നേപ്പാളിനായി പ്രാർത്ഥിക്കാം
നേപ്പാളിൽ നിന്ന് ഹൃദയഭേദകമായ വാർത്തകളാണ് ഓരോ നിമിഷവും പുറത്തുവരുന്നത്. വിനാശകരമായ മിന്നൽപ്രളയത്തിൽ അഞ്ഞൂറിലേറെപ്പേർക്ക് ജീവൻ നഷ്ടമായതായും ആയിരക്കണക്കിന് മനുഷ്യരെ കാണാതായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ഈ തീരാവേദന അതിജീവിക്കാനുള്ള ശക്തിയും ആശ്വാസവും സർവശക്തനായ ദൈവം നൽകട്ടെ. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ, കാണാതായവരെ സുരക്ഷിതരായി കണ്ടെത്തുവാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഭവനങ്ങളും ജീവനോപാധികളും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ലോകസമൂഹം ഐക്യദാർഢ്യത്തോടെ മുന്നോട്ടുവരണം.
പ്രതികൂല സാഹചര്യങ്ങൾക്കിടയിലും രക്ഷാ–ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഭരണകൂടത്തെയും സൈനികരെയും ആരോഗ്യപ്രവർത്തകരെയും സന്നദ്ധസേവകരെയും അഭിനന്ദിക്കുന്നു. അവരുടെ സേവനങ്ങൾ ഫലപ്രദമാകട്ടെ. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും ഉറ്റവരുടെയും ദുഃഖത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പങ്കുചേരുന്നു.
“കരയുന്നവരോടുകൂടെ കരയുവിൻ” (റോമർ 12:15) എന്ന തിരുവചനത്തിന്റെ ആത്മാവിൽ, ദുരന്തബാധിതരായ നേപ്പാൾ ജനതയോടൊപ്പം പ്രാർത്ഥനയിലും ഐക്യദാർഢ്യത്തിലും നിലകൊള്ളാം. ആ രാജ്യത്തിനായി പ്രാർത്ഥിക്കാം. നേപ്പാൾ ജനതയ്ക്ക് ഈ മഹാദുരന്തത്തെ അതിജീവിക്കുവാനും ജീവിതം പുനർനിർമ്മിക്കുവാനും ദൈവം കരുത്തേകട്ടെ.
-ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ

No comments:
Post a Comment