ഓണാഘോഷം – റിപ്പോർട്ട്
2026
ഓഗസ്റ്റ് 22-ന് കുരാക്കാരൻ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ കിഴക്കേത്തെരുവ് കുരാക്കാരൻ കമ്മ്യൂണിറ്റി കേന്ദ്രത്തിൽ കുടുംബസംഗമവും ഓണാഘോഷവും വിവിധ പരിപാടികളോടെ നടത്തി.
2026
ഓഗസ്റ്റ് 16-ന് അന്തരിച്ച, “കേരളത്തിന്റെ മദർ തെരേസ” എന്നറിയപ്പെട്ടിരുന്ന ചിന്നമ്മ ജോൺ അമ്മച്ചിയെ അനുസ്മരിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. കുടുംബയോഗത്തിന്റെ മുൻ പ്രസിഡന്റും രക്ഷാധികാരിയുമായ പ്രൊഫ. ജോൺ കുരാക്കാർ ചിന്നമ്മ ജോൺ അമ്മച്ചിയുടെ സ്നേഹപൂർണ്ണമായ സേവനങ്ങളെയും സാമൂഹിക പ്രവർത്തനങ്ങളെയും അനുസ്മരിച്ചുകൊണ്ട് ആമുഖ പ്രസംഗം നടത്തി.
ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ കുരാക്കാരൻ മാവേലി രാവിലെ 9 മണിക്ക് മുമ്പുതന്നെ കുരാക്കാരൻ കമ്മ്യൂണിറ്റി കേന്ദ്രത്തിൽ എത്തിച്ചേർന്നു. മാവേലിയായി വേഷമിട്ട് പരിപാടിയിൽ പങ്കെടുത്ത മുൻ പോലീസ് ഓഫീസർ ശ്രീ. ജോസ് എബ്രഹാമിന് കുടുംബയോഗം പ്രത്യേകം നന്ദി രേഖപ്പെടുത്തി.
തുടർന്ന് നടന്ന വിവിധ ഓണ മത്സരങ്ങളും ചോദ്യോത്തര പരിപാടികളും അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ഏറെ ആവേശകരമായി. മുതിർന്നവർക്കായി നടത്തിയ കസേരകളി
മൂന്ന് വിഭാഗങ്ങളിലായി സംഘടിപ്പിച്ചു. കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ പരിപാടികളിൽ പങ്കെടുത്തു.
മതപ്രഭാഷകനും സാമൂഹ്യചിന്തകനുമായ അഡ്വ. എൻ. സതീഷ് ചന്ദ്രൻ മനോഹരമായ ഓണസന്ദേശം നൽകി. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശമാണ് ഓണം പകരുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
മാർത്തോമാ സഭ മാനേജിംഗ് കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ. ഡോ. ജേക്കബ് തോമസിനെ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
തുടർന്ന് എല്ലാവരും ഒരുമിച്ച് ഓണസദ്യ ആസ്വദിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് ഓണസമ്മാനങ്ങളും വിതരണം ചെയ്തു. സന്തോഷവും സൗഹൃദവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ആഘോഷം ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെ സമാപിച്ചു.
പരിപാടിയുടെ വിജയത്തിനായി പ്രോഗ്രാം കൺവീനറായി പ്രവർത്തിച്ച പ്രൊഫ. ജോൺ കുരാക്കാറിന് കുടുംബയോഗം ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. പരിപാടിയിലേക്ക് സമ്മാനങ്ങൾ സ്പോൺസർ ചെയ്ത ജയ സ്റ്റീൽ
ഹൗസിനും പ്രത്യേക നന്ദി അറിയിച്ചു.
കുടുംബാംഗങ്ങളുടെ സ്നേഹവും സഹകരണവും ഒത്തുചേർന്ന ഈ ഓണാഘോഷം കുരാക്കാരൻ കുടുംബത്തിന്റെ ഐക്യവും സൗഹൃദവും കൂടുതൽ ഊട്ടിയുറപ്പിക്കുന്ന മനോഹരമായ ഒരു കുടുംബസംഗമമായി മാറി.
സെക്രട്ടറി
കുരാക്കാരൻ കുടുംബയോഗം









No comments:
Post a Comment