ട്രാപ്പുകൾ ഉപയോഗിക്കുന്നു. അതിനാൽ തന്നെ ഇവിടെ ഉൽപ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികൾക്ക് പാലായിലെ ഹോൾസെയിൽ കടകളിലും പ്രാദേശിക വിപണിയിലും വൻ ആവശ്യക്കാരാണുള്ളത്.
പച്ചക്കറി കൃഷിയിൽ മാത്രം ഒതുങ്ങിനിൽക്കാതെ കരിമ്പ് കൃഷിയിലും സജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പച്ചക്കറി വിളവെടുപ്പ് പൂർത്തിയാകുന്നതോടെ ഇതേ സ്ഥലത്ത് അടുത്ത ഘട്ടമായി കരിമ്പ് കൃഷിയിറക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ഉൽപ്പാദിപ്പിക്കുന്ന കരിമ്പ് വെമ്പിള്ളിയിലെ മെഷീനിൽ നൽകി സ്വന്തമായി 'കരിവ് ശർക്കര' എന്ന പേരിൽ ഓർഗാനിക് ശർക്കര നിർമ്മിച്ച് വിപണിയിലെത്തിക്കാനും സജിക്ക് സാധിക്കുന്നു. കരൂർ കൃഷിഭവന്റെ പൂർണ്ണ പിന്തുണയോടെ കൂടുതൽ സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് കൃഷി കൂടുതൽ വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കർഷകൻ.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment